KERALAMLATEST NEWS

പതിവ് പായസവും കേക്കും മാത്രം: കേരളത്തിന്റെ ഫിഡല്‍ കാസ്ട്രോ വിഎസിന് ഇന്ന് 101 വയസ് പൂർത്തിയായി

തിരുവനന്തപുരം: കേരളത്തിന്റെ ഫിഡൽ കാസ്ട്രോ വിഎസ് അച്യുതാനന്ദന് ഇന്ന് 101 വയസ് പൂർത്തിയായി. ആഘോഷങ്ങളൊന്നുമില്ലാതെയാണ് പിറന്നാൾ കടന്നുപോകുന്നതെങ്കിലും ലഡുവിതരണം ഉൾപ്പെടെ നടത്തി പാർട്ടി പ്രവർത്തകരും അദ്ദേഹത്തെ നെഞ്ചേറ്റുന്നവരും പിറന്നാൾ ആഘോഷമാക്കുന്നുണ്ട്. വിഎസിന്റെ ചിത്രം പതിച്ച ബാഡ്ജുധരിച്ചാണ് പ്രവർത്തകർ എത്തിയത്.

വിഎസിന് പിറന്നാൾ ആശംസകൾ നേരാൻ ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള, മന്ത്രിമാരായ ജി ആർ അനിൽ, വി ശിവൻകുട്ടി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, പോളിറ്റ് ബ്യൂറോ മുൻ അംഗം എസ് രാമചന്ദ്രൻ പിള്ള തുടങ്ങി നിരവധി പ്രമുഖർ ബാർട്ടൺഹില്ലിലെ വീട്ടിലെത്തിയിരുന്നു. ഫോണിലൂടെയും പ്രമുഖർ ഉൾപ്പെടെ നിരവധിപേർ ആശംസകൾ അർപ്പിക്കുന്നുണ്ട്.

‘എല്ലാ ജന്മദിനത്തിലും പായസം വയ്ക്കാറുണ്ട്. ഇത്തവണയും പായസമുണ്ടാകും.പിന്നെ കേക്കുമുറിക്കും. ആ പതിവുകൾ ഇത്തവണയും തെറ്റിക്കില്ല. അല്ലാതെ വേറെ ആഘോഷങ്ങൾ ഒന്നുമില്ല’ എന്നാണ് മകൻ അരുൺകുമാർ ഒരു മാദ്ധ്യമത്തോട് പറഞ്ഞത്.

ആരോഗ്യകാരണങ്ങളാൽ അഞ്ചുവർഷമായി പൊതുരംഗത്തുനിന്ന് മാറിനിൽക്കുകയാണെങ്കിലും വിഎസ് എന്ന രണ്ടക്ഷരത്തെ കേരളം ഇപ്പോഴും നെഞ്ചേറ്റുന്നുണ്ട്. 2019 ലെ പിറന്നാൾ ദിനത്തിന് തൊട്ടുമുമ്പുണ്ടായ പക്ഷാഘാതമാണ് വിഎസിന്റെ ആരോഗ്യത്തിന് വില്ലനായി എത്തിയത്. എന്നാൽ പതിയെ പക്ഷാഘാതത്തെ അതിജീവിച്ച അദ്ദേഹം വലതുകൈയുടെ സ്വാധീനം വീണ്ടെടുത്തു. 2021 നവംബറിൽ വൃക്കത്തകരാറിനെത്തുടർന്ന് വീണ്ടും ആശുപത്രിയിലായി. എന്നാൽ രോഗങ്ങൾക്കൊന്നിനും അദ്ദേഹത്തെ തോൽപ്പിക്കാനായില്ല.

ഇപ്പോൾ എല്ലാദിവസവും രാവിലെ എട്ടുമണിയോടെ എണീക്കും. തുടർന്ന് കേരളകൗമുദി ഉൾപ്പെടെ നാലുപത്രങ്ങൾ വായിച്ചുകേൾക്കും. രാവിലെയും വൈകിട്ടും വീൽച്ചെയറിൽ വീടിന്റെ വരാന്തയിൽ വന്നിരിക്കുന്നതും അദ്ദേഹത്തിന്റെ പതിവാണ്. തിരുവനന്തപുരം നഗരത്തിലെ ബാർട്ടൺഹില്ലിൽ മകൻ അരുൺകുമാർ പണികഴിപ്പിച്ച വേലിക്കകത്ത് വീട്ടിലാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വിഎസ് വിശ്രമജീവിതം നയിക്കുന്നത്.


Source link

Related Articles

Back to top button