സെെബർ അധിക്ഷേപം; പിപി ദിവ്യയുടെ ഭർത്താവിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്
കണ്ണൂർ: സെെബർ അധിക്ഷേപം നടത്തിയെന്ന കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ ഭർത്താവ് അജിത്തിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്. പിപി ദിവ്യക്കെതിരെ സെെബർ അധിക്ഷേപം നടത്തിയ ആൾക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സാമൂഹിക മാദ്ധ്യമത്തിൽ വീഡിയോയിലൂടെ അധിക്ഷേപം നടത്തിയെന്നാണ് ഭർത്താവിന്റെ പരാതി. കണ്ണപുരം സ്റ്റേഷനിലാണ് അജിത്ത് പരാതി നൽകിയത്.
അതേസമയം, എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ പിപി ദിവ്യ മുൻകൂർ ജാമ്യാപേക്ഷയിൽ ഉയർത്തിയ വാദങ്ങൾ ഒന്നൊന്നായി പൊളിയുന്നു. നവീൻ ബാബു ഫയലുകൾ വൈകിപ്പിക്കുന്നു എന്ന് പലരിൽ നിന്നും പരാതി ലഭിച്ചിട്ടുണ്ട്, പ്രശാന്തന് പുറമേ ഗംഗാധരൻ എന്നയാളും നവീൻ ബാബുവിനെതിരെ പരാതി പറഞ്ഞിരുന്നു എന്നുമാണ് ദിവ്യ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്. എന്നാൽ, പണം വാങ്ങിയെന്നോ അഴിമതി നടത്തിയെന്നോ വിജിലൻസിന് നൽകിയ പരാതിയിൽ പറഞ്ഞിട്ടില്ലെന്നാണ് കുറ്റിയാട്ടൂരിലെ റിട്ടയേർഡ് അദ്ധ്യാപകനായ കെ ഗംഗാധരൻ പറയുന്നത്. ഇപ്പോഴത്തെ വിവാദങ്ങളുമായി പരാതിക്ക് ബന്ധമില്ലെന്നും ഗംഗാധരൻ വ്യക്തമാക്കി.
എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് കലക്ടർ ക്ഷണിച്ചതിനാലാണ് എത്തിയത്, പെട്രോൾ പമ്പ് തുടങ്ങാനിരുന്ന പ്രശാന്തന് എൻഒസി ലഭിക്കാൻ പണം ചെലവഴിക്കേണ്ടിവന്നു, നവീൻ ബാബുവിനെതിരെ കെഗംഗാധരൻ സെപ്തംബർ 4ന് വിജിലൻസിന് പരാതി നൽകിയിട്ടുണ്ട് എന്നീ കാര്യങ്ങളാണ് തന്റെ വാദങ്ങൾ സമർത്ഥിക്കാൻ ദിവ്യ പ്രധാനമായി നിരത്തിയിരുന്നത്. യോഗത്തിലേക്ക് ക്ഷണിക്കാതെയാണ് ദിവ്യ എത്തിയെന്ന് കലക്ടർ ആദ്യദിവസംതന്നെ റിപ്പോർട്ട് നൽകിയിരുന്നു. ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കലക്ടർ ഇന്നലെ മൊഴിയും നൽകി. ഇതോടെ ക്ഷണിച്ചിട്ടാണ് യോഗത്തിൽ എത്തിയതെന്ന വാദം തീർത്തും ദുർബലമായി.
Source link