ഇതുതാൻ കേരള പൊലീസ്, ഒറ്റ രാത്രികൊണ്ട് പൊക്കി അകത്താക്കിയത് മൂന്ന് പിടികിട്ടാപ്പുള്ളികളടക്കം 70 പ്രതികളെ

കാസർകോട്: കാസർകോട് പൊലീസ് ഒരു രാത്രി മുഴുവൻ നീണ്ടുനിന്ന സാഹസിക നീക്കത്തിൽ കുടുക്കിയത് കോടതിയിലും പൊലീസിലും ഹാജരാകാതെ നാട്ടിലും വിദേശത്തുമായി മുങ്ങിനടന്ന 70 വാറന്റ് പ്രതികളെ. കാസർകോട് ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പയുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച മിന്നൽ റെയ്‌ഡിലാണ് പലരും പിടിയിലായത്.
വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്‌ച പുലർച്ചെ വരെ നീണ്ടുനിന്ന 10 മണിക്കൂർ സ്‌പെഷ്യൽ ഡ്രൈവിൽ ഒളിസങ്കേതങ്ങളിൽ കഴിയുന്നവർ അടക്കം കുടുങ്ങി. ഇത്രയും വാറന്റ് പ്രതികളെ ഒറ്റരാത്രി കൊണ്ട് വലയിലാക്കിയ ഓപ്പറേഷൻ അടുത്ത കാലത്തൊന്നും നടത്തിയിട്ടില്ല.
ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എം. സുനിൽകുമാറിന്റെ നിരീക്ഷണത്തിൽ നടത്തിയ ഓപ്പറേഷനിൽ കാസർകോട് ഡിവൈ.എസ്.പി സി.കെ സുനിൽകുമാർ, ബേക്കൽ ഡിവൈ.എസ്.പി വി.വി മനോജ്, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് എന്നിവർ അതാത് സബ് ഡിവിഷൻ പരിധിയിൽ സ്‌പെഷ്യൽ ഡ്രൈവിന് നേതൃത്വം നൽകി.
പൊലീസ് സ്റ്റേഷനുകളിലെ ഇൻസ്‌പെക്ടർമാർ, എസ്.ഐ മാർ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ റെയ്‌ഡിൽ പങ്കാളികളായി. മൂന്ന് പിടികിട്ടാപ്പുള്ളികൾ അടക്കം 70 പേരെയാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി ജയിലിൽ പൂട്ടിയത്.ഏറ്റവും കൂടുതൽ വാറന്റ് പ്രതികൾ പിടിയിലായത് ഹോസ്ദുർഗ്, ചന്തേര പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നാണ്. രണ്ടിടത്തും നടത്തിയ ഓപ്പറേഷനിൽ 12 പ്രതികളെ വീതം അറസ്റ്റുചെയ്തു. കാസർകോട് നിന്ന് രണ്ട് പിടികിട്ടാപുള്ളികളെയും ബേക്കൽ നിന്ന് ഒരു പിടികിട്ടാപ്പുള്ളിയെയും അറസ്റ്റുചെയ്തു.
സബ് ഡിവിഷനുകളിൽ പിടിയിലായവർ
കാസർകോട് -22
ബേക്കൽ -22
കാഞ്ഞങ്ങാട് -26
Source link