വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കനക്കും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെയും മറ്റന്നാളും പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ടാണ്. 23-ാം തീയതി കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഒക്ടോബർ 20 മുതൽ 23 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് നിലനിൽക്കുന്നു. കേരളത്തിലെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യതയുണ്ട്. കേരള തീരത്ത് നാളെ (21/10/2024) രാത്രി 11.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാദ്ധ്യതയുണ്ട്. കന്യാകുമാരി തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകി.
ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതലുകൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില് നിന്നും വിട്ടുനിൽക്കരുത്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാദ്ധ്യത വർധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
Source link