തിരുവനന്തപുരം: മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ 101-ാമത് പിറന്നാൾ ദിനമാണ് ഇന്ന്. പതിവുപോലെ ഇത്തവണയും വിഎസിന്റെ പിറന്നാളിന് വലിയ ആഘോഷങ്ങളൊന്നുമില്ലായിരുന്നു. എന്നാൽ അദ്ദേഹത്തെ നെഞ്ചിലേറ്റുന്ന പാർട്ടി പ്രവർത്തകരും നാട്ടുകാരും പിറന്നാൾ ആഘോഷമാക്കി. ലഡു വിതരണം ചെയ്തും, വി എസിന്റെ ചിത്രങ്ങളുളള ബാഡ്ജും ധരിച്ചുമാണ് പാർട്ടി പ്രവർത്തകർ അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷമാക്കിയത്. ഇപ്പോഴിതാ വിഎസിന്റെ പിറന്നാൾ കേക്കിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് മകൻ അരുൺ കുമാർ വി എ.
‘ഒരു കമ്യൂണിസ്റ്റിനെ കാണിച്ചുതരൂ എന്നാരെങ്കിലും ആവശ്യപ്പെട്ടാൽ ചൂണ്ടിക്കാണിക്കാൻ നൂറ്റൊന്നാം വയസ്സിലേക്ക് പ്രവേശിക്കുന്ന ഒരു പൊരുതുന്ന മനുഷ്യൻ, എന്റെ അച്‌ഛൻ എനിക്ക് മുമ്പിൽ ഇപ്പോഴുമുണ്ട്’ അരുൺ കുമാർ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. പോസ്റ്റിന് മികച്ച പ്രതികരണങ്ങളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
വിഎസിന് പിറന്നാൾ ആശംസകൾ നേരാൻ ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള, മന്ത്രിമാരായ ജി ആർ അനിൽ, വി ശിവൻകുട്ടി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, പോളിറ്റ് ബ്യൂറോ മുൻ അംഗം എസ് രാമചന്ദ്രൻ പിള്ള തുടങ്ങി നിരവധി പ്രമുഖർ ബാർട്ടൺഹില്ലിലെ വീട്ടിലെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സോഷ്യൽമീഡിയയിലൂടെ പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നു.
ആരോഗ്യകാരണങ്ങളാൽ അഞ്ചുവർഷമായി പൊതുരംഗത്തുനിന്ന് മാറിനിൽക്കുകയാണെങ്കിലും വിഎസ് എന്ന രണ്ടക്ഷരത്തെ കേരളം ഇപ്പോഴും നെഞ്ചേറ്റുന്നുണ്ട്. 2019 ലെ പിറന്നാൾ ദിനത്തിന് തൊട്ടുമുമ്പുണ്ടായ പക്ഷാഘാതമാണ് വിഎസിന്റെ ആരോഗ്യത്തിന് വില്ലനായി എത്തിയത്. എന്നാൽ പതിയെ പക്ഷാഘാതത്തെ അതിജീവിച്ച അദ്ദേഹം വലതുകൈയുടെ സ്വാധീനം വീണ്ടെടുത്തു. 2021 നവംബറിൽ വൃക്കത്തകരാറിനെത്തുടർന്ന് വീണ്ടും ആശുപത്രിയിലായി. എന്നാൽ രോഗങ്ങൾക്കൊന്നിനും അദ്ദേഹത്തെ തോൽപ്പിക്കാനായില്ല.
Source link