പത്തനംതിട്ട : എ.ഡി.എം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക്, ജില്ലാകളക്ടർ അരുൺ കെ.വിജയൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയെ ക്ഷണിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്ന ആരോപണവുമായി നവീനിന്റെ ഭാര്യ മഞ്ജുഷയുടെ അമ്മാവൻ ബാലകൃഷ്ണൻ.
കളക്ടറേറ്റിലും ദിവ്യയുടെ ഭരണമായിരുന്നു എന്ന് വേണം കരുതാൻ. കളക്ടർക്ക് അവരെ ഭയമായിരുന്നു. അതുകൊണ്ടാകാം നവീൻ ബാബുവിനെ ദിവ്യ അപമാനിക്കുമ്പോഴും കളക്ടർ നിശബ്ദനായിരുന്നത്. സംഭവത്തിനുശേഷമെങ്കിലും കളക്ടർക്ക് ആശ്വാസവാക്ക് പറയാമായിരുന്നു – ബാലകൃഷ്ണൻ പറഞ്ഞു.
ഒരു അവധി പോലും കളക്ടർ നൽകില്ലായിരുന്നുവെന്ന് നവീൻ മുമ്പ് പറഞ്ഞിട്ടുണ്ട്, അവധി ലഭിച്ചാൽ തന്നെ തിരികെ വിളിക്കും. ജോലിഭാരം മുഴുവൻ ഏൽപ്പിച്ചിരുന്നത് നവീനിനെ ആയിരുന്നു. വലിയ സമ്മർദ്ദം ഉണ്ടെന്നും നാട്ടിലേക്കുള്ള സ്ഥലംമാറ്റത്തെ ബാധിക്കാതിരിക്കാൻ ആരോടും പിണക്കമില്ലാതെ തുടരുകയാണെന്നും നവീൻ പറഞ്ഞിരുന്നു.
പലപ്പോഴും നാട്ടിലേക്ക് സ്ഥലമാറ്റത്തിന് ശ്രമിച്ചെങ്കിലും തഴയപ്പെട്ടു.
കഴിഞ്ഞദിവസം കുടുംബത്തിന് കളക്ടർ അയച്ച കത്തിൽ എട്ട് മാസം നവീനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന് പരാമർശിച്ചിരുന്നു. എന്നാൽ സൗഹൃദ അന്തരീക്ഷം ആയിരുന്നില്ല കളക്ടറേറ്റിൽ. അപമാനം സഹിക്കവയ്യാതെയാണ് നവീൻ ഇങ്ങനെ ചെയ്തത്. അഴിമതിക്കാരനായി അവൻ ജീവിച്ചിട്ടില്ല. ആർഭാടക്കാരനുമായിരുന്നില്ല. സാധാരണക്കാരനായാണ് ജീവിച്ചത്. പണത്തോട് ഒരു ആർത്തിയും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം ഓമല്ലൂർ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയാണ് ബാലകൃഷ്ണൻ.
”വിരമിക്കാൻ ഏഴ് മാസം മാത്രമായിരുന്നു നവീൻ ബാബുവിന് ശേഷിച്ചത്. സർവീസിന്റെ അവസാന നാളുകൾ നാട്ടിലാവണമെന്ന് ആഗ്രഹിച്ചിരുന്നു. ആ സന്തോഷത്തിലായിരുന്നു നവീനും കുടുംബവും. ദിവ്യയുടെ വാക്കുകൾ എല്ലാം തല്ലിക്കെടുത്തി.”
–ബാലകൃഷ്ണൻ
Source link