ഗുസ്‌തിയിൽ മോഹൻലാലിനെ തോൽപ്പിച്ച പൊലീസുകാരൻ, സിനിമയിൽ അല്ല ജീവിതത്തിൽ

മോഹൻലാലിന്റെ ഫൈറ്റിനെ കുറിച്ച് പ്രേക്ഷകരോട് പ്രത്യേകിച്ച് എന്തെങ്കിലും പറയേണ്ട കാര്യമില്ല. എത്രയോ ചിത്രങ്ങൾ ഉദാഹരണം. റിയൽ ലൈഫിൽ ഗുസ്തി താരം കൂടിയായിരുന്നു മോഹൻലാൽ. ആ മെയ്‌വഴക്കം തന്നെയാണ് പലപ്പോഴും അദ്ദേഹത്തെ അനായാസമായി സിനിമയിൽ ഫൈറ്റ് ചെയ്യാൻ സഹായിച്ചതും.
ലാലിനൊപ്പം കോളേജ് കാലത്ത് ഗുസ്തിയിൽ മത്സരിച്ച ഒരു പൊലീസുകാരനുണ്ട്. റിട്ടയേർഡ് ഐപിഎസ് ഉദ്യോഗസ്ഥനായ കെ.എം ആന്റണി. മത്സരിക്കുക മാത്രമല്ല സാക്ഷാൽ മോഹൻലാലിനെ തോൽപ്പിക്കുക കൂടി ചെയ‌്ത ചാംമ്പ്യനാണ് അദ്ദേഹം. ആ മത്സരത്തെ കുറിച്ച് ആന്റണി തന്നെ പറയുന്നു.
”ഞാൻ ജനിച്ചത് കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ ചേനപ്പാടി എന്ന ഗ്രാമത്തിലാണ്. ഇവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രീഡിഗ്രി കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിസ് കോളേജിലും, ഡിഗ്രി പാലാ സെന്റ് തോമസ് കോളേജിലും. കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നത് പതിവായിരുന്നു. അക്കാലത്ത് യൂണിവേഴ്‌സിറ്റി തലത്തിൽ പ്രഗത്ഭരായ ഗുസ്തി താരങ്ങളുള്ള കോളേജ് ആയിരുന്നു പാലാ സെന്റ് തോമസ് കോളേജ്. ആ ടീമിലേക്ക് എനിക്ക് പ്രവേശനം ലഭിക്കുകയും പരിശീലനം നേടുകയും ചെയ‌്തു. പല മത്സരങ്ങളിലും പങ്കെടുക്കുകയും വിജയിക്കുകയും ചെയ‌്തിരുന്നു.
1980ൽ കേരള യൂണിവേഴ്‌സിറ്റിയുടെ റസ്‌ലിംഗ് ടീമിന്റെ ക്യാപ്‌ടനായിരുന്നു ഞാൻ. ബനാറസിൽ വച്ച് നടന്ന മത്സരത്തിൽ ഞാൻ ആയിരുന്നു ക്യാപ്‌ടൻ. അക്കാലത്ത് മത്സരത്തിന് മോഹൻലാലും എത്തിയിരുന്നു. ബികോമിന് തിരുവനന്തപുരം എംജി കോളേജിൽ പഠിക്കുകയാണ് അദ്ദേഹം. പത്തൊൻപതോ ഇരുപതോ വയസ് പ്രായം. ഗുസ്തി മത്സരത്തിന് ഞാൻ ഇറങ്ങുന്ന അതേ വെയിറ്റ് കാറ്റഗറിയിലാണ് മോഹൻലാലും ഇറങ്ങുന്നത്. ഞങ്ങൾ തമ്മിൽ ഏറ്റുമുട്ടി. 36 സെക്കന്റ് കൊണ്ട് മോഹൻലാലിനെ കീഴ്‌പ്പെടുത്തി.
അതിന് ശേഷം കണ്ണൂരിൽ നടന്ന സ്‌റ്റേറ്റ് മീറ്റിൽ ഞങ്ങൾ വീണ്ടും കണ്ടു. മോഹൻലാൽ എന്റെ അടുത്തു വന്ന് ചോദിച്ചു ”നീ ഏത് വെയിറ്റ് പിടിച്ചാൽ നിനക്ക് ജയിക്കാൻ പറ്റും? ഞാൻ ഈ വെയിറ്റ് പിടിച്ചോട്ടെ? ” എന്റെ വെയിറ്റിൽ തന്നെയേ ഞാൻ പിടിക്കുള്ളൂ എന്ന മറുപടിയാണ് നൽകിയത്. ഒരു കാര്യം ചെയ്യാം. വെയിറ്റ് കൂട്ടിപിടിക്ക് എന്ന് ഞാൻ പറഞ്ഞു. ഗുസ്‌തിയിൽ വെയിറ്റ് കൂട്ടി മത്സരത്തിനിറങ്ങാം. കുറഞ്ഞ കാറ്റഗറിയിലേക്ക് പോകാൻ പറ്റില്ല. അപ്രകാരം മോഹൻലാൽ ചെയ‌്തു. അദ്ദേഹം ഭക്ഷണം കഴിച്ച് ശരീരഭാരം കൂട്ടി ഉയർന്ന കാറ്റഗറിയിൽ മത്സരത്തിനിറങ്ങി. അങ്ങനെ മോഹൻലാൽ ഹെവി വെയിറ്റ് കാറ്റഗറിയിൽ ഒന്നാം സമ്മാനവും, ഞാൻ ലൈറ്റ് വെയിറ്റ് കാറ്റഗറിയിൽ ഒന്നാം സമ്മാനവും നേടി”.
Source link