കസ്‌റ്റമേഴ്‌സിന്റെ ശ്രദ്ധയ‌്‌ക്ക്, പരമാവധി ഇവരുടെ കോൾ എടുക്കാതിരിക്കുകയോ ഓർഡർ കാൻസലോ ചെയ്യരുത് ; ശിക്ഷ കഠിനമാണ്

ഗുരുഗ്രാമിലെ ഒരു മാളിൽ ഓർഡർ എടുക്കാൻ എത്തിയതായിരുന്നു സൊമാറ്റോ ജീവനക്കാരനായ ഒരു യുവാവ്.അയാളോട് അകത്തേക്ക് പ്രവേശിക്കാനാവില്ലെന്നു പറഞ്ഞ മാളിലെ ജീവനക്കാരി പുറത്തേക്കുള്ള വഴി ചൂണ്ടിക്കാണിച്ചു. പുറത്ത് വേറെ ലിഫ്റ്റുണ്ടാകുമെന്നാണ് യുവാവ് കരുതിയത്.എന്നാൽ,ഡെലിവറി ജീവനക്കാർ കോണിപ്പടി കയറിപ്പോകണമെന്നാണ് ജീവനക്കാരി പറഞ്ഞത്. ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കാൻ വേഷം മാറിയെത്തിയ സൊമാറ്റോ സി.ഇ.ഒ ദീപിന്ദർ ഗോയലായിരുന്നു ആ യുവാവ്. മൂന്നുനിലകൾ ഓടിക്കിതച്ച് കയറി ഓർഡറെടുത്ത ഗോയൽ സമൂഹമാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവച്ചു. കൊവിഡു കാലത്താണ് സ്വിഗി,സൊമാറ്റോ ഉൾപ്പെടെയുള്ള ഓൺലൈൻ ഫുഡ്‌ഡെലിവറി പ്ലാറ്റ്ഫോമുകൾ കേരളത്തിൽ ജനപ്രീതി നേടിയത്. ഒരൊറ്റ ക്ലിക്കിൽ ഇഷ്ടഭക്ഷണം തീൻമേശയിലെത്തുമ്പോൾ,അത് എത്തിക്കുന്നവരുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

തളരുമ്പോൾ ഇരിക്കണ്ടേ?

ഓൺലൈനിൽ ഭക്ഷണമെത്തിക്കുന്നവർ ഡെലിവറി പാർട്ണർമാർ അഥവാ ഗിഗ് വർക്കേഴ്സ് എന്നാണ് അറിയപ്പെടുന്നത്.ഡെലിവറി പാർട്ണർ എന്നാണ് പേരെങ്കിലും ഭിക്ഷക്കാരോടെന്നപോലെയാണ് ചിലരൊക്കെ പെരുമാറുന്നതെന്ന് ജീവനക്കാർ പറയുന്നു.ആവശ്യക്കാർ ഓർഡർ കൊടുക്കുമ്പോൾ ഹോട്ടലുകൾ ഭക്ഷണം തയാറാക്കിയ ശേഷമാണ് ഡെലിവറി പാർട്ണർമാർക്ക് സന്ദേശം നൽകേണ്ടത്. എന്നാൽ,പലയിടത്തും അതിന് മുൻപേ ‘ഭക്ഷണം റെഡി’എന്ന സന്ദേശം നൽകുന്നതിനാൽ ഹോട്ടലിന് മുന്നിൽ കാത്തുകെട്ടിക്കിടക്കണം.അകത്തേക്ക് കയറാൻ ഇവർക്ക് അനുവാദമില്ല.തളർന്നാൽ ഇരിക്കാനിടമില്ല.ഹോട്ടലുകളിൽ ഭക്ഷണം പാകംചെയ്യാൻ വൈകിയാലും ഉപഭോക്താക്കളുടെ പഴി കേൾക്കണം. ചിലപ്പോൾ കൈയേറ്റം ചെയ്യും. ലൊക്കേഷനിലെത്തി ഉപഭോക്താവ് കാൾ എടുക്കാതെ ഓർഡർ ക്യാൻസലായാലും മോശം റിവ്യൂ വന്നാലും ജീവനക്കാരന്റെ ഭാഗം ചോദിക്കാതെ കമ്പനി ഫൈനടിക്കും.

റിസ്ക്കെടുത്ത് ഓടണം

കൂടുതൽ ഓർഡറുകൾ എടുക്കുന്നവർക്ക് ഇൻസെന്റീവ് ലഭിക്കും. അടുത്തിടെ പല കമ്പനികളിലും ടാർഗെറ്റ് വർദ്ധിപ്പിച്ചു. ഇക്കാരണത്താൽ മഴയും വെയിലും കൂസാതെ റിസ്ക്കെടുത്ത് വാഹനം ഓടിക്കാൻ ജീവനക്കാർ നി‌ർബന്ധിതരാകുന്നു. പെട്രോളിന് വില കുറവായിരുന്നപ്പോൾ ഓരോ അഞ്ചുകിലോമീറ്ററിനും 25 രൂപയായിരുന്നു ഇവർക്ക് ലഭിച്ചിരുന്നത്. പെട്രോൾ വിലയും അവശ്യസാധനങ്ങളുടെ വിലയും വർദ്ധിച്ചിട്ടും ഇതോ ഇതിൽ താഴെയോ മാത്രമാണ് ലഭിക്കുന്നത്.ജീവനക്കാർക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകാതിരിക്കാൻ കമ്പനികൾ പരമാവധി ശ്രമിക്കും. രണ്ടുവർഷംമുൻപ് കഴക്കൂട്ടത്ത് മരിച്ച ഡെലിവറി ജീവനക്കാരന് ഇൻഷ്വറൻസ് നൽകാൻ അച്ഛന്റെ സമ്മതപത്രം കമ്പനി ആവശ്യപ്പെട്ടു.വർഷങ്ങൾക്കു മുൻപ് അച്ഛൻ ഉപേക്ഷിച്ചുപോയതാണെന്ന് പറഞ്ഞെങ്കിലും കമ്പനി വഴങ്ങിയില്ല.നീണ്ട പോരാട്ടത്തിനൊടുവിൽ രണ്ടുമാസം മുൻപാണ് ഇൻഷ്വറൻസ് അനുവദിച്ചത്.

സുരക്ഷയെവിടെ?

രാത്രിയിൽ ഫുഡ്‌ഡെലിവറി ചെയ്യുന്ന സ്ത്രീകൾക്കു നേരെ മോശമായ പെരുമാറ്റവും ഉണ്ടാവാറുണ്ട്. പല ഹോട്ടലുകളിലും ടോയ്ലെറ്റ് ഉപയോഗിക്കാൻ അനുവദിക്കില്ല. പുറത്തുള്ള ടോയ്‌ലെറ്റ് പോലും പൂട്ടിയിടും. ചോദിച്ചാൽ,അത് ഭക്ഷണം കഴിക്കാനെത്തുന്നവർക്കാണെന്നു പറയും.10 മണിക്കൂർ ഓടുന്നവ‌ർക്ക് പോലും പെട്രോൾ തുക കിഴിച്ചാൽ 400 രൂപയാണ് പ്രതിദിനം കിട്ടുന്നത്.യൂണിഫോമും ബാഗും ഉൾപ്പെടെ പണം കൊടുത്താണ് വാങ്ങേണ്ടത്.

ഗിഗ്-തൊഴിലാളികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ നിയമനിർമ്മാണം ഈ നിയമസഭയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.നഗരസഭയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്കായി വിശ്രമകേന്ദ്രം നിർമ്മിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചിരുന്നു.ന്യായമായ വേതനവും തൊഴിൽ സുരക്ഷയുമാണ് ജീവനക്കാരുടെ ആവശ്യം.

അജിൻ,ആൾ കേരള ഗിഗ് വർക്കേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ


Source link
Exit mobile version