കണ്ണൂർ: പെട്രോൾ പമ്പ് വിവാദത്തിൽ ടി.വി. പ്രശാന്തനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് പരാതി നൽകിയ മുസ്ലിം ലീഗ് നേതാവ് ടി.എൻ.എ. ഖാദറിന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. വിവാദ സ്ഥലം ഇരിക്കൂർ ചെങ്ങളായി പഞ്ചായത്തിലാണ്. കൈക്കൂലി നൽകിയതായി പ്രശാന്തൻ സ്വയം സമ്മതിച്ച സാഹചര്യത്തിലാണ് ഖാദർ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്.
കോഴിക്കോട് സ്പെഷ്യൽ സെൽ എസ്.പി. അബ്ദുൽ റസാഖിനാണ് അന്വേഷണച്ചുമതല. നവീനെതിരെ ദിവ്യ നടത്തിയ അഴിമതി ആരോപണം, പ്രശാന്തന്റെ പരാതി എന്നിവയെക്കുറിച്ച് അന്വേഷിക്കുമെന്ന് വിജിലൻസ് സംഘം വ്യക്തമാക്കി. പ്രശാന്തൻ സർക്കാർ ഉദ്യോഗസ്ഥനെന്ന വിവരം മറച്ചുവച്ചാണോ പമ്പിന് അപേക്ഷിച്ചത്, നവീൻബാബുവിന് കൈക്കൂലി നൽകിയിരുന്നോ, ഉണ്ടെങ്കിൽ അക്കാര്യം കളക്ടർ ഉൾപ്പെടെയുള്ളവരെ അറിയിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണപരിധിയിൽ വരും. കൈക്കൂലി ആരോപണം തെളിയിക്കുന്ന രേഖകൾ പ്രശാന്തൻ ഹാജരാക്കേണ്ടി വരും.
പ്രശാന്തന്റെ തെളിവുകൾ നിർണായകം
കണ്ണൂർ: പെട്രോൾ പമ്പിന്റെ എൻ.ഒ.സിക്ക് കൈക്കൂലി കൊടുത്തെന്ന ആരോപണം ഉന്നയിച്ച ടി.വി.പ്രശാന്തനോട് പണത്തിന്റെ ഉറവിടം, മുഖ്യമന്ത്രിക്ക് നൽകിയെന്നു പറയുന്ന പരാതി എന്നിവ സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ വിജിലൻസ് ആവശ്യപ്പെട്ടത് അന്വേഷണത്തിൽ നിർണായകമാകും. പരാതി വ്യാജമാണെന്ന് തെളിഞ്ഞാൽ അന്വേഷണത്തിന്റെ ഗതി മാറും. പരാതി തയ്യാറാക്കിയത്, വ്യാജ ഒപ്പിട്ടത്, പെട്രോൾ പമ്പ് സംരംഭത്തിലെ ബിനാമി ബന്ധം എന്നിവയിലേക്ക് അന്വേഷണം നീങ്ങും.
ആരോപണത്തിലുറച്ച് പ്രശാന്തൻ
കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ കൈക്കൂലി ആരോപണമുന്നയിച്ച പ്രശാന്തനിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറും വിജിലൻസും കളക്ടറേറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കൈക്കൂലി ആരോപണത്തിൽ ഉറച്ചു നിന്നാണ് പ്രശാന്തൻ മൊഴി നൽകിയത്. ഫോൺ കോളുകൾ അടക്കം തെളിവുകൾ ഹാജരാക്കുമെന്നും വ്യക്തമാക്കി. വിശദമായ മൊഴി ഇന്നു രേഖപ്പെടുത്തും.
Source link