KERALAM

ബാലചന്ദ്രൻ വടക്കേടത്തിന് അന്ത്യാഞ്ജലി

തൃശൂർ: സാഹിത്യ നിരൂപകനും പ്രഭാഷകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്തിന് (69) അന്ത്യാഞ്ജലി. പത്ത് ദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലർച്ചെ 1.45നായിരുന്നു അന്ത്യം. ഉച്ചയോടെ സാഹിത്യ അക്കാഡമി ഹാളിൽ പൊതുദർശനത്തിനെത്തിച്ചു. മന്ത്രി കെ.രാജൻ, സംവിധായകൻ സത്യൻ അന്തിക്കാട് തുടങ്ങി സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് തൃപ്രയാറിലെ വീട്ടുവളപ്പിൽ.

കേരള കലാമണ്ഡലം സെക്രട്ടറി, കേരള സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാഡമി അംഗം, സമസ്ത കേരള സാഹിത്യ പരിഷത്ത് നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 1976 മുതലാണ് എഴുത്തിൽ സജീവമായത്. ഉത്തരാധുനിക സാഹിത്യം അടക്കമുള്ള വിഷയങ്ങളിൽ ശ്രദ്ധേയമായ ലേഖനങ്ങളെഴുതി. 25 ലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
2012ൽ സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റായിരിക്കെ, വിശ്വമലയാള മഹോത്സവത്തിന്റെ നടത്തിപ്പ് സംബന്ധിച്ച വിവാദത്തിൽ രാജിവച്ചു. പിന്നാലെ അക്കാഡമി മുറ്റത്ത് ഒറ്റയ്ക്കിരുന്ന് പ്രതിഷേധിച്ചു. ആരോഗ്യ വകുപ്പിലെ ജോലിയിൽ നിന്ന് സ്വയം വിരമിക്കുകയായിരുന്നു. തൃശൂരിലെ സാസംസ്കാരിക മേഖലയിലെ പ്രമുഖനായിരുന്നു.

1955ൽ നാട്ടികയിൽ,​ എഴുത്തുകാരൻ രാമചന്ദ്രൻ വടക്കേടത്തിന്റേയും സരസ്വതിയുടേയും മകനായി ജനനം.

വാക്കിന്റെ സൗന്ദര്യശാസ്ത്രം, നിഷേധത്തിന്റെ കല, മരണവും സൗന്ദര്യവും, വായനയുടെ ഉപനിഷത്ത്, പുതിയ ഇടതുപക്ഷം, പുരോഗമന പാഠങ്ങൾ, രമണൻ എങ്ങനെ വായിക്കരുത് തുടങ്ങിയവയാണ് പ്രധാന കൃതികൾ.

സാഹിത്യ അക്കാഡമി കുറ്റിപ്പുഴ അവാർഡ്, കാവ്യമണ്ഡലം, എ. ആർ രാജരാജവർമ്മ, ഗുരുദർശന, കലാമണ്ഡലം മുകുന്ദരാജ, സി.പി.മേനോൻ, ഫാദർ വടക്കൻ അവാർഡുകൾ നേടിയിട്ടുണ്ട്.

ഭാര്യ: സതി. മകൻ: വി.കൃഷ്ണചന്ദ്രൻ (ഖത്തർ) മരുമകൾ: ഐശ്വര്യ. സഹോദരങ്ങൾ: സ്‌നേഹലത, സ്വർണ്ണലക്ഷ്മി (റിട്ട.അദ്ധ്യാപികമാർ), പ്രേമചന്ദ്രൻ വടക്കേടത്ത് (കേരളകൗമുദി, തൃപ്രയാർ ലേഖകൻ), ശ്രീകല (അദ്ധ്യാപിക). കേരളകൗമുദിക്കായി തൃശൂർ യൂണിറ്റ് മാനേജർ സി.വി.മിത്രൻ പുഷ്പചക്രം സമർപ്പിച്ചു


Source link

Related Articles

Back to top button