വ്യാജ ബോംബ് ഭീഷണി കൊച്ചിയിലും; ഈ ആഴ്ച ഭീഷണി നേരിട്ട വിമാനങ്ങൾ എഴുപതിലേറെ

വ്യാജ ബോംബ് ഭീഷണി കൊച്ചിയിലും; ഈ ആഴ്ച ഭീഷണി നേരിട്ട വിമാനങ്ങൾ എഴുപതിലേറെ – Fake bomb threat increasing in India | India News, Malayalam News | Manorama Online | Manorama News
വ്യാജ ബോംബ് ഭീഷണി കൊച്ചിയിലും; ഈ ആഴ്ച ഭീഷണി നേരിട്ട വിമാനങ്ങൾ എഴുപതിലേറെ
മനോരമ ലേഖകൻ
Published: October 20 , 2024 04:15 AM IST
1 minute Read
കൊച്ചി–ബെംഗളൂരു വിമാനം 25 മിനിറ്റ് വൈകി
ന്യൂഡൽഹി/ കൊച്ചി ∙ കൊച്ചി– ബെംഗളൂരു സെക്ടറിൽ ഉൾപ്പെടെ രാജ്യത്ത് ഇന്നലെ മാത്രം മുപ്പതിലേറെ വിമാനസർവീസുകൾക്ക് വ്യാജ ബോംബ് ഭീഷണി നേരിട്ടു. ഇതോടെ ഈ ആഴ്ചയാകെ ഭീഷണി നേരിട്ട വിമാനങ്ങൾ എഴുപതിലേറെ. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) ഡൽഹിയിൽ വിമാനക്കമ്പനി സിഇഒമാരുടെ അടിയന്തരയോഗം നടത്തി.
രാത്രി ഏഴിനുള്ള കൊച്ചി– ബെംഗളൂരു അലയൻസ് എയർ വിമാനത്തിനു ബോംബ് ഭീഷണിയുണ്ടെന്ന് സമൂഹമാധ്യമമായ ‘എക്സ്’ വഴി ഉച്ചയ്ക്കു രണ്ടോടെയാണു സന്ദേശം ലഭിച്ചത്. വിമാനം സേലത്തുനിന്നെത്തിയ ശേഷം വിശദ പരിശോധന നടത്തി. യാത്രക്കാരെയും വിശദമായി പരിശോധിച്ചശേഷം 25 മിനിറ്റ് വൈകിയാണു വിമാനം പുറപ്പെട്ടത്.
വിസ്താരയുടെ അഞ്ചിലേറെ വിമാനങ്ങൾ ഇന്നലെ ഭീഷണി നേരിട്ടു. സിംഗപ്പൂർ–മുംബൈ, മുംബൈ–ഫ്രാങ്ക്ഫർട്ട്, ഡൽഹി–ബാങ്കോക്ക്, മുംബൈ–കൊളംബോ എന്നിങ്ങനെ ഇവയിൽ നാലും രാജ്യാന്തര സർവീസുകളായിരുന്നു. ഉദയ്പുരിൽനിന്നു മുംബൈയിലെത്തിയ വിസ്താര വിമാനത്തിന്റെ ശുചിമുറിയിൽ ബോംബ് ഭീഷണി സംബന്ധിച്ച കുറിപ്പു കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഡൽഹി– ലണ്ടൻ വിമാനം ഫ്രാങ്ക്ഫർട്ടിൽ അടിയന്തരമായിറക്കി പരിശോധിച്ചശേഷം യാത്ര തുടരേണ്ടിവന്നു.
മുംബൈ– ഇസ്തംബുൾ, ഡൽഹി–ഇസ്തംബുൾ, ജോധ്പുർ–ഡൽഹി, ഹൈദരാബാദ്–ചണ്ഡിഗഡ് അടക്കം ഇൻഡിഗോയുടെ അഞ്ചിലേറെ വിമാനങ്ങൾ ഭീഷണി നേരിട്ടു. നെവാർക്–മുംബൈ എയർ ഇന്ത്യ വിമാനം ഭീഷണിയെത്തുടർന്നു പുറപ്പെടാൻ വൈകി. ദുബായ്–ജയ്പുർ സർവീസിനും ഭീഷണിയുണ്ടായി. ആകാശ എയറിന്റെ മുംബൈ–സിലിഗുരി സർവീസിനും ഭീഷണിയുണ്ടായി.
തുടർച്ചയായി ഭീഷണി നേരിടുന്ന സാഹചര്യത്തിലും കേന്ദ്ര സർക്കാർ കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നു കോൺഗ്രസ് ആരോപിച്ചു. ഉത്സവ സീസൺ വരാനിരിക്കെ പ്രശ്നം ജനങ്ങളെ ഭീതിയിലാക്കുമെന്നും ചൂണ്ടിക്കാട്ടി.
ആകാശം സുരക്ഷിതം, ഭീതി വേണ്ട
ഇന്ത്യയുടെ ആകാശം സുരക്ഷിതമാണെന്നും യാത്രക്കാർക്ക് ഒരു തരത്തിലുമുള്ള ഭീതി വേണ്ടെന്നും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) ഡയറക്ടർ ജനറൽ സുൽഫിക്കർ ഹസൻ അറിയിച്ചു.
English Summary:
Fake bomb threat increasing in India
mo-news-common-bomb-threat mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 32injo14ma2742hu6isrcqedv9 6anghk02mm1j22f2n7qqlnnbk8-list mo-auto-flight
Source link