പിപി ദിവ്യയുടെ അതിബുദ്ധി ഊരാക്കുടുക്കാകുന്നു: മുൻകൂർ ജാമ്യാപേക്ഷയിലെ വാദങ്ങൾ ഒന്നൊന്നായി പൊളിയുന്നു
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ മുൻകൂർ ജാമ്യാപേക്ഷയിൽ ഉയർത്തിയ വാദങ്ങൾ ഒന്നൊന്നായി പൊളിയുന്നു. നവീൻ ബാബു ഫയലുകൾ വൈകിപ്പിക്കുന്നു എന്ന പലരിൽ നിന്നും പരാതി ലഭിച്ചിട്ടുണ്ട്. പ്രശാന്തന് പുറമേ ഗംഗാധരൻ എന്നയാളും നവീൻ ബാബുവിനെതിരെ പരാതി പറഞ്ഞിരുന്നു എന്നാണ് ദിവ്യ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്. എന്നാൽ, പണം വാങ്ങിയെന്നോ അഴിമതി നടത്തിയെന്നോ വിജിലൻസിന് നൽകിയ പരാതിയിൽ പറഞ്ഞിട്ടില്ലെന്നാണ് കുറ്റിയാട്ടൂരിലെ റിട്ടയേർഡ് അദ്ധ്യാപകനായ കെ ഗംഗാധരൻ പറയുന്നത്. ഇപ്പോഴത്തെ വിവാദങ്ങളുമായി പരാതിക്ക് ബന്ധമില്ലെന്നും ഗംഗാധരൻ വ്യക്തമാക്കി.
എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് കലക്ടർ ക്ഷണിച്ചതിനാലാണ് എത്തിയത്, പെട്രോൾ പമ്പ് തുടങ്ങാനിരുന്ന പ്രശാന്തന് എൻഒസി ലഭിക്കാൻ പണം ചെലവഴിക്കേണ്ടിവന്നു, നവീൻ ബാബുവിനെതിരെ കെഗംഗാധരൻ സെപ്തംബർ 4ന് വിജിലൻസിന് പരാതി നൽകിയിട്ടുണ്ട് എന്നീ കാര്യങ്ങളാണ് തന്റെ വാദങ്ങൾ സമർത്ഥിക്കാൻ ദിവ്യ പ്രധാനമായി നിരത്തിയിരുന്നത്. യോഗത്തിലേക്ക് ക്ഷണിക്കാതെയാണ് ദിവ്യ എത്തിയെന്ന് കലക്ടർ ആദ്യദിവസംതന്നെ റിപ്പോർട്ട് നൽകിയിരുന്നു. ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കലക്ടർ ഇന്നലെ മൊഴിയും നൽകി. ഇതോടെ ക്ഷണിച്ചിട്ടാണ് യോഗത്തിൽ എത്തിയതെന്ന വാദം തീർത്തും ദുർബലമായി.
സ്ഥലം മണ്ണിട്ടു നികത്തുന്നതിന് സ്റ്റോപ് മെമ്മോ നൽകിയ വില്ലേജ് ഓഫീസറുടെ നടപടി റദ്ദാക്കാൻ എഡിഎം ഉൾപ്പെടെയുള്ള റവന്യു ഉദ്യോഗസ്ഥർ സഹകരിച്ചില്ലെന്നും എതിർകക്ഷികളുടെ സ്വാധീനത്താലാണ് ഇതിനുപിന്നിലെന്ന സംശയമാന് ഗംഗാധരൻ പരാതിയിൽ പ്രകടിപ്പിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരടേത് അധികാര ദുർവിനിയോഗവും ഉത്തരവാദിത്തമില്ലായ്മയുമാണെന്നും വീഴ്ചകൾ പരിശോധിച്ച് തന്റെ ആവലാതി പരിഹരിക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടത്. പരാതിയിൽ മൊഴിയെടുക്കൽ ഉൾപ്പെടെ വിജിലൻസിന്റെ തുടർനടപടി ഉണ്ടായിട്ടില്ല. മനുഷ്യാവകാശ കമ്മിഷനിലും ഗംഗാധരൻ പരാതി നൽകിയിരുന്നു. ഇതിൽ രണ്ടെണ്ണം തള്ളി. മൂന്നാമത്തേതിൽ നടപടി സ്വീകരിച്ചിട്ടില്ല. ഗംഗാധരന്റെ സ്ഥലത്തുള്ള വയലിലേക്ക് നീരൊഴുക്ക് തടഞ്ഞ് മണ്ണിട്ടു നികത്തുന്നത് തടയണമെന്നു കാണിച്ച് നാട്ടുകാർ കലക്ടർക്ക് നൽകിയ പരാതിയെ തുടർന്നായിരുന്നു റവന്യു വകുപ്പിന്റെ നടപടി.
പെട്രോൾ പമ്പ് തുടങ്ങുന്നതിനുവേണ്ടി പ്രശാന്തന് എൻഒസി ലഭിക്കാൻ പണം ചെലവഴിക്കേണ്ടിവന്നുവെന്നും ജാമ്യാപേക്ഷയിലുണ്ട്. എന്നാൽ, പ്രശാന്തൻ നൽകിയതായി പറയുന്ന പരാതിയിലെ ഒപ്പ് വ്യാജമാണെന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നു.ചെങ്ങളായി നിടുവാലൂർ പള്ളി വികാരി ഫാ. പോളുമായി പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തന്റെ ഒപ്പ് വ്യത്യസ്തമാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. . പേരിലും വ്യത്യാസമുണ്ട്. പാട്ടക്കരാറിൽ പ്രശാന്ത് എന്നാണുള്ളത്. എന്നാൽ പരാതിപ്പകർപ്പിൽ പ്രശാന്തൻ ടിവി നിടുവാലൂർ എന്നെഴിയിട്ടുണ്ട്.
പ്രശാന്തൻ നേരിട്ടെത്തിയാണ് കരാർ ഒപ്പിട്ടതെന്ന് ഫാദർ പോൾ വ്യക്തമാക്കിയിരുന്നു. നവീനിന്റെ ആത്മഹത്യയ്ക്ക് ശേഷം മുൻ തീയതി എഴുതിച്ചേർത്ത് തയ്യാറാക്കിയതാണ് പുറത്തുവിട്ട പരാതിയെന്ന സംശയം ശരിവയ്ക്കുന്നതാണ് ഒപ്പിലെയും പേരിലെയും വൈരുദ്ധ്യം. പരാതിയിൽ പ്രശാന്തൻ ആരോപിക്കുന്നത് പെട്രോൾ പമ്പിന് ഒക്ടോബർ എട്ടിന് എൻ.ഒ.സി അനുവദിച്ചെന്നാണ്. എന്നാൽ ഔദ്യോഗിക രേഖകൾ പ്രകാരം നവീൻ എൻ.ഒ.സി അനുവദിച്ചത് ഒൻപതിന് വൈകിട്ട് മൂന്നിനും.
Source link