വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടവരിൽ കാനഡ അതിർത്തിസേനാ ഉദ്യോഗസ്ഥനും – India Seeks Extradition of Canadian Official Over Punjab Terrorism Links | India News, Malayalam News | Manorama Online | Manorama News
വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടവരിൽ കാനഡ അതിർത്തിസേനാ ഉദ്യോഗസ്ഥനും
മനോരമ ലേഖകൻ
Published: October 20 , 2024 04:29 AM IST
1 minute Read
പഞ്ചാബിൽ ഭീകരപ്രവർത്തനം പ്രോൽസാഹിപ്പിക്കുന്നയാളെന്ന് ആരോപണം
ന്യൂഡൽഹി ∙ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളും ക്രിമിനൽ ഇടപെടലുകളും നടത്തിയതിനാൽ വിട്ടുകിട്ടണമെന്നു കേന്ദ്രസർക്കാർ കാനഡയോട് ആവശ്യപ്പെട്ടവരിൽ കനേഡിയൻ ബോർഡർ സർവീസ് ഏജൻസിയിൽ (സിബിഎസ്എ) ഉദ്യോഗസ്ഥനായ സന്ദീപ് സിങ് സിദ്ദുവും. കാനഡയുടെ അതിർത്തിസുരക്ഷാ ചുമതലയുള്ള പൊലീസ് വിഭാഗമാണ് സിബിഎസ്എ. ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ മൊത്തം 26 പേരെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യത്തിൽ കാനഡ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നു കേന്ദ്രസർക്കാർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
നിരോധിത സംഘടനയായ ഇന്റർനാഷനൽ സിഖ് യൂത്ത് ഫെഡറേഷന്റെ (ഐഎസ്‌വൈഎഫ്) ഭാഗമായ സിദ്ദു പഞ്ചാബിൽ ഭീകരപ്രവർത്തനം പ്രോൽസാഹിപ്പിക്കുന്നുവെന്നു കേന്ദ്രം പറയുന്നു. പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലഖ്ബീർ സിങ് റോഡ് ഉൾപ്പെടെയുള്ള കുറ്റവാളികളുമായി ബന്ധം പുലർത്തിയിരുന്നു. പഞ്ചാബിൽ ഭീകരവാദത്തിനെതിരെ പോരാടിയ ശൗര്യചക്ര ജേതാവ് ബൽവീന്ദർ സിങ് സന്ധുവിനെ 2020 ഒക്ടോബറിൽ കൊലപ്പെടുത്തിയതിലും ഇയാൾക്കു പങ്കുണ്ടെന്നാണു പൊലീസിന്റെ നിലപാട്.
അതിനിടെ, രാജ്യത്തു ശേഷിക്കുന്ന ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണെന്നു കാനഡ വിദേശകാര്യ മന്ത്രി മെലനി ജോളി വ്യക്തമാക്കി. ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് വർമ ഉൾപ്പെടെ 6 ഉദ്യോഗസ്ഥരെ പുറത്താക്കിയെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണിത്.
നയതന്ത്ര ഉദ്യോഗസ്ഥർ ജനീവ ചട്ടങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്നതും കനേഡിയൻ പൗരരുടെ ജീവനു ഭീഷണിയുയർത്തുന്നതും അംഗീകരിക്കില്ലെന്നു പറഞ്ഞ മെലനി ജോളി, ഇന്ത്യയെ റഷ്യയോട് ഉപമിക്കുകയും ചെയ്തു. ‘കൊലപാതകവും വധഭീഷണിയും പോലുള്ള കാര്യങ്ങൾ അംഗീകരിക്കാനാകില്ല. ജർമനിയിലും യുകെയിലും റഷ്യ ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. കാനഡയുടെ മണ്ണിൽ അത് അനുവദിക്കില്ല’– അവർ പറഞ്ഞു. ഇന്ത്യയിലെ കാനഡയുടെ ആക്ടിങ് ഹൈക്കമ്മിഷണർ സ്റ്റിവാട്ട് റോസ് വീലർ ഉൾപ്പെടെ 6 നയതന്ത്ര ഉദ്യോഗസ്ഥർ രാജ്യം വിടണമെന്ന് ഇന്ത്യയും നിർദേശിച്ചിരുന്നു. ഹൈക്കമ്മിഷണർ സഞ്ജയ് വർമയെ തിരിച്ചുവിളിക്കുകയാണെന്നും അറിയിച്ചിരുന്നു.
English Summary:
India Seeks Extradition of Canadian Official Over Punjab Terrorism Links
mo-news-common-malayalamnews mo-news-common-canadaindiatensions 40oksopiu7f7i7uq42v99dodk2-list mo-news-common-terrorists 1i2up1da4ljb0bn3ebqe9hgb04 mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-punjab
Source link