ടെൽ അവീവ്: ഹമാസുമായുള്ള യുദ്ധത്തിൽ ഇസ്രയേലിന്റെ വലിയ വിജയങ്ങളിലൊന്നാണ് ഹമാസ് തലവൻ യഹ്യാ സിൻവാറിന്റെ വധം. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഇസ്രയേൽ മണ്ണിൽ ഹമാസ് നടത്തിയ വിനാശകരമായ ഭീകരാക്രമണത്തിന്റെ തലച്ചോർ ആണ് ‘ഗാസയിലെ ബിൻ ലാദൻ” എന്ന് വിശേഷിപ്പിക്കപ്പെടുന്ന യഹ്യാ സിൻവാർ. സിൻവാറിനെ ജീവനോടെയോ അല്ലാതെയോ പിടിക്കുമെന്ന് ഇസ്രയേൽ പ്രതിജ്ഞയെടുത്തിരുന്നു.
ബുധനാഴ്ച തെക്കൻ ഗാസയിലെ റാഫയിൽ നടന്ന ഏറ്റുമുട്ടലിൽ ഇസ്രയേലിന്റെ ബിസ്‌ലാക്ക് ബ്രിഗേഡിന്റെ കൈകളിലാണ് സിൻവാർ കൊല്ലപ്പെട്ടത്. റാഫയിലെ താൽ അൽ സുൽത്താനിലെ തെരുവിലായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയിൽ ഇസ്രയേൽ സൈന്യത്തിന്റെ ബിസ്‌ലാക്ക് ബ്രിഗേഡ് ട്രെയിനിംഗ് യൂണിറ്റിന്റ പട്രോളിംഗിനിടെ സിൻവാർ അടക്കം മൂന്ന് ഹമാസ് അംഗങ്ങളെ കാണുകയായിരുന്നു. തുടർന്ന് പരസ്പരം നടത്തിയ വെടിവയ്‌പിൽ രണ്ട് ഹമാസ് അംഗങ്ങൾ കൊല്ലപ്പെട്ടു. പരിക്കേറ്റ സിൻവാർ അടുത്തുകണ്ട തകർന്ന കെട്ടിടത്തിലേക്ക് ഓടിക്കയറി.
സിൻവാറിനെ തെരഞ്ഞ് ഇസ്രയേൽ ഡ്രോൺ കെട്ടിടത്തിനുള്ളിലേക്ക് കടന്നു. രണ്ടാം നിലയിൽ അവശനായി സോഫയിലിരുന്ന സിൻവാർ കൈയിലുണ്ടായിരുന്ന വടി ഡ്രോണിന് നേരെ എറിഞ്ഞു. രക്തത്തിൽ കുളിച്ച സിൻവാർ, മുഖം തുണികൊണ്ട് മറച്ചിരുന്നു. വലതുകൈ തകർന്നിരുന്നു. തുടർന്ന് ഇസ്രയേൽ സൈന്യത്തിന്റെ ടാങ്കും മാറ്റഡോർ മിസൈലും സിൻവാർ ഇരിക്കുകയായിരുന്ന കെട്ടിടം തകർത്തു. കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ സൈന്യം തെരച്ചിൽ നടത്തിയത് വ്യാഴാഴ്ച രാവിലെയായിരുന്നു. തെരച്ചിലിൽ കണ്ടെത്തിയ സിൻവാറിന്റെ മൃതദേഹം പിന്നീട് ഡിഎൻഎ പരിശോധനയിലൂടെയാണ് ഇസ്രയേൽ സ്ഥിരീകരിച്ചത്.
ബിസ്‌ലാക്ക് ബ്രിഗേഡ്
ഇൻഫൻട്രി കോർപ്സ് സ്ക്വാഡ് കമാൻഡർ, പ്ലാറ്റൂൺ സർജന്റ് എന്നിവർക്ക് പരിശീലനം നൽകുന്ന ഇസ്രായേൽ പ്രതിരോധ സേനയുടെ ഭാഗമാണ് ബിസ്‌ലാക്ക് ബ്രിഗേഡ്. 1974ലാണ് സ്ഥാപിതമായത്. യുദ്ധകാലങ്ങളിൽ ഇവർ പ്രതിരോധ സേനയായി പ്രവർത്തിക്കും. മൂന്ന് ബേസുകളുള്ള ഇവർ യുദ്ധസമയത്ത് ബിസ്‌ലാക്ക് എന്ന ഇൻഫൻട്രി ബ്രിഗേഡ് രൂപീകരിക്കുന്നു. ഗാസ വിച്ഛേദിക്കൽ പദ്ധതിയിൽ പങ്കെടുത്ത ഇവർ ഗാസ മുനമ്പിന്റെ അതിർത്തി പിടിച്ചടക്കിയ ആദ്യ യൂണിറ്റ് കൂടിയാണ്. യൂണിറ്റിന്റെ 17ാം ബറ്റാലിൻ ബ്രിഗേഡ് ആണ് യഹ്യാ സിൻവാറിനെ കൊലപ്പെടുത്തിയത്.
ഇസ്രയേലിന്റെ ആഭ്യന്തര രഹസ്യാന്വേഷണ സേനയായ ഷിൻ ബെറ്റിൽ സിൻവാറിനെ കണ്ടെത്തുന്നതിനായി പ്രത്യേക യൂണിറ്റ് സ്ഥാപിച്ചിരുന്നു. ഷിൻവാറിനെ കണ്ടെത്തുന്നതിനായി ഇസ്രയേലിനൊപ്പം പ്രവർത്തിച്ചിരുന്നതായി യുഎസും അവകാശപ്പെടുന്നു. ഇതിന്റെ ഭാഗമായി ഇലക്‌ട്രോണിക് ആശയവിനിമയങ്ങൾ തടസപ്പെടുത്തി. അടിത്തറ തുളച്ചുകയറുന്ന റഡാറുകൾ ഇസ്രയേലിന് കൈമാറിയതായും യുഎസ് വ്യക്തമാക്കുന്നു.
എന്നിരുന്നാലും ലോകത്തിലെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾക്ക് ഇത്രയും കാലം സിൻവാറിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല, സിൻവാറിന്റെ ഒരു അബദ്ധമാണ് കൊല്ലപ്പെടുന്നതിന് ഇടയാക്കിയത്. ഒളിസങ്കേതത്തിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ സിൻവാർ എവിടെയാണെന്ന് അറിവ് പോലും ഇല്ലാതിരുന്ന ട്രെയിനി സ്‌ക്വാഡ് കമാൻഡർമാരിൽ ഒരാളുടെ കണ്ണിൽപ്പെടുകയായിരുന്നു.
ഇലക്‌ട്രോണിക് സംവിധാനങ്ങൾ ഉപയോഗിക്കാത്തതിനാൽ സിൻവാറിനെ കണ്ടെത്താൻ ഇസ്രയേലും അമേരിക്കയും ബുദ്ധിമുട്ടുകയായിരുന്നു. ഹമാസ് ടണലുകളിൽ മനുഷ്യകവചങ്ങളുടെ മറവിലാണ് സിൻവാർ ഒളിച്ചിരുന്നത്. തടവിലാക്കപ്പെട്ടവരെയാണ് സിൻവാർ മനുഷ്യകവചമായി ഉപയോഗിക്കുന്നതെന്നായിരുന്നു ഇസ്രയേൽ അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ സിൻവാർ കൊല്ലപ്പെട്ട സ്ഥലത്ത് നടത്തിയ തെരച്ചിലിൽ ഇസ്രയേൽ സേന ഇത്തരത്തിൽ തടവിലാക്കപ്പെട്ടവരെയാരെയും കണ്ടെത്തിയിരുന്നില്ല.
ഇതിനുമുൻപും സിൻവാർ കൊല്ലപ്പെട്ടതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. 2021ൽ സിൻവാറിന്റെ ഖാൻ യൂനിസിലുള്ള വീട് ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർത്തു. എന്നാലന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. കഴിഞ്ഞ വർഷം നവംബറിൽ, ഇസ്രായേൽ സൈന്യം ഗാസ സിറ്റി വളഞ്ഞതായും സിൻവാർ അവിടെ ഒരു ബങ്കറിൽ കുടുങ്ങിയതായും ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അവകാശപ്പെട്ടിരുന്നു.
ഈ വർഷം സെപ്തംബറിൽ, ഇസ്രായേൽ മിലിട്ടറി ഇൻ്റലിജൻസ് ഡയറക്ടറേറ്റ്, ഗാസയിൽ മുമ്പ് നടത്തിയ ആക്രമണങ്ങളിൽ സിൻവാർ കൊല്ലപ്പെട്ടിരിക്കാമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇപ്പോഴാണ് സിൻവാറിന്റെ മരണം ഹമാസ് സ്ഥിരീകരിക്കുന്നത്.
Source link