തകർന്ന റോഡുകൾ യുവാക്കളുടെ ജീവനെടുത്തു, അപകടങ്ങളിൽ മരിച്ചത് മൂന്നുപേർ

കൊല്ലം: ഇരവിപുരത്ത് നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ട് യുവാക്കൾ മരിച്ചു. പള്ളിത്തോട്ടം സ്വദേശി മനീഷ് (31), ഇരവിപുരം പനമൂട് സ്വദേശി പ്രവീൺ (32) എന്നിവരാണ് മരിച്ചത്. തീരദേശ റോഡിൽ ഇന്നലെ രാത്രിയിലായിരുന്നു അപകടം.
മുന്നിൽപോവുകയായിരുന്ന വാഹനത്തിൽ തട്ടിയ ബൈക്ക് റോഡിലെ കുഴിയിൽ വീണു. തുടർന്ന് മതിലിൽ ഇടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടം സംഭവിച്ച റോഡ് ആകെ തകർന്ന നിലയിലാണ്. ഇതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
അതിനിടെ ആലപ്പുഴയിൽ ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു. ഹരിപ്പാട് ചെറുതന സ്വദേശി സഞ്ജു (21) വാണ് മരിച്ചത്. ഇന്ന് രാവിലെ വളഞ്ഞവഴി ജംഗ്ഷനിലായിരുന്നു അപകടം. അപകടം സംഭവിച്ച ഉടൻതന്നെ സഞ്ജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പുന്നപ്ര കാർമൽ കോളേജിലെ വിദ്യാർത്ഥിയായ സഞ്ജു കോളേജിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. റോഡിന്റെ ശോചനീയാവസ്ഥയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിന്റെ മോശം അവസ്ഥ കാരണം ഇവിടെ അപകടം പതിവാണെന്നും നാട്ടുകാർ പറയുന്നു. റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായെങ്കിലും അധികൃതർ കാര്യമാക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു. മഴക്കാലമായതോടെയാണ് സ്ഥിതി കൂടുതൽ വഷളായത്.
Source link