പത്തനംതിട്ട ജില്ലാ കമ്മിറ്റി എതിർക്കും, കണ്ണൂർ ജില്ലാ കമ്മിറ്റി അനുകൂലിക്കും; ശബരിമലയിലേത് പുതിയ പരീക്ഷണമെന്ന് കെ സുരേന്ദ്രൻ

പാലക്കാട് : ഉപതിരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഫലം വരുന്നതോടെ നിയമസഭയിൽ ബിജെപിക്ക് പ്രതിനിധികളുണ്ടാകുമെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇൻഡ്യ മുന്നണിക്കെതിരായ വിധിയെഴുത്താവും കേരളത്തിൽ നടക്കുക. ജനങ്ങളുടെ ശബ്ദം നിയമസഭയിൽ ഉയർന്നുവരേണ്ടതിന്റെ ആവശ്യമാണ് പാലക്കാട്,ചേലക്കര ഉപതിരഞ്ഞെടുപ്പുകൾ മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സുരേന്ദ്രന്റെ വാക്കുകൾ


‘കേന്ദ്ര സർക്കാരിന്റെ വഖ്വഫ് നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭ പാസാക്കിയത് കേരളത്തിന്റെ പൊതുവികാരത്തിനെതിരാണ്. ക്രൈസ്തവസഭകളുടെ ആവശ്യം ഇടതുപക്ഷവും ഐക്യമുന്നണിയും പരിഗണിച്ചില്ല. പാലക്കാട്ടെയും ചേലക്കരയിലെയും ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ. വയനാട്ടിൽ എൻഡിഎ ചരിത്ര മുന്നേറ്റമുണ്ടാക്കും. സംസ്ഥാനത്ത് പ്രതിപക്ഷം പരാജയമാണ്. നിയമസഭയിൽ നടക്കുന്നത് പൊറാട്ട് നാടകമാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശനെക്കുറിച്ച് ആ പാർട്ടി വിട്ടുപോയവർ തന്നെ പറയുന്നത് ജനങ്ങൾ കേൾക്കുകയാണ്. കോൺഗ്രസ് ഒരു പ്രത്യേക വിഭാഗം നിക്ഷിപ്ത താത്പര്യക്കാരുടെ പാർട്ടിയായി മാറിക്കഴിഞ്ഞു. കോൺഗ്രസിൽ കെ.സുധാകരന്റെയും കെ.മുരളീധരന്റെയും ചാണ്ടി ഉമ്മന്റെയും ചെന്നിത്തലയുടേയും അവസ്ഥയെന്താണ്. കോൺഗ്രസിനെ ഒരു മാഫിയ സംഘം കയ്യടക്കി വെച്ചിരിക്കുകയാണ്.


എംബി രാജേഷ് പറയുന്നത് കോൺഗ്രസും ബിജെപിയും തമ്മിൽ ഡീലാണെന്നാണ്. 2019ലെ തോൽവിയുടെ റിപ്പോർട്ട് രാജേഷ് മറക്കരുത്. സിപിഎം വിലയിരുത്തിയത് പാർട്ടി വോട്ടുകൾ കോൺഗ്രസിന് മറിച്ചത് കൊണ്ടാണ് 2019ൽ എംബി രാജേഷ് തോറ്റതെന്നാണ്. 2021 ലെ തിരഞ്ഞെടുപ്പിലും സിപിഎം പാലക്കാട് തകർന്നടിഞ്ഞു. കുറച്ചു വർഷങ്ങളായി കോൺഗ്രസിനെ ജയിപ്പിച്ചത് സിപിഎമ്മാണ്. ഷാഫി പറമ്പിൽ ജയിച്ചപ്പോൾ എകെ ബാലൻ പറഞ്ഞത് ഞങ്ങൾ ശരിയായ നിലപാടെടുത്തുവെന്നാണ്. യഥാർത്ഥ ഡീൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ്. ഞങ്ങൾ തൽസ്ഥിതി തുടരാം നിങ്ങൾക്ക് ഇവിടെ സ്ഥാനമില്ലെന്നാണ് എൽഡിഎഫും യുഡിഎഫും പറയുന്നത്.


എഡിഎമ്മിന്റെ മരണത്തിന് കാരണമായ കണ്ണൂരിലെ പെട്രോൾ പമ്പ് എൽഡിഎഫ്-യുഡിഎഫ് സഖ്യത്തിന്റേതാണ്. പമ്പിന് സ്ഥലം വിട്ടുകൊടുത്തത് യുഡിഎഫ് നേതാവാണ്. ദിവ്യ ബിനാമിയാണ്. ജില്ലാ കളക്ടർ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ആളാണ്. എഡിഎമ്മിന്റെ മരണത്തിൽ നിർണായക പങ്കുള്ള കളക്ടർക്കെതിരെ നടപടിയെടുക്കാത്തതെന്താണ്.

വിഡി സതീശന്റെ പേരിലുള്ള പുനർജനി കേസിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് സിബിഐ അന്വേഷണ കാര്യത്തിൽ അഭിപ്രായം ചോദിച്ചിട്ടും അവർ ഒഴിഞ്ഞു മാറി. പ്രതിപക്ഷ നേതാവിന്റെ പേരിലുള്ള സിബിഐ അന്വേഷണത്തിന് തടയിടുന്നത് സംസ്ഥാന സർക്കാരാണ്. പിപി ദിവ്യയുടെ കേസിലും ഇത് തന്നെ നടക്കും. സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റി എതിർക്കും കണ്ണൂർ ജില്ലാ കമ്മിറ്റി അനുകൂലിക്കും. ഇരട്ടത്താപ്പാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്.

വയനാട് അടിയന്തര പ്രമേയം നിയമസഭയിൽ വന്നപ്പോൾ വസ്തുതകൾ മനസിലാക്കാതെ വിഡി സതീശൻ കേന്ദ്രസർക്കാരിനെതിരെ കള്ളം പറഞ്ഞു. കേന്ദ്രം നൽകിയ 728 കോടി രൂപ ഖജനാവിൽ ഉണ്ടെന്നിരിക്കെയാണിത്. ഒത്തുതീർപ്പ് രാഷ്ട്രീയം ഏഴുപതിറ്റാണ്ടായി ഇടത്-വലത് മുന്നണികൾ ആവർത്തിക്കുകയാണ്.

ശബരിമലയിൽ സർക്കാർ പുതിയ പരീക്ഷണം നടത്തുകയാണ്. സ്വാമിമാർക്ക് കുടിവെള്ളവും കിടക്കാൻ സൗകര്യവുമില്ല. ഇത് ട്രയൽ റണ്ണാണ്. മണ്ഡലകാലത്ത് അയ്യപ്പഭക്തരെ കഷ്ടപ്പെടുത്താൻ തന്നെയാണ് സർക്കാരിന്റെ നീക്കം’

വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.രഘുനാഥ്, ജില്ലാ പ്രസിഡന്റ് കെഎം ഹരിദാസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.വേണുഗോപാൽ, എകെ ഓമനക്കുട്ടൻ എന്നിവരും സംബന്ധിച്ചു.


Source link
Exit mobile version