കയ്റോ: ഗാസയിലെ അഭയാർഥി ക്യാന്പുകളിൽ ഇസ്രേലി സേന നടത്തിയ ആക്രമണങ്ങളിൽ 44 പേർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിൽ ജബലിയ അഭയാർഥി ക്യാന്പിലും സെൻട്രൽ ഗാസയിൽ അൽ മഗാസി ക്യാന്പിലുമായിരുന്നു ആക്രമണങ്ങൾ. ജബലിയയിലെ വ്യോമാക്രമണത്തിൽ 33 പേരാണു മരിച്ചത്. 85 പേർക്കു പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങളിൽ ഒട്ടേറെപ്പേർ കുടുങ്ങിയിട്ടുണ്ട്. മരണസംഖ്യ അന്പതുവരെ ഉയരാമെന്ന് ഹമാസിന്റെ ആരോഗ്യവകുപ്പ് പറഞ്ഞു. ജനങ്ങൾ തിങ്ങിനിറഞ്ഞ ജബലിയ ക്യാന്പ് ആഴ്ചകളായി ഇസ്രേലി സേനയുടെ ഉപരോധം നേരിടുന്നു. ഹമാസ് ഭീകരർ പുനഃസംഘടിക്കുന്നതു തടയാൻ ലക്ഷ്യമിട്ടാണ് ജബലിയയിലെ ഓപ്പറേഷനെന്ന് ഇസ്രേലി സേന പറയുന്നു.
നാലു ലക്ഷം പേരാണ് ക്യാന്പിനുള്ളിൽ കുടുങ്ങിയിരിക്കുന്നത്. രണ്ടാഴ്ചയായി ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവം നേരിടുന്നു. അൽ മഗസി അഭയാർഥി ക്യാന്പിലെ ഒരു വീടിനു നേർക്കുണ്ടായ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ടെന്ന് പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനിടെ ഗാസയിലെ മരണസംഖ്യ 42,519 ആയെന്ന് ഹമാസ് ആരോഗ്യവകുപ്പ് അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം 99,637 ആണ്.
Source link