KERALAM

പിപി ദിവ്യയെ അനുകൂലിച്ച ഡിവൈഎഫ്ഐ നിലപാട് തള്ളി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി, സംഘടനാ നടപടി ഉടൻ ഇല്ലെന്ന് സൂചന

തിരുവനന്തപുരം: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും എഡിഎമ്മിന്റെ മരണത്തിൽ ആരോപണവിധേയയുമായ പിപി ദിവ്യയ്ക്ക് അനുകൂലമായ ഡിവൈഎഫ്ഐ നിലപാട് തള്ളി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. പാർട്ടി പൂർണമായും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ്. അതല്ലാതെ ഏതുസംഘടന ദിവ്യയെ പിന്തുണച്ചാലും അംഗീകരിക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. ദിവ്യയുടെ പെരുമാറ്റം പൊതുപ്രവർത്തകർക്ക് ഒരു പാഠമാകണമെന്നും ഉദയഭാനു പറഞ്ഞു.

സംഘടനാ തലത്തിൽ പിപി ദിവ്യയ്‌ക്കെതിരെ പാർട്ടി നടപടി ഉടൻ ഉണ്ടാവില്ലെന്നാണ് റിപ്പോർട്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലുളള പ്രവർത്തനത്തിൽ വീഴ്ച വന്നപ്പോഴാണ് പദവിയുടെ കാര്യത്തിൽ നടപടി സ്വീകരിച്ചത്. പൊലീസിന്റെ അന്വേഷണ റിപ്പോർട്ടുകൂടി വന്നശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക. ദിവ്യയ്ക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാൽ സംഘടനാ തലത്തിലും നടപടി ഉണ്ടാവും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടായെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അതേസമയം, നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേയ്ക്ക് ​പി​പി​ ​ദി​വ്യയെ താൻ ക്ഷണിച്ചിട്ടില്ലെന്ന് സൂചിപ്പിച്ച് ജില്ലാ കളക്‌ടർ അരുൺ കെ വിജയൻ രംഗത്തെത്തി. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വ​ലി​ഞ്ഞു​ ​ക​യ​റി​യ​ത​ല്ല,​​​ ​യാ​ത്ര​അ​യ​പ്പ് ​യോ​ഗ​ത്തി​ന് ​ക​ള​ക്ട​ർ​ ​ക്ഷ​ണി​ച്ച​താ​ണ് എന്നായിരുന്നു ​കോടതി​യി​ൽ​ ​സ​മ​ർ​പ്പി​ച്ച​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​യിൽ ദിവ്യ പറഞ്ഞത്.

‘പരിപാടി നടത്തുന്നത് കളക്‌ടറല്ല, സ്റ്റാഫ് കൗൺസിൽ ആണ്. താനല്ല പരിപാടിയുടെ സംഘാടകൻ. അതിനാൽ ആരെയും ക്ഷണിക്കേണ്ടതില്ല. പ്രോട്ടോക്കോൾ ലംഘനമാവും എന്നതിനാലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ തടയാതിരുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ പറയാൻ ബുദ്ധിമുട്ടുണ്ട്. അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ. നവീൻ ബാബുവിന്റെ കുടുംബത്തിനയച്ച കത്ത് കുറ്റസമ്മതമല്ല, കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുച്ചേരുന്നുവെന്ന് അറിയിച്ചതാണ്’ എന്നാണ് കളക്ടർ പറഞ്ഞത്.


Source link

Related Articles

Back to top button