കോഴിക്കോട്: വെളിച്ചെണ്ണ ഇല്ലാത്ത അടുക്കളയെക്കുറിച്ച് ചിന്തിക്കാനേ വയ്യ. കറി ഏതായാലും ഒരു തുള്ളിയൊഴിക്കാതെ രുചിയെത്തില്ല. എന്നാൽ മലയാളിയുടെ രുചി മൊതലെടുത്ത് മായം കലർന്ന വെളിച്ചെണ്ണ വിപണിയിലെത്തിയതോടെ ‘ഓപ്പറേഷൻ നാളികേര’ പരിശോധനയുമായി ഭക്ഷ്യസുരക്ഷ വകുപ്പ് രംഗത്ത്. വെളിച്ചെണ്ണ വില കുതിച്ചതോടെയാണ് വിപണിയിൽ വ്യാജനും എത്തിയത്. ജില്ലയിൽ ഇതുവരെ 5 സ്ക്വാഡുകളായി 68 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 25 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു. വെളിച്ചെണ്ണ ഉത്പാദന, വിതരണ, വില്പന കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.
വിലക്കയറ്റം
കൊപ്രയ്ക്ക് ക്ഷാമമായതോടെ കഴിഞ്ഞ മാസം മുതൽ വെളിച്ചെണ്ണ വില കുത്തനെ ഉയർന്നു. കഴിഞ്ഞ മാസം 150 ആയിരുന്നത് ഇപ്പോൾ ലിറ്ററിന് 250 കടന്നു. ഇതോടെ വിപണിയിൽ വ്യാജനുമെത്തി. അമിത ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വെളിച്ചെണ്ണയിൽ വിലകുറഞ്ഞ എണ്ണകൾ കലർത്തിയാണ് വ്യാജനിറക്കുന്നത്. സംസ്ഥാനത്തിന് പുറത്തുനിന്ന് പാക്കറ്റിൽ കൊണ്ടു വരുന്നതും അവിടെനിന്ന് വലിയ അളവിൽ കൊണ്ടുവന്ന് ഇവിടെ റീപാക്ക് ചെയ്യുന്നതുമായ വെളിച്ചെണ്ണയിലാണ് വ്യാജൻ വിലസുന്നത്.
സാധാരണ കുപ്പികളിൽ നിറച്ച വെന്ത വെളിച്ചണ്ണയുടെ ഫ്ലേവറും അടങ്ങിയ വ്യാജനും ഇറങ്ങുന്നുണ്ട്. ശുദ്ധമായ ചക്കിലാട്ടിയ എണ്ണ എന്ന ബോർഡ് വെച്ചും വ്യാജ വെളിച്ചെണ്ണ കച്ചവടം പൊടിപൊടിക്കുകയാണ്. പൂപ്പൽ പിടിച്ചതും കേടായതുമായ കൊപ്ര ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ ഫിൽട്ടർ ചെയ്ത് നല്ല വെളിച്ചെണ്ണയോടൊപ്പം ചേർക്കുന്നുമുണ്ട്. ഇതോടെ ഒറിജിനലും വ്യാജനും തിരിച്ചറിയാൻ കഴിയാതെ ആളുകൾ വട്ടം കറങ്ങുകയാണ്.
സർവത്ര മായം
പാം കർനൽ ഓയിൽ ( എണ്ണപ്പന ഓയിൽ), പരുത്തിക്കുരു എണ്ണ, നിലക്കടല എണ്ണ, ഓയിൽ തുടങ്ങി വിലയും ഗുണവും കുറഞ്ഞ മറ്റ് എണ്ണകളാണ് വെളിച്ചെണ്ണയിൽ ചേർക്കുന്നത്. ലിക്വിഡ് പാരാഫിൻ എന്ന രാസ പദാർത്ഥത്തിൽ നാളികേരത്തിന്റെ ഫ്‌ളേവർ ചേർത്തും വ്യാജ വെളിച്ചെണ്ണ നിർമ്മിക്കുന്നുണ്ട്. കുടൽ ക്യാൻസർ തുടങ്ങി മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന മിനറൽ ഓയിൽ, പാരഫിൻ വാക്‌സ് അല്ലെങ്കിൽ ദ്രവ പാരഫിൻ തുടങ്ങിയവയും കലർത്തുന്നു.
വ്യാജനെ കണ്ടെത്താം
ചില്ലു ഗ്ളാസിൽ വെളിച്ചെണ്ണയെടുത്ത് അര മണിക്കൂർ ഫ്രിഡ്ജിൽ (ഫ്രീസറിലല്ല) സൂക്ഷിക്കുക. ശുദ്ധമായ വെളിച്ചെണ്ണയാണെങ്കിൽ കട്ടയാകും. നിറവും ഉണ്ടാകില്ല. മായമുണ്ടെങ്കിൽ വേറിട്ടു നിൽക്കുകയും നിറവ്യത്യാസം കാണിക്കുകയും ചെയ്യും. നേരിയ ചുവപ്പു നിറമുണ്ടെങ്കിൽ ആർജിമോൺ ഓയിൽ ചേർത്തിട്ടുണ്ടെന്ന് സംശയിക്കാം. മഞ്ഞ വെണ്ണ ചേർക്കുമ്പോൾ നിറം ചുവപ്പായി മാറുന്നുണ്ടെങ്കിൽ കെമിക്കൽ/പെട്രോളിയം മായത്തിനും തെളിവാണ്. ശേഖരിച്ച സാമ്പിളുകളുടെ ഫലം ഉടൻ വരും. മായം കലർന്നതായി കണ്ടെത്തിയാൽ കർശന നടപടിയെടുക്കാനാണ് തീരുമാനം.”സക്കീർ ഹുസൈൻ, ഭക്ഷ്യസുരക്ഷ അസി.കമ്മിഷണർ.
Source link