വൈദ്യുതി ഉത്പാദനം നിലച്ചു; ക്യൂബ ഇരുട്ടിൽ

ഹവാന: വൈദ്യുതി ഉത്പാദന കേന്ദ്രം നിലച്ചതോടെ ക്യൂബ ഇരുട്ടിൽ. രാജ്യത്തെ ഏറ്റവും വലിയ ഊർജോത്പാദന കേന്ദ്രമായ അന്റോണിയോ ഗ്വിറ്റെരാസ് താപവൈദ്യുതി നിലയം വെള്ളിയാഴ്ച ഉച്ചയോടെയാണു നിലച്ചത്. ഇതോടെ രാജ്യത്തെ ഒരു കോടി ജനങ്ങൾക്കു മൊത്തം വൈദ്യുതി ഇല്ലാതായി. വൈദ്യുതി ഉത്പാദനം എപ്പോൾ പുനരാരംഭിക്കും എന്നതിൽ ക്യൂബൻ സർക്കാരിനു വലിയ ധാരണയില്ല. അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ സ്കൂളുകൾക്ക് തിങ്കളാഴ്ച വരെ അവധി നല്കി. നിശാ ക്ലബ്ബുകൾ പോലുള്ള അവശ്യയിതര കേന്ദ്രങ്ങളും തുറക്കേണ്ടെന്നു സർക്കാർ നിർദേശിച്ചു. അവശ്യയിതര വിഭാഗങ്ങളിലെ സർക്കാർ സേവനങ്ങളും നിലച്ചു.
ഇന്ധന പ്രതിസന്ധി മൂലം ക്യൂബയിൽ ദൈർഘ്യമേറിയ പവർകട്ടുകൾ പതിവാണ്. വ്യാഴാഴ്ച പ്രധാനമന്ത്രി മാനുവൽ മരേരോ രാജ്യത്ത് ഊർജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് രാജ്യത്തു മൊത്തം വൈദ്യുതി ഇല്ലാതായത്. പശ്ചാത്തലവികസനം നടക്കാത്തതും ഇന്ധനക്ഷാമവുമാണ് വൈദ്യുതി പ്രതിസന്ധിക്കു കാരണമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അടിയന്തര പ്രാധാന്യത്തോടെയാണ് വിഷയത്തെ കാണുന്നതെന്നും വൈദ്യുതി ഉത്പാദനം പുനസ്ഥാപിക്കുന്നതുവരെ വിശ്രമമില്ലെന്നും പ്രസിഡന്റ് മിഗ്വേൽ ഡയസ് കാനൽ ഇന്നലെ പറഞ്ഞു.
Source link