KERALAM

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കുന്നത്  ഉചിതമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന സാഹചര്യത്തിൽ ഇത്തരം പരാതികൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് ഒരു സ്ഥിരം സമിതി രൂപീകരിക്കേണ്ടത് ഉചിതമായിരിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

സമിതിയിൽ നഗരസഭ,പൊലീസ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അംഗങ്ങളാകണമെന്നും സ്ഥിരം സമിതി രൂപീകരിക്കുന്നത്സംബന്ധിച്ച് നഗരസഭ സെക്രട്ടറി, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ, പൊതുമരാമത്ത് നിരത്തുകൾ വിഭാഗം ചീഫ് എഞ്ചിനീയർ എന്നിവരുടെ അഭിപ്രായം അറിയിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

വിഷയത്തിൽ ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ള വിധികളുടെ പകർപ്പുകൾ സമാഹരിച്ച് അതിന്റെ അടിസ്ഥാനത്തിൽ ആക്ഷൻ പ്ലാനിന് രൂപം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.ഡിസംബർ 5 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമ്പോൾ നഗരസഭാ സെക്രട്ടറി നിയോഗിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥനും സിറ്റി പൊലീസ് കമ്മീഷണർ നിയോഗിക്കുന്ന അസിസ്റ്റന്റ് കമ്മീഷണർ റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥനും പൊതുമരാമത്ത് ചീഫ് എഞ്ചിനീയർ നിയോഗിക്കുന്ന മുതിർന്ന എഞ്ചിനീയറും സിറ്റിംഗിൽ ഹാജരായി വിവരങ്ങൾ കമ്മീഷനെ ബോധ്യപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.

നടപ്പാതകളിലെ പരസ്യബോർഡുകൾക്കും പാതയോരങ്ങളുടേയും പൊതുഗതാഗതത്തിന്റെയും ശോചനീയാവസ്ഥക്കുമെതിരെ പൂർണമായും കാഴ്ച വെല്ലുവിളി നേരിടുന്ന സർക്കാർ ഉദ്യോഗസ്ഥനായ നിധീഷ് ഫിലിപ്പ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.


Source link

Related Articles

Back to top button