അമ്മയ്‌ക്കൊപ്പം നടന്നുവരികയായിരുന്ന ആറ് വയസുകാരിയെ പുലി കടിച്ചുകൊണ്ടുപോയി; മൃതദേഹം കണ്ടെത്തി

കൽപ്പറ്റ: വാൽപ്പാറയിൽ കേരള – തമിഴ്നാട് അതിർത്തിയിൽ ആറ് വയസുകാരിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തി. ജാർഖണ്ഡ് സ്വദേശികളുടെ മകൾ അപ്സര ഖാത്തൂൻ ആണ് മരിച്ചത്. അമ്മയ്‌ക്കൊപ്പം പോകുന്നതിനിടെ കുട്ടിയെ പുലി കടിച്ചുകൊണ്ടുപോകുകയായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ തെരച്ചിലിൽ കുട്ടിയുടെ മൃതദേഹം പിന്നീട് വനാതിർത്തിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മൃതദേഹം വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. തോട്ടം തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കൾ.
ചായ കുടിക്കാൻ വേണ്ടി തേയിലത്തോട്ടത്തിലൂടെ പോകുകയായിരുന്നു യുവതിയും കുട്ടിയും. ഇതിനിടയിൽ തേയിലത്തോട്ടതിൽ പതുങ്ങിയിരുന്ന പുള്ളിപ്പുലി മുന്നിലെത്തുകയായിരുന്നു. അമ്മയുടെയും കുട്ടിയുടെയും കരച്ചിൽ കേട്ട് പ്രദേശവാസികളും തൊഴിലാളികളുമൊക്കെ ഇങ്ങോട്ടേക്ക് ഓടിയെത്തുകയായിരുന്നു. ആദ്യഘട്ടത്തിൽ തേയിലത്തോട്ടത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവരെത്തി വനാതിർത്തിയോട് ചേർന്ന് പരിശോധന നടത്തുകയായിരുന്നു. ഇതിലാണ് മൃതദേഹം കണ്ടെത്തിയത്. പതിവായി കാട്ടാന അടക്കമുള്ള വന്യമൃഗ ശല്യമുള്ള സ്ഥലമാണിത്.
Source link