KERALAM

പഠനം തുരുതുരാ, ദുരിതം ബാക്കി; വയനാട് ദുരന്തത്തിന് ഇന്ന് രണ്ടു മാസം

ശ്രീകുമാർപള്ളീലേത്ത്,​ പ്രദീപ് മാനന്തവാടി | Monday 30 September, 2024 | 12:00 AM

തിരുവനന്തപുരം: കേരളത്തെ നടുക്കിയ വയനാട് ദുരന്തം നടന്നിട്ട് ഇന്ന് രണ്ടു മാസം. ജൂലായ് 30ന് അർദ്ധരാത്രിയോടെയായിരുന്നു ദുരന്തം. അനൗദ്യോഗിക കണക്കു പ്രകാരം 500 പേരെങ്കിലും മരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നേരിട്ടെത്തി കഷ്ടതകൾ കണ്ടു. പിന്നാലെ കേന്ദ്ര വിദഗ്ദ്ധസംഘമെത്തി (ഇന്റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീം- ഐ.എം.സി.ടി)​ പഠനം നടത്തി.

അവരുടെ നിർദ്ദേശപ്രകാരം സംസ്ഥാനം 1200 കോടിയുടെ നാശനഷ്ടം കണക്കാക്കി നിവേദനം കേന്ദ്രത്തിന് കൈമാറി. പിന്നീട് പുനരധിവാസ പാക്കേജിന് 2000 കോടികൂടി കണക്കാക്കി അനുബന്ധ റിപ്പോർട്ടും നൽകി. എന്നാൽ, ഇതുവരെ കേന്ദ്രത്തിൽ നിന്ന് സഹായം ലഭ്യമായിട്ടില്ല.

പിന്നീട് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് റിട്ട. ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം സ്ഥലം സന്ദർശിച്ച് പഠനം നടത്തി. സെപ്തംബർ 25ന് റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറി. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ കനത്ത മഴ താങ്ങാൻ മണ്ണിനു ശേഷിയില്ലാതെ ഉരുൾപൊട്ടലുണ്ടായെന്നാണ് കണ്ടെത്തിയത്.

ദുരന്തത്തിന്റെ കാരണങ്ങൾ പഠിക്കാനും പരിഹാരം നിർദ്ദേശിക്കാനും ദുരന്ത നിവാരണ ആക്ട് പ്രകാരവും സംസ്ഥാന സർക്കാർ ഒരു സമിതിയെ നിയോഗിച്ചു. ജിയോളിജിക്കൽ സർവേ ഒഫ് ഇന്ത്യ റിട്ട.ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സി.മുരളീധരന്റെ നേതൃത്വത്തിലുള്ള ഉരുൾപൊട്ടൽ/ മണ്ണിടിച്ചിൽ ഉപദേശക സമിതി. രണ്ടു ദിവസത്തിനുള്ളിൽ സമിതി സർക്കാരിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോർട്ടുകൂടി പരിഗണിച്ചാവും സമിതി അന്തിമ റിപ്പോർട്ട് തയ്യാറാക്കുക.

വയനാടിനുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിൽ ഇതുവരെ ലഭിച്ചത്: 458,​15,​96,​116 രൂപ

ധനസഹായ വിതരണം

10,000 രൂപവീതം 800ഓളം കുടുംബങ്ങൾക്ക് വിതരണം ചെയ്തു. 50ഓളം കുടുംബങ്ങൾക്ക് ധനസഹായം കിട്ടാനുണ്ട്.

ജീവനോപാധിയായി ഒരു കുടുംബത്തിലെ രണ്ടു പേർക്ക് പ്രതിദിനം 300 രൂപ വീതം പ്രഖ്യാപിച്ചെങ്കിലും എല്ലാവർക്കും തുക കൃത്യമായി കിട്ടുന്നില്ല.സ്ഥിരം പുനരധിവാസത്തിന് കൽപ്പറ്റ നഗരസഭയിലെ എൽസ്റ്റൺ എസ്റ്റേറ്റും നെടുമ്പാല ഹാരിസൺസ് മലയാളം പ്ലാന്റേഷൻ എസ്റ്റേറ്റുമാണ് പരിഗണനയിലുള്ളത്.നിയമക്കുരുക്കിലാണ് എൽസ്റ്റൺ എസ്റ്റേറ്റ്. രണ്ടുമാസമായി അടഞ്ഞുകിടക്കുന്നു. ഹാരിസൺസ് ഭൂമി അവകാശത്തർക്കത്തിലും. പതിറ്റാണ്ടുകളായി സർക്കാരും ഹാരിസണും തമ്മിലുളള കേസ് നിലനിൽക്കുന്നുണ്ട്.

231:

സ്ഥിരീകരിച്ച

മരണം

78:

കാണാതായവർ

81:

കണ്ടെത്തിയ

ശരീരഭാഗങ്ങൾ

183

പൂർണമായും അപ്രത്യക്ഷമായ വീടുകൾ

145

ഭാഗികമായി തകർന്ന വീടുകൾ


Source link

Related Articles

Back to top button