അഹമ്മദാബാദ് ∙ ‘ഡിജിറ്റൽ അറസ്റ്റ്’ എന്ന വ്യാജേന രാജ്യത്തുടനീളം ആയിരത്തിലേറെ പേരെ കബളിപ്പിച്ച സൈബർ തട്ടിപ്പുസംഘം പിടിയിൽ. ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, കർണാടക, ഒഡീഷ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിലൂടെ 4 തയ്‌വാൻ സ്വദേശികൾ ഉൾപ്പെടെ 17 പേരെയാണ് അഹമ്മദാബാദ് സൈബർ ക്രൈംബ്രാഞ്ച് പിടികൂടിയത്. ഇവരിൽനിന്ന് 12.75 ലക്ഷം രൂപ, 761 സിംകാർഡ്, 120 മൊബൈൽ ഫോൺ, 96 ചെക്ക് ബുക്ക്, 92 ഡെബിറ്റ് ക്രെഡിറ്റ് കാർഡ്, 42 ബാങ്ക് പാസ് ബുക്ക് എന്നിവ പിടിച്ചെടുത്തു.
കള്ളപ്പണം വെളുപ്പിക്കൽ, മയക്കുമരുന്നുകടത്തൽ, കള്ളക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പേരിൽ ബന്ധുക്കളെ പിടികൂടിയെന്നു വിശ്വസിപ്പിക്കുകയും അന്വേഷണത്തിൽനിന്ന് ഒഴിവാക്കാൻ പണം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് തട്ടിപ്പുസംഘത്തിന്റെ രീതി.
റിസർവ് ബാങ്കുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ തന്നെ ഡിജിറ്റൽ അറസ്റ്റിലാക്കിയ തട്ടിപ്പുസംഘം പ്രോസസിങ് ഫീയായി 79.34 ലക്ഷം രൂപ ഈടാക്കിയെന്ന് ഒരു മുതിർന്ന പൗരൻ നൽകിയ പരാതിയെത്തുടർന്നായിരുന്നു അന്വേഷണമെന്ന് ജോയിന്റ് കമ്മിഷണർ ശരദ് സിംഗാൾ പറഞ്ഞു. ട്രായ്, സിബിഐ, സൈബർ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരായി ചമഞ്ഞ സംഘം പണം തിരിച്ചുകിട്ടുമെന്ന് വിശ്വസിപ്പിച്ചാണു തട്ടിപ്പു നടത്തിയത്.
രാജ്യവ്യാപകമായി ആയിരത്തിലേറെ പേരെ ഇതേവിധത്തിൽ കബളിപ്പിച്ചിട്ടുണ്ടാകുമെന്നു കരുതുന്നതായി സിംഗാൾ പറഞ്ഞു. സന്ദർശക വീസയിൽ ഒരുവർഷം മുൻപ് ഇന്ത്യയിലെത്തിയവരാണ് അറസ്റ്റിലായ തയ്‌വാൻ സ്വദേശികൾ. ബാങ്ക് അക്കൗണ്ടിൽനിന്നു പണം കൈമാറാനും മൊബൈൽ ആപ്പുകൾ കൈകാര്യം ചെയ്യാനുമുള്ള സാങ്കേതിക പിന്തുണ നൽകിവന്നത് ഇവരായിരുന്നു.
അറസ്റ്റിലായ മറ്റു 13 പേർ ഗുജറാത്ത്, മഹാരാഷ്ട്ര, ജാർഖണ്ഡ്, ഒഡീഷ, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ളവരാണ്. കൈമാറിക്കിട്ടുന്ന പണം ക്രിപ്റ്റോ കറൻസിയാക്കി ദുബായിലെ അക്കൗണ്ടുകളിലേക്കു മാറ്റുകയാണ് ഇവരുടെ രീതി. കോൾ സെന്ററുകളുടെ മാതൃകയിൽ രൂപപ്പെടുത്തിയ വ്യാജ ഓഫിസുകളിൽനിന്നാണു പ്രവർത്തനം.
ഡിജിറ്റൽ അറസ്റ്റ്
സിബിഐയിലെയോ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെയോ ഉദ്യോഗസ്ഥരായി ചമഞ്ഞ് വിഡിയോ കോളിലൂടെ ബന്ധപ്പെട്ട് ആളുകളെ മണിക്കൂറുകളോളം കുടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നതാണു ഡിജിറ്റൽ അറസ്റ്റ്. കുറ്റകൃത്യത്തിൽ നിന്നൊഴിവാക്കാൻ വലിയ തുക ഓൺലൈനിലൂടെ കൈമാറ്റം ചെയ്യാൻ നിർബന്ധിക്കുകയും പണംകിട്ടിയശേഷം അപ്രത്യക്ഷരാവുകയുമാണ് തട്ടിപ്പിന്റെ രീതി.
English Summary:
Cyber fraud: 17 member gang arrested in Gujarat
Source link