ക്വാറികളോ കൈയേറ്റമോ അല്ല, വയനാട് ദുരന്തത്തിന് കാരണം മറ്റൊന്ന്; റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം:വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് കാരണം കൈയേറ്റങ്ങളോ ക്വാറികളോ അല്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന് കേരള പരിസ്ഥിതി വകുപ്പ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പരിസ്ഥിതി വകുപ്പ് സെക്രട്ടറി ഡോ.രത്തൻ യു.ഖേൽക്കറാണ് ട്രൈബ്യൂണലിന്റെ ചെന്നൈ ബഞ്ചിന് റിപ്പോർട്ട് നൽകിയത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് നേതൃത്വത്തിൽ രാജ്യത്തെയും വിദേശത്തെയും ശാസ്ത്രജ്ഞരുൾപ്പെട്ട സംഘം മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. ഉരുൾപൊട്ടിയതിന് 10 കിലോമീറ്റർ ചുറ്രളവിൽ പ്രവർത്തിക്കുന്ന ക്വാറികൾ ഇല്ല. കൊടുംവനമായതിനാൽ മനുഷ്യ കൈയേറ്റങ്ങളും ഇല്ല. വയനാട്ടിൽ 27 ക്വാറികൾക്ക് സംസ്ഥാന പരിസ്ഥിതി ആഘാത അതോറിറ്റി അനുമതി നൽകിയെങ്കിലും എട്ടെണ്ണമേ പ്രവർത്തിക്കുന്നുള്ളൂ. 20,000 ചതുരശ്രമീറ്ററിൽ കൂടുതൽ വിസ്തൃതിയുള്ള കെട്ടിടങ്ങൾക്കും നിർമാണ അനുമതിയില്ല. രാജ്യത്തുണ്ടായ സമാന ദുരന്തങ്ങളിൽ ഏറ്റവും വലുതാണ് വയനാട്ടിൽ സംഭവിച്ചതെന്നും റിപ്പോർട്ടിലുണ്ട്. ക്വാറികൾ പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാൽ ഉരുൾ പൊട്ടലിന് വഴി വയ്ക്കില്ലെന്നും വിദഗ്ദ്ധർ പറയുന്നു.
ചെറിയ പൊട്ടലുകളുടെ നിര സൃഷ്ടിച്ച് നിശ്ചിത പരിധിയിൽ മാത്രം വിള്ളലുണ്ടാക്കുന്ന ‘നോനൽ ബ്ളാസ്റ്റിംഗ് ‘ ( നോൺ ഇലക്‌ടിക് ) ആണ് ഇപ്പോൾ വലിയ ക്വാറികളിൽ ഉപയോഗിക്കുന്നത്.
Source link