INDIA

ലോറൻസ് ബിഷ്ണോയ്: അധോലോകത്തിന്റെ പുതിയ മേൽവിലാസം

ലോറൻസ് ബിഷ്ണോയ്: അധോലോകത്തിന്റെ പുതിയ മേൽവിലാസം – Lawrence Bishnoi: new address of the Underworld | India News, Malayalam News | Manorama Online | Manorama News

ലോറൻസ് ബിഷ്ണോയ്: അധോലോകത്തിന്റെ പുതിയ മേൽവിലാസം

ജെറി സെബാസ്റ്റ്യൻ

Published: October 15 , 2024 02:46 AM IST

Updated: October 15, 2024 10:18 AM IST

1 minute Read

ലോറൻസ് ബിഷ്ണോയി. ചിത്രം: DoorDarshan

മുംബൈ ∙ 11 സംസ്ഥാനങ്ങളിലായി 700 ഷൂട്ടർമാർ; പഞ്ചാബിൽ മാത്രം 300 പേർ. മഹാരാഷ്ട്ര മുൻമന്ത്രി ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തമേറ്റ ബിഷ്ണോയ് സംഘം രാജ്യത്തെ ഏറ്റവും കുപ്രസിദ്ധമായ ഗുണ്ടാ സിൻഡിക്കറ്റാണ്. പഞ്ചാബി ഗായകൻ സിദ്ദു മൂസവാല, കർണിസേന തലവൻ സുഖ്ദേവ് സിങ് തുടങ്ങിയവരുടെ കൊലപാതകങ്ങളിലും ഈ സംഘത്തെയാണു സംശയം.

ഗുജറാത്തിലെ സബർമതി ജയിലിലാണെങ്കിലും, 31 വയസ്സ് മാത്രമുള്ള സംഘത്തലവൻ ലോറൻസ് ബിഷ്ണോയ് എന്ന പേര് കേൾക്കുമ്പോൾ ബോളിവുഡ് ഞെട്ടും. ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജൻ സംഘങ്ങളുടെ വിളയാട്ടം നടന്ന 1990കളുടെ ഭീതി വീണ്ടും ഉണർത്തുന്ന തരത്തിലാണ് ബിഷ്ണോയ് സംഘത്തിന്റെ അധോലോക പ്രവർത്തനം.

വിദ്യാർഥിയായിരിക്കെ വധശ്രമത്തിന് ജയിലിൽ
പഞ്ചാബിലെ ഫിറോസ്പുർ ജില്ലയിലെ സമ്പന്ന കർഷകകുടുംബത്തിലാണ് ജനനം. അച്ഛൻ ഹരിയാന പൊലീസിൽ കോൺസ്റ്റബിളായിരുന്നു. നിയമപഠനത്തിനു ചണ്ഡിഗഡിലെ ഡിഎവി കോളജിലേക്കു പോയതോടെയാണ് ഗുണ്ടാപ്രവർത്തനങ്ങൾ തുടങ്ങിയത്. 2009 ൽ അന്നത്തെ യൂണിയൻ പ്രസിഡന്റ് ഉദയ് വാറിങ്ങിനു നേർക്കു നിറയൊഴിച്ചതിനാണ് ആദ്യമായി ജയിലിലാകുന്നത്.

അന്നു ജയിലിൽനിന്നിറങ്ങിയാണ് ഗുണ്ടാസംഘത്തെ ബിഷ്ണോയ് സംഘടിപ്പിക്കുന്നത്. ഇടക്കാലത്തു സ്റ്റുഡന്റ് ഓർഗനൈസേഷൻ ഓഫ് പഞ്ചാബ് യൂണിവേഴ്സിറ്റി (എസ്ഒപിയു) യുടെ യൂണിറ്റ് പ്രസി‍ഡന്റായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പഠനം പൂർത്തിയാക്കാതെ കോളജ് വിട്ടു. സഹപാഠിയായിരുന്ന ഗോൾഡി ബ്രാർ എന്നറിയപ്പെടുന്ന സതീന്ദർജിത് സിങ് (ഇപ്പോൾ കാനഡയിൽ) ഉൾപ്പെടെയുള്ളവർ ഗുണ്ടാസംഘത്തിൽ ഉൾപ്പെട്ടു. ബിഷ്ണോയ് ജയിലിലാണെങ്കിലും സിൻഡിക്കറ്റിനു നേതൃത്വം നൽകുന്നത് ഗോൾഡി ബ്രാറും ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയിയുമാണ്.
ഭീഷണിപ്പെടുത്തി പണംതട്ടിയതു മുതൽ കൊലപാതകം വരെയുള്ള കേസുകൾ. ആദ്യം തിഹാർ ജയിലിലും പിന്നീടു ഗുജറാത്ത് ജയിലിലും ആയെങ്കിലും സംഘാംഗങ്ങളെ നിയോഗിച്ചുള്ള കുറ്റകൃത്യങ്ങൾക്കു കുറവില്ല. വ്യവസായികൾ, രാഷ്ട്രീയ നേതാക്കൾ എന്നിവരാണു പ്രധാന ലക്ഷ്യം. അയൽരാജ്യങ്ങളിൽനിന്നു ലഹരിമരുന്ന് ഇന്ത്യയിൽ എത്തിച്ച് വിൽപന നടത്തുന്നതിലും സജീവമാണ്. ഗുണ്ടയിൽനിന്നു രാഷ്ട്രീയക്കാരനായി മാറിയ റോക്കി എന്ന ജസ്‌വിന്ദർ സിങ് ഒപ്പം കൂടിയത് രാജസ്ഥാൻ–പഞ്ചാബ് അതിർത്തിയിൽ സംഘത്തിന്റെ സ്വാധീനം കൂട്ടി. എന്നാൽ, 2020 ൽ ഹിമാചൽപ്രദേശിലെ ഗുണ്ടാ ഏറ്റുമുട്ടലിൽ റോക്കി കൊല്ലപ്പെട്ടു.

സൽമാൻ എന്ന ശത്രു
ബിഷ്ണോയ് സമുദായം വിശുദ്ധമായി കാണുന്ന കൃഷ്ണമൃഗത്തെ 1998 ൽ സൽമാൻ ഖാൻ വേട്ടയാടിയതാണ് ലോറൻസ് സംഘത്തിന്റെ പകയ്ക്കു കാരണം. മാപ്പ് പറഞ്ഞില്ലെങ്കിൽ നടനെ വധിക്കുമെന്ന് മുന്നറിയിപ്പു നൽകിയ ഇവരുടെ ഭീഷണിയുടെ നിഴലിലാണ് 2018 മുതൽ സൽമാൻ. കഴിഞ്ഞ ഏപ്രിൽ 14ന് സൽമാന്റെ വീടിനു നേരെ വെടിവയ്പുണ്ടായി. കേസിൽ ബിഷ്ണോയ് സംഘത്തിനെതിരെ കുറ്റപത്രം നൽകിയതിനു പിന്നാലെയാണ് ബാബാ സിദ്ദിഖി കൊല്ലപ്പെട്ടത്.

English Summary:
Lawrence Bishnoi: new address of the Underworld

3sd9gqnmtr53jcpp1ts94a8pp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-common-mumbainews mo-crime-lawrencebishnoi jerry-sebastian mo-news-national-states-maharashtra mo-crime-crime-news


Source link

Related Articles

Back to top button