INDIALATEST NEWS

ചെന്നൈയിൽ കനത്ത മഴയ്ക്ക് സാധ്യത, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; കേരള തീരത്ത് റെഡ് അലർട്ട്


ചെന്നൈ∙ തമിഴ്‌നാട്ടിലെ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പട്ട് ജില്ലകളിൽ ഇന്നു കനത്ത മഴയ്ക്കു സാധ്യതയെന്നു മുന്നറിയിപ്പ്. ഈ ജില്ലകളിലെ സ്കൂളുകൾക്കും കോളജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. ഐടി കമ്പനികളിലെ ജീവനക്കാർക്ക് ഒക്ടോബർ 18 വരെ വർക് ഫ്രം ഹോം അനുവദിക്കണമെന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആവശ്യപ്പെട്ടു. അടുത്ത മൂന്നു ദിവസം തമിഴ്നാടിന്റെ വിവിധ ഇടങ്ങളിൽ കനത്ത മഴയാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ 16 വരെ തീവ്ര, അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. 14,15 തീയതികളിലാണ് ഏറ്റവും ശക്തമായ മഴ. 16 വരെ ഇവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

കേരള തീരത്ത് 15ന് പുലർച്ചെ 5.30 മുതൽ 16ന് രാത്രി 11.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ തൂത്തുക്കുടി– കന്യാകുമാരി തീരങ്ങളിലും ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രതാ മുന്നറിയിപ്പ് നൽകി.

കേരളത്തിലും മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇടിമിന്നലോടു കൂടിയ മഴയാണു പ്രവചിക്കുന്നത്. 15ന് മലപ്പുറം, കണ്ണൂർ, 16ന് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, 17ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കും.
15ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർകോട്, 16ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ, 17ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, 18ന് കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും.


Source link

Related Articles

Back to top button