ഇ-ടെൻഡർ പിൻവലിച്ചു, വെട്ടിപ്പിന്റെ വഴിയേ വീണ്ടും തൊഴിലുറപ്പ് നിർമ്മാണം

തിരുവനന്തപുരം: വെട്ടിപ്പ് തടയാൻ,​ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലെ നിർമ്മാണങ്ങൾക്കുള്ള സാമഗ്രികൾ ഇ-ടെൻഡർ ചെയ്യാനുള്ള ഉത്തരവ് സർക്കാർ പിൻവലിച്ചു. ഇതോടെ കരാറുകാർക്കു തന്നെ ചല്ലി, സിമന്റ്, കമ്പി തുടങ്ങിയവ നേരിട്ടു വാങ്ങാൻ വീണ്ടും അവസമൊരുങ്ങി. മാർക്കറ്റ് വിലയേക്കൾ വളരെ ഉയർന്ന റേറ്റാണ് സിമന്റിനും കമ്പിക്കും മറ്റും കരാറുകാർ ബില്ലിൽ കാണിക്കാറ്.

ക്രമക്കേട് ലോക്കൽ ഫണ്ട് ഓഡിറ്റിൽ കണ്ടെത്തിയതിനെ തുട‌ർന്നാണ് ഇ-ടെൻ‌ഡർ ഏർപ്പെടുത്തിയത്. ബ്ലോക്ക് പഞ്ചായത്തുകൾ ഇ-ടെൻഡറിലൂടെ വാങ്ങി ഗ്രാമപഞ്ചായത്തുകൾക്ക് നൽകാൻ കഴിഞ്ഞ ഫെബ്രുവരി 27നാണ് ഉത്തരവിറക്കിയത്.

പക്ഷേ,​ വെട്ടിപ്പ് വിഹിതം കിട്ടില്ലെന്നതായതോടെ അട്ടിമറിക്കപ്പെട്ടു. സാമഗ്രികൾ ലഭ്യമാകാൻ കാലതാമസം എടുക്കുന്നെന്ന് കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷനും വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരും പരാതി നൽകി. തുടർന്നാണ് ഇ-ടെൻഡർ ഉപേക്ഷിച്ചത്.

കാലതാമസമെന്ന് വരുത്താൻ ആസൂത്രിത നീക്കം നടന്നെന്നാണ് ആക്ഷേപം. ബ്ലോക്ക് പഞ്ചായത്തുകൾ ടെൻഡർ നടപടി തുടങ്ങിയപ്പോഴേ തടയിടാൻ ശ്രമം തുടങ്ങി. ഇ- ടെൻഡർ തുറന്ന് അടുത്തഘട്ടത്തിലേക്ക് പോകരുതെന്ന് വിവിധ തലങ്ങളിൽ നിന്ന് സമ്മർദ്ദമുണ്ടായി. ഇങ്ങനെ കാലതാമസം വരുത്തിച്ച ശേഷം നിർമ്മാണം വൈകിയതായി പ്രചരിപ്പിച്ചു.

ഗ്രാമപഞ്ചായത്തുകൾ നിർമ്മാണ പ്രവർത്തനങ്ങളുടെ 40 ശതമാനം തൊഴിലുറപ്പുകാരെക്കൊണ്ട് ചെയ്യിക്കണമെന്നാണ് നിയമം. നടപ്പാത,​ കലുങ്ക്,​ ചെറു പാലങ്ങൾ എന്നിവയുടെയൊക്കെ നിർമ്മാണം ഉൾപ്പെടുന്നു.

400 രൂപയ്ക്ക് കിട്ടേണ്ട

സിമന്റിന് 650

 കരാറുകാർ ഒരു ചാക്ക് സിമന്റ് വില 650 രൂപ എന്നാണ് ബില്ലിൽ കാണിച്ചത്

 ഇ-ടെൻഡർ വിളിച്ചപ്പോൾ മലബാർ സിമന്റ്സ് നൽകാമെന്നേറ്റത് 400 രൂപയ്ക്ക്

 ഒരു ചാക്കിൽ മാത്രം വ്യത്യാസം 250 രൂപ. വെട്ടിപ്പിന്റെ വ്യാപ്തി ഇതിലൂടെ വ്യക്തം

മേൽനോട്ടമില്ല; എല്ലാം

തോന്നുംപടി

1 മറ്റു വകുപ്പുകളിലേതുപോലുള്ള മേൽനോട്ടം തൊഴിലുറപ്പ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കില്ല

2 അതിനാൽ, നിശ്ചിത അളവിൽ സിമന്റും കമ്പിയുമൊക്കെ ഉപയോഗിക്കുന്നോയെന്ന് അറിയാനുമൊക്കില്ല

3 കരാറുകാർ തന്നെ ഇതെല്ലാം തീരുമാനിക്കും. സമർപ്പിക്കുന്ന ബില്ലുകൾ കൃത്യമായി മാറിക്കിട്ടും

110 കോടി

നിർമ്മാണ പ്രവൃത്തികൾക്ക് ഈ സാമ്പത്തിക വർഷം ഇതുവരെ ചെലവിട്ടത്

428 കോടി

കഴിഞ്ഞ സാമ്പത്തിക വർഷം ചെലവിട്ടത്


Source link
Exit mobile version