ഷാങ്ഹായ് സഹകരണ കൗൺസിൽ ഉച്ചകോടി; വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാക്കിസ്ഥാനിൽ
മാറാനിടയില്ല, ഇന്ത്യ–പാക്ക് ബന്ധം; ഷാങ്ഹായ് സഹകരണ കൗൺസിൽ ഉച്ചകോടിക്കായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാക്കിസ്ഥാനിൽ – India-Pakistan relation may not change | India News, Malayalam News | Manorama Online | Manorama News
ഷാങ്ഹായ് സഹകരണ കൗൺസിൽ ഉച്ചകോടി; വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാക്കിസ്ഥാനിൽ
ആർ. പ്രസന്നൻ
Published: October 16 , 2024 02:58 AM IST
1 minute Read
എസ്.ജയശങ്കർ
ന്യൂഡൽഹി ∙ ഒൻപതു കൊല്ലത്തിനുശേഷം ആദ്യമായി ഇന്ത്യൻ വിദേശകാര്യമന്ത്രി പാക്കിസ്ഥാനിലെത്തിയെങ്കിലും ഇന്ത്യ–പാക്ക് ബന്ധങ്ങളിൽ നാടകീയമായ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല.
ഷാങ്ഹായ് സഹകരണ കൗൺസിൽ സമ്മേളനത്തിൽ പങ്കെടുക്കാനാണ് താൻ പോകുന്നതെന്നും പാക്കിസ്ഥാൻ നേതൃത്വവുമായി ഉഭയകക്ഷി ചർച്ചകളൊന്നുമുണ്ടാകില്ലെന്നും കഴിഞ്ഞദിവസം വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കിയിരുന്നു. എന്നിരിക്കിലും പ്രധാന സമ്മേളനത്തിനു സമാന്തരമായി അനൗപചാരിക കൂടിക്കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കാവുന്നതാണ്. പ്രത്യേകിച്ചും ഇരു രാജ്യങ്ങളും തമ്മിൽ അടുപ്പമുണ്ടാക്കുന്നതിൽ ഇരുവരുടെയും സുഹൃത്തായ റഷ്യ അടുത്തകാലത്തായി താൽപര്യം കാട്ടിത്തുടങ്ങിയതിന്റെ പശ്ചാത്തലത്തിൽ.
പാക്കിസ്ഥാൻ ഭീകരപ്രവർത്തനം ഒരു ദേശീയനയമായി സ്വീകരിച്ചിരിക്കുകയാണെന്നും അത് അവസാനിപ്പിക്കാതെ ചർച്ചകൾ നടത്താനാവില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്. 2001–ലെ പാർലമെന്റ് ആക്രമണത്തെത്തുടർന്ന് ഇതേ നിലപാട് സ്വീകരിച്ചിരുന്ന ഇന്ത്യ, 2004–ലെ സാർക് ഉച്ചകോടി അടുത്തതോടെ ചർച്ചയ്ക്ക് തയാറായിരുന്നു. പാക്ക് നിയന്ത്രിതഭൂമിയിൽനിന്ന് ഇന്ത്യയ്ക്കെതിരെ ഭീകരപ്രവർത്തനം അനുവദിക്കില്ലെന്ന് ഉറപ്പുനൽകാമെന്ന് അറിയിച്ചതോടെ പ്രധാനമന്ത്രി വാജ്പേയി പാക്കിസ്ഥാൻ സന്ദർശിക്കുകയും ചെയ്തു.
റഷ്യൻ സമ്മർദത്തിനു വഴങ്ങി ആ രീതിയിലുള്ള ഉറപ്പെന്തെങ്കിലും നൽകാൻ പാക്കിസ്ഥാൻ തയാറാണെന്നു സൂചന ലഭിച്ചാൽ വരും ആഴ്ചകളിൽ അനൗപചാരിക കൂടിക്കാഴ്ചകൾ ഉണ്ടായെന്നും വരാം. ഏതായാലും ഉച്ചകോടിക്കിടയിൽ പ്രഖ്യാപനങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. ഇന്നലെ രാത്രി പാക്ക് പ്രധാനമന്ത്രി നൽകിയ അനൗപചാരിക വിരുന്നിൽ മറ്റു നേതാക്കൾക്കൊപ്പം ജയശങ്കർ പങ്കെടുക്കുകയും ചെയ്തു.
2015–ൽ അന്നത്തെ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സന്ദർശനത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അപ്രതീക്ഷിതമായി ലഹോറിൽ അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ പൗത്രിയുടെ വിവാഹച്ചടങ്ങിന് എത്തിയിരുന്നു. പക്ഷേ, പിന്നീട് കശ്മീരിലെ വിഘടനവാദികളുമായി പാക്ക് ഹൈക്കമ്മിഷണർ തുടരുന്ന ബന്ധങ്ങളെ ഇന്ത്യ എതിർത്തതോടെ മോശമായ ബന്ധം 2019–ൽ കശ്മീരിന്റ പ്രത്യേകപദവി എടുത്തുമാറ്റിയതോടെ വഷളായി. ഇന്നിപ്പോൾ കശ്മീരിൽ വിജയകരമായി തിരഞ്ഞെടുപ്പ് നടത്തിയതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്കെതിരെ ആർക്കും വിരൽചൂണ്ടാനാവില്ല എന്ന ആത്മവിശ്വാസത്തോടെയാണ് ജയശങ്കർ പാക്ക് മണ്ണിൽ കാലുകുത്തിയിരിക്കുന്നത്.
ഷാങ്ഹായ് സഹകരണ കൗൺസിലിന്റെ യോഗത്തിൽ പങ്കെടുക്കുക മാത്രമാണ് ദൗത്യമെന്ന് ജയശങ്കർ വ്യക്തമാക്കിയിരുന്നു.
ഷാങ്ഹായ് സഹകരണ കൗൺസിലിനെ ഒരു ഏഷ്യൻ ശാക്തിക കൂട്ടുകെട്ടായി ഉയർത്തുകയാണ് റഷ്യയുടെയും ചൈനയുടെയും താൽപര്യമെങ്കിൽ, ഇന്ത്യ അതിനു മടിച്ചുനിൽക്കുകയാണ്. ചൈനയുമായും പാക്കിസ്ഥാനുമായും പ്രശ്നങ്ങൾ നിലനിൽക്കുന്നിടത്തോളം ഇന്ത്യയ്ക്ക് അങ്ങനെയൊരു സംഘം ചേരലിൽ പങ്കാളിയാവാനാവില്ല. മാത്രമല്ല, ചൈനയുടെ അപകടകരമായ വളർച്ചയെയും നയങ്ങളെയും തടയാൻ യുഎസുമായുള്ള സഹകരണം കൂടിയേ കഴിയൂ എന്നാണ് ഇന്ത്യ വിശ്വസിക്കുന്നത്.
English Summary:
India-Pakistan relation may not change
4eu3tpmkh7pjb1a11jcsrrtck7 mo-news-common-malayalamnews r-prasannan 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-world-internationalorganizations-shahanhaicooperationorganisation mo-politics-leaders-sjaishankar mo-news-common-indiapakistanborder
Source link