കെ.എസ്.യു.വിനും നേട്ടം, കേരളയിൽ 64 കോളേജുകൾ എസ്.എഫ്.ഐ നേടി
പലയിടത്തും എസ്.എഫ്.ഐ – കെ.എസ്.യു സംഘർഷം
തിരുവനന്തപുരം:കേരള സർവ്വകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ 77 കോളജുകളിൽ 64ലും എസ്.എഫ്.ഐ വിജയക്കൊടി പാറിച്ചു. തിരുവനന്തപുരം ജില്ലയിൽ 36ൽ 31 കോളേജുകളിലും എസ്.എഫ്.ഐ വിജയിച്ചു. സ്ഥിരം കാമ്പസുകളിൽ ജയിച്ചും എസ്.എഫ്.ഐയിൽനിന്ന് രണ്ടു കോളജുകൾ തിരിച്ചുപിടിച്ചും കെ.എസ്.യുവും നേട്ടമുണ്ടാക്കി.
തിരുവനന്തപുരത്ത് ഇക്ബാൽ കോളേജും, എ.ജെ.കോളേജും രണ്ട് വർഷത്തിന് ശേഷവും ശ്രീശങ്കര കോളേജ് അഞ്ചുവർഷത്തിനു ശേഷവും കെ.എസ്.യുവിൽ നിന്ന് എസ്.എഫ്.ഐ. തിരിച്ചുപിടിച്ചു. മാർ ഈവാനയോസ്, വർക്കല എസ്.എൻ.കോളജ് ഉൾപ്പടെയുള്ള ക്യാമ്പസുകളിൽ ഭരണം നിലനിർത്തി.കല്ലമ്പലം കെ.ടി.സി.ടി,പാങ്ങോട് മന്നാനിയ കോളേജ് തുമ്പ സെന്റ് സേവ്യേഴ്സ് കെ.എസ്.യു നില നിർത്തി.
കൊല്ലം ശ്രീവിദ്യാധിരാജ കോളേജ് 20 വർഷങ്ങൾക്ക് ശേഷവും കൊല്ലം ഫാത്തിമ മാതാ കോളേജ് 13 വർഷങ്ങൾക്ക് ശേഷവും എസ്.എഫ്.ഐയിൽ നിന്ന് തിരിച്ചുപിടിച്ച് കെ.എസ്.യു കരുത്തുകാട്ടി. കൊല്ലം ജില്ലയിൽ 19ൽ 13 കോളേജുകളിലും എസ്.എഫ്.ഐക്കാണ് വിജയം.
ആലപ്പുഴ ജില്ലയിൽ 17ൽ 15 കോളജുകളുമായി എസ്.എഫ്.ഐ ഉജ്ജ്വലവിജയം നേടി. ചേർത്തല സെന്റ് മൈക്കിൾസ്‌കോളേജ്, എരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ് കെ.എസ്.യുവിൽ നിന്നും കായംകുളം ജി.സി.എൽ.എ.ആർ. കോളേജ് എ.ഐ.എസ്.എഫിൽ നിന്നും എസ്.എഫ്.ഐ. തിരിച്ചുപിടിച്ചു. ആലപ്പുഴ എസ്.ഡി.കോളേജിൽ 30 വർഷങ്ങൾക്ക് ശേഷം ചെയർമാൻ, യു.യു.സി. സ്ഥാനങ്ങൾ എസ്.എഫ്.ഐയിൽനിന്ന് തിരിച്ചുപിടിച്ചത് കെ.എസ്.യുവിനും നേട്ടമായി. പത്തനംതിട്ട ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന അഞ്ചു കോളേജുകളിലും എസ്.എഫ്.ഐ. വിജയിച്ചു.തിരുവനന്തപുരം ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളേജ് എ.ബി.വി.പി നിലനിർത്തി.തിരുവനന്തപുരം പാങ്ങോടും,കൊല്ലം പുനലൂരും ഇരുമുന്നണികളുടെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷവുമുണ്ടായി.
Source link