KERALAMLATEST NEWS

വയനാട്: പ്രത്യേക കേന്ദ്ര സഹായം വേണമെന്ന് സർക്കാർ, പരിഗണിക്കുമെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

കൊച്ചി: വയനാട്ടിലെ പുനരധിവാസ പദ്ധതികൾക്ക് കേന്ദ്രം പ്രത്യേക ധനസഹായം പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ. ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്നതടക്കമുള്ള കാര്യത്തിൽ ഉദാരസമീപനം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. പുനരധിവാസത്തിനായി നിലവിൽ സംസ്ഥാന ദുരന്ത നിവാരണ നിധിയിലുള്ള 782.99 കോടി രൂപ ഉപയോഗിക്കാമെന്നും സംസ്ഥാനം വിശദറിപ്പോർട്ട് നൽകുന്നതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഫണ്ട് അനുവദിക്കുന്നത് പരിഗണിക്കുമെന്നും കേന്ദ്രസർക്കാരിനായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ.സുന്ദരേശൻ അറിയിച്ചു.

214.68 കോടിയുടെ അധികസഹായം സംസ്ഥാനം ആവശ്യപ്പെട്ടത് കേന്ദ്രത്തിന്റെ പരിഗണനയിലാണ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് സഹായം അനുവദിക്കുന്നത് പരിഗണിക്കുമെന്നും അറിയിച്ചു. നിലവിലുള്ള ദുരന്തനിവാരണഫണ്ട് സംസ്ഥാനത്തിനാകെ ഉപയോഗിക്കാനുള്ളതാണെന്നും മുണ്ടക്കൈ, ചൂരൽമല പുനരധിവാസ പദ്ധതികൾക്ക് അധികസഹായം ആവശ്യമാണെന്നും സംസ്ഥാന സർക്കാരിനായി ഹാജരായ അഡ്വ. ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ് വാദിച്ചു. 2024-25 വർഷത്തെ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ കേന്ദ്രവിഹിതം 291.2 കോടിയും സംസ്ഥാനവിഹിതം 96.8 കോടിയുമാണെന്ന് കേന്ദ്രസർക്കാർ വിശദീകരിച്ചു.

ദുരന്തബാധിതരുടെ പുനരധിവാസത്തിന് ടൗൺഷിപ്പ് നിർമ്മിക്കാൻ ഭൂമി ഏറ്റെടുക്കുന്നതിൽ എസ്റ്റേറ്റ് ഉടമകൾ എതിർപ്പ് ഉന്നയിക്കുന്നത് അഡ്വ. ജനറൽ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഹർജി അടുത്ത വെള്ളിയാഴ്ച ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് വി.എം.ശ്യാംകുമാറും അടങ്ങിയ ഡിവിഷൻബെഞ്ച് വീണ്ടും പരിഗണിക്കും.

തുക വിനിയോഗം

അറിയിക്കണം

കേന്ദ്രം ഇതുവരെ അനുവദിച്ച തുക എന്താവശ്യങ്ങൾക്കാണ് വിനിയോഗിച്ചതെന്ന് സംസ്ഥാന സർക്കാർ അറിയിക്കണമെന്ന് ഹൈക്കോടതി

പ്രളയമുന്നറിയിപ്പ് കേന്ദ്രങ്ങൾ, നിരീക്ഷണ കേന്ദ്രങ്ങൾ, നിലവിലെ സാഹചര്യങ്ങൾ, ഹിൽ സ്റ്റേഷനുകളിൽ എത്രപേരെ ഉൾക്കൊള്ളാം എന്നിവയുടെ വിശദാംശങ്ങളും അറിയിക്കണം

ബാങ്ക് ലോണുകളുടെ കാര്യത്തിൽ കേന്ദ്രം സർക്കുലർ പുറപ്പെടുവിച്ചാൽ പരിഹാരം കാണാനാവില്ലേയെന്ന് ആരാഞ്ഞു

ഇക്കാര്യത്തിലടക്കം മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോടും അമിക്കസ് ക്യൂറിയോടും നിർദ്ദേശിച്ചു


Source link

Related Articles

Back to top button