ഹരിയാനയെക്കാൾ കടുപ്പം; സഖ്യത്തിൽ പ്രതീക്ഷയുമായി തിരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്

ന്യൂഡൽഹി ∙ അനുകൂല ഘടകങ്ങൾ ഏറെയുണ്ടായിരുന്ന ഹരിയാന, ജമ്മു കശ്മീർ തിരഞ്ഞെടുപ്പുകളിൽ അമിത ആത്മവിശ്വാസത്തോടെ ഇറങ്ങി കാലിടറി നിൽക്കുകയാണ് കോൺഗ്രസ്.
തിരിച്ചുവരവിനു സർവശക്തിയുമെടുത്ത് പോരാടാനാണ് ജാർഖണ്ഡ്, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ ശ്രമം. അതിനായി, ലോക്സഭാ തിരഞ്ഞെടുപ്പിൽ മികച്ച ഫലം നൽകിയ ‘ഇന്ത്യാസഖ്യത്തിനു’ പ്രാമുഖ്യം നൽകാൻ ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തോടു നിർദേശിച്ചുകഴിഞ്ഞു.
ഹരിയാന തിരഞ്ഞെടുപ്പിലെ തിരിച്ചടിയും അവിടത്തെക്കാൾ പ്രതികൂല ഘടകങ്ങൾ കാത്തിരിക്കുന്നതും തീരുമാനത്തിനു കാരണമായി. പ്രാദേശിക നേതാക്കളുടെ താൽപര്യങ്ങൾ ഒഴിവാക്കാൻ രണ്ടിടത്തും കടിഞ്ഞാൺ ഹൈക്കമാൻഡ് തന്നെ പിടിക്കും. ഒപ്പം, യുപി (9 സീറ്റ്), രാജസ്ഥാൻ (7), അസം (5) പഞ്ചാബ് (4) എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും ജയിക്കുക എന്നതിലുപരി ബിജെപിയുടെ തോൽവി ഉറപ്പാക്കുന്ന നീക്കങ്ങളിലേക്ക് കോൺഗ്രസ് മാറും.
വലിയ കടമ്പകൾമർമം അറിഞ്ഞ് അടിക്കാൻ സർവവഴിയും തിരയുന്ന ബിജെപിയെയാണ് ജാർഖണ്ഡിൽ എതിരിടേണ്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട ഗോത്രമേഖലകളെ ഒപ്പം നിർത്താൻ പദ്ധതികൾ പ്രഖ്യാപിച്ചും മറ്റും ബിജെപി നടത്തുന്ന നീക്കത്തിനു തടയിടാനുള്ള വഴി തേടുകയാണ് നിലവിൽ സംസ്ഥാനം ഭരിക്കുന്ന ഇന്ത്യാസഖ്യം.
ആദിവാസി, ദലിത് മേഖലയിൽ ജെഎംഎമ്മിനുള്ള ജനകീയത തുണയാകുമെന്നു കരുതുമ്പോൾ ഒബിസി വോട്ടുബാങ്കിൽ നേട്ടമുണ്ടാക്കുകയാണ് കോൺഗ്രസിന്റെ ദൗത്യം. ഭൂമിഹാറുകാരനായ രാജേഷ് താക്കൂറിനെ മാറ്റി ഒബിസിയിലെ മഹ്തോ സമുദായാംഗമായ കേശവ് കമലേഷിനെ പിസിസി അധ്യക്ഷനാക്കിയത് ഈ ലക്ഷ്യം മുൻനിർത്തിയാണ്.
ഹരിയാനയിലേതു പോലെ പാർട്ടിയിൽ ഇത് സമുദായ വടംവലിക്കു കാരണമാകുമോ എന്ന ആശങ്കയുമുണ്ട്. 81 അംഗ നിയമസഭയിൽ 43 സീറ്റിൽ ജെഎംഎമ്മും 33 സീറ്റിൽ കോൺഗ്രസും ഉറപ്പിച്ചു കഴിഞ്ഞു.
സഖ്യത്തിലെ ആർജെഡിക്കും ഇടതുപാർട്ടികൾക്കും വിട്ടു നൽകുന്ന സീറ്റുകൾ കൂടി പരിഗണിച്ചാകും ഇരു പാർട്ടികളുടെയും വിഹിതം വർധിക്കുക. കഴിഞ്ഞതവണ സഖ്യത്തിൽ 7 സീറ്റിൽ മത്സരിച്ച ആർജെഡി ഒരിടത്തു മാത്രമാണ് ജയിച്ചത്. 14 സീറ്റ് ആർജെഡി ഇക്കുറി ആവശ്യപ്പെടുന്നു.
ജെഎംഎം കോൺഗ്രസ് ദേശീയ നേതൃത്വവുമായി നേരിട്ട് ചർച്ച നടത്തുന്നത് ഒരേസമയം അനുകൂലവും പ്രതികൂലവുമാകുന്നു. താഴേത്തട്ടിലെ വോട്ടുകൈമാറ്റത്തെ ഇതു ബാധിക്കുമോ എന്നാണ് കോൺഗ്രസിന്റെ ആശങ്ക.
മുന്നിലല്ല, ഒപ്പം നടക്കുംഒരടി പിന്നിൽ നിൽക്കേണ്ട സാഹചര്യം മാറ്റി സഖ്യകക്ഷികൾക്കൊപ്പം നിൽക്കാവുന്ന സ്ഥിതിയിലേക്ക് തിരിച്ചുവന്ന കോൺഗ്രസാണ് മഹാരാഷ്ട്രയിൽ. ലോക്സഭയിലേക്ക് 13 സീറ്റുകൾ വിജയിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായി. എന്നാൽ, ഹരിയാന ഫലം മഹാവികാസ് അഘാഡിയിൽ വീണ്ടും കോൺഗ്രസിനെ ക്ഷീണിപ്പിക്കുന്നു.
നേരത്തേ, 120 സീറ്റ് വരെ ചോദിച്ച കോൺഗ്രസ് 100–105 സീറ്റുകളിൽ സമ്മതം മൂളിയേക്കുമെന്നാണ് വിവരം. നൂറിനടുത്ത് സീറ്റുകളിൽ ശിവസേനയും മത്സരിക്കും.
80 സീറ്റ് എൻസിപിക്കും ശേഷിച്ചത് ചെറുപാർട്ടികൾക്കും നൽകിയേക്കും. എന്തു വിലകൊടുത്തും സംസ്ഥാനം പിടിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് മുന്നിൽ സഖ്യബലമാണ് കോൺഗ്രസിന്റെ ആയുധം.
മൂന്നിടത്തും യുഡിഎഫ് ജയിക്കും: കെ.സിന്യൂഡൽഹി ∙ കേരളത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായും 3 മണ്ഡലങ്ങളിലും മികച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിക്കുമെന്നും എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം കോൺഗ്രസിനും യുഡിഎഫിനും അനുകൂലമാണ്.
എഐസിസി ഭാരവാഹികളും കെപിസിസി അംഗങ്ങളും തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന മൂന്നിടത്തും കഴിഞ്ഞ 3 മാസക്കാലമായി പ്രവർത്തിക്കുന്നു.
ജാർഖണ്ഡ്∙ആകെ സീറ്റ്: 81 ∙ഒഴിവ്: 7
ഇന്ത്യാസഖ്യം: 44
∙ജെഎംഎം: 25 ∙കോൺഗ്രസ്: 17
∙സിപിഎം (എംഎൽ): 1 ∙ആർജെഡി: 1
എൻഡിഎ– 30
∙ബിജെപി: 25 ∙എജെഎസ്‌യു: 3
∙ജനതാദൾ(യു): 1 ∙സ്വതന്ത്രൻ: 1
മഹാരാഷ്ട്ര∙ആകെ സീറ്റ്: 288
∙ഒഴിവ്: 13
എൻഡിഎ– 202
∙ബിജെപി: 102 ∙എൻസിപി: 40
∙ശിവസേന: 38 ∙ബിവിഎ: 3
∙പ്രഹർ ജനശക്തി പാർട്ടി: 2
∙രാഷ്ട്രീയ സമാജ് പക്ഷ: 1
∙ജനസുരജ്യ ശക്തി: 1
∙മഹാരാഷ്ട്ര നവ നിർമാൺ സേന: 1
∙സ്വതന്ത്രർ: 14
യുപിഎ– 71
∙കോൺഗ്രസ്: 37 ∙ശിവസേന (ഉദ്ധവ്): 16
∙എൻസിപി (ശരദ് പവാർ): 12
∙സമാജ്‍വാദി പാർട്ടി: 2
∙ബഹുജൻ വികാസ് അഘാഡി: 3
∙സിപിഎം: 1 ∙പെസന്റ്സ് ആൻഡ് വർക്കേഴ്സ് പാർട്ടി: 1
മറ്റുള്ളവർ– 2
∙എഐഎംഐഎം: 2
Source link