നവീൻ ബാബുവിന്റെ മരണം , പി.പി.ദിവ്യ പ്രതി; സ്ഥാനവും പോയി, രത്നകുമാരി പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കണ്ണൂർ /തിരുവനന്തപുരം: പ്രിയമക്കളായ നിരഞ്ജനയും നിരുപമയും അന്ത്യചുംബനമേകി വിടനൽകിയ കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മൃതദേഹം അഗ്നി ഏറ്റുവാങ്ങി. പിന്നാലെ, കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ 10 വർഷംവരെ ജയിൽശിക്ഷ കിട്ടാവുന്ന ആത്മഹത്യാപ്രേരണക്കേസിൽ കുടുങ്ങി. ദുരന്തത്തിന് കാരണക്കാരിയായ ദിവ്യയെ രാത്രിയോടെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സി.പി.എം ഒഴിവാക്കി. തുടർന്ന് അവർ രാജിനൽകി. അഡ്വ. കെ.കെ. രത്നകുമാരിയാണ് പുതിയ പ്രസിഡന്റ്. നിറകണ്ണുകളോടെ തടിച്ചുകൂടിയ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഇളയമകൾ നിരുപമയാണ് ചിതയ്ക്ക് തീകൊളുത്തി കർമ്മങ്ങൾ നിർവഹിച്ചത്.
എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തിലെ ദിവ്യയുടെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു എന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനാൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കാനും തീരുമാനിച്ചു. തുടർന്ന് രാത്രി പത്തേകാലോടെ ദിവ്യയെ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ടുള്ള പത്രക്കുറിപ്പിറക്കി. പിന്നാലെ ദിവ്യ രാജിക്കത്ത് നൽകി. ദിവ്യയുടെ പരാമർശങ്ങൾ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും തള്ളിയിരുന്നു.
അസ്വാഭാവിക മരണം അന്വേഷിച്ച കണ്ണൂർ ടൗൺപൊലീസ് ദിവ്യയെ പ്രതിചേർത്ത് തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. ബി.എൻ.എസ് 194, 108, സി.ആർ.പി.സി 174, 306 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. അറസ്റ്റു സംബന്ധിച്ച അവ്യക്തത തുടരുകയാണ്.
വീഡിയോ ദൃശ്യങ്ങളുടെയും നവീൻ ബാബുവിന്റെ ഭാര്യയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് കേസെടുത്തത്. യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തവരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ദിവ്യയുടെ വാക്കുകൾ സൃഷ്ടിച്ച മാനസിക വിഷമം സുഹൃത്തുക്കളോട് പങ്കുവച്ചോ എന്നാണ് അന്വേഷിച്ചത്. കൂടുതൽ അന്വേഷണം വേണമെന്ന് കണ്ണൂർ ടൗൺ സി.ഐ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. കേസ് കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറി. ഇനി രേഖപ്പെടുത്തുന്ന മൊഴികളുടെ അടിസ്ഥാനത്തിൽ പ്രതിപ്പട്ടിക തയ്യാറാക്കി പുതിയ റിപ്പോർട്ട് നൽകും. കൂടുതൽപേരെ പ്രതി ചേർത്തേക്കും.
ദിവ്യയ്‌ക്കും പമ്പിന് അപേക്ഷിച്ച പ്രശാന്തനുമെതിരായ പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് നവീന്റെ കുടുംബം അറിയിച്ചു. ഇന്നലെ പൊലീസ് പത്തനംതിട്ടയിലെത്തി ഇവരുടെ മൊഴിയെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
മികച്ച സർവീസ് റെക്കാഡുള്ള ഒരു ഉദ്യോഗസ്ഥന്റെ ജീവിതത്തെ കരിവാരിത്തേയ്ക്കാനാണ് ശ്രമിച്ചത്. ദിവ്യയുടെ വാക്കുകൾ കടുത്ത മാനസിക ആഘാതമുണ്ടാക്കി.
ടി.അസഫലി ,മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ
ദിവ്യയ്‌ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. കൂടുതൽപേരുടെ മൊഴി രേഖപ്പെടുത്തും
അജിത് കുമാർ,കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ
”നവീൻ ബാബുവിന്റെ വേർപാടിൽ വേദനയുണ്ട്. പൊലീസ് അന്വേഷണവുമായി സഹകരിക്കും. എന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും.
പി.പി.ദിവ്യ
‘പമ്പ് കോഴ’യിൽ വിജിലൻസ് അന്വേഷണം
ജില്ലാകളക്ടറും അന്വേഷണപരിധിയിൽ
തിരുവനന്തപുരം:നവീൻബാബുവിന്റെ മരണത്തിനിടയാക്കിയ പെട്രോൾപമ്പ് കോഴയാരോപണം അന്വേഷിക്കാൻ വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത ഉത്തരവിട്ടു. മുസ്ലീംലീഗ് നേതാവിന്റെയടക്കം രണ്ട് പരാതികളിലാണിത്. കോഴിക്കോട് റേഞ്ച് എസ്.പിയുടെ നേതൃത്വത്തിൽ കണ്ണൂർ യൂണിറ്റ് പ്രാഥമികാന്വേഷണത്തിനു ശേഷം കേസെടുക്കും. കോഴ നൽകിയെന്ന് സമ്മതിച്ച ടി.വി.പ്രശാന്തൻ, വിവരം വെളിപ്പെടുത്തിയ പി.പി.ദിവ്യ, ഭാരത് പെട്രോളിയം, ഫയൽ മേൽനോട്ടത്തിൽ വീഴ്ചവരുത്തിയ ജില്ലാകളക്ടർ അരുൺ കെ.വിജയൻ, കളക്ടറേറ്റിലെ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് അന്വേഷണം. പമ്പിനു മുടക്കേണ്ട നാലു കോടിയോളം രൂപയുടെ സ്രോതസ്, ബിനാമി ഇടപാടുണ്ടോ, ഈടായി 25ലക്ഷത്തിന്റെ നിക്ഷേപവും 50 ലക്ഷത്തിന്റെ ആസ്തിയും ഹാജരാക്കിയോ എന്നിവയും അന്വേഷിക്കും.
മറ്റ് അന്വേഷണ വിഷയങ്ങൾ
പമ്പ് അനുവദിച്ചത് നടപടിക്രമങ്ങൾ പാലിച്ചാണോ
വളവിൽ പമ്പ് പാടില്ലെന്ന പൊലീസിന്റെയും ഫയർഫോഴ്സിന്റെയും എതിർപ്പ് മറികടന്നോ
ചട്ടവിരുദ്ധമായി സിവിൽ സപ്ലൈസ്, തദ്ദേശം, ഫയർഫോഴ്സ്, മരാമത്ത്, റവന്യു, മലിനീകരണ നിയന്ത്രണ വകുപ്പുകൾ എൻ.ഒ.സി അനുവദിച്ചോ
കൈക്കൂലി അന്വേഷിക്കാൻ വിജിലൻസിന് സർക്കാരിന്റെ അനുമതി വേണ്ട?
Source link