KERALAMLATEST NEWS

‘ഡീൽ’ വിവാദം ഉയർത്തി പാലക്കാട് പ്രചാരണം

പാലക്കാട്: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിൽ `ഡീൽ വിവാദം’ പ്രചരണായുധമായി. ബി.ജെ.പി വോട്ടുകളുടെ പേരിലാണ് ഇടത് – വലതുമുന്നണികളുടെ പരസ്പരമുള്ള ഡീൽ ആരോപണം.

അടുത്ത വർഷം നഗരസഭാ ഭരണം മൂന്നാം തവണയും ബി.ജെ.പിക്ക് നൽകാനുള്ള ഡീൽ ഷാഫി പറമ്പിൽ ബി.ജെ.പി നേതൃത്വവുമായി ഉണ്ടാക്കിയിട്ടുണ്ടെന്ന പി.സരിന്റെ ആരോപണമാണ് സി.പി.എം ആയുധമാക്കുന്നത്.

പാലക്കാട്ട് കോൺഗ്രസ്- ബി.ജെ.പി ഡീലുണ്ടെന്ന് ആരോപിച്ചുകൊണ്ടാണ് പി. സരിൻ പാർട്ടി വിട്ടത്. ഈ ആരോപണം ഇന്നലെ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ ആവർത്തിച്ചു. ഡീൽ ആരോപണം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫും ബി.ജെ.പിയും തമ്മിൽ വടകര, തൃശൂർ, പാലക്കാട് പാക്കേജിനാണ് ശ്രമമെന്ന് മന്ത്രി എം.ബി.രാജേഷും ആരോപിച്ചു. വടകരയിൽ കിട്ടിയ സഹായം യു.ഡി.എഫ് പാലക്കാട്ട് തിരിച്ചുനൽകുമെന്നും അദ്ദേഹം ആരോപിച്ചു.

ഡീൽ ജനങ്ങളുമായി

മാത്രമെന്ന് ഷാഫി

കൃത്യമായ ഡീൽ ഉണ്ടെന്നും അത് ജനങ്ങളുമായി ആണെന്നും ഷാഫി പറമ്പിൽ എം.പി പ്രതികരിച്ചു. പൂരം കലക്കലിൽ നടന്നതുപോലെ ഒരു അടച്ചിട്ട ചർച്ചയ്ക്കും ഞങ്ങളില്ല. നല്ലൊരു സ്ഥാനാർത്ഥിയെ കിട്ടി. ആ സ്ഥാനാർത്ഥിയുമായി മുന്നോട്ടുപോകും. സരിന്റെ പെട്ടിതൂക്കൽ ആരോപണം ചിരിച്ചുതള്ളിയ ഷാഫി കുറച്ചുകൂടി ഗൗരവം ഉള്ള ആരോപണങ്ങൾ വരട്ടെയെന്നും പറഞ്ഞു. പാലക്കാട് സി.പി.എം – ബി.ജെ.പി ഡീലുള്ളതുകൊണ്ടാണ് അവരുടെ സ്ഥാനാർത്ഥി നിർണയം വൈകുന്നതെന്നു രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പാലക്കാട് തന്നത് അർഹിക്കുന്നതിനേക്കാൾ വലിയ സ്‌നേഹമാണ്. വലിയ വിജയ പ്രതീക്ഷയും കൃത്യമായ ആത്മവിശ്വാസവും ഉണ്ട്. 2021ലെ അത്ര കഠിനമല്ല ഇക്കുറി മത്സരമെന്നും അദ്ദേഹം പ്രതികരിച്ചു. ഇടതിനോടിടഞ്ഞ പി.വി.അൻവറും സി.പി.എമ്മിനെതിരെ ഡീൽ ആരോപിച്ച് പ്രചാരണരംഗത്ത് സജീവമാണ്.


Source link

Related Articles

Back to top button