KERALAM

സ്കൂൾ കലോത്സവം: പുതിയ ഇനങ്ങളിൽ മത്സരം ഒഴിവാക്കാൻ സ്കൂളുകൾ

#പരിശീലകരില്ല, പുതിയ ഇനങ്ങൾ യൂട്യൂബിൽ നോക്കി തട്ടിക്കൂട്ടും

തിരുവനന്തപുരം: സ്കൂൾ മത്സരങ്ങൾക്ക് ശേഷം പൊതുവിദ്യാഭ്യാസ വകുപ്പ് കൂട്ടിച്ചേർത്ത പുതിയ ഇനങ്ങളിൽ മത്സരമില്ലാതെ ടീമിനെ ഉപജില്ലാ കലോത്സവത്തിന് അയയ്ക്കാനൊരുങ്ങി സ്കൂളുകൾ. മംഗലംകളി, പണിയനൃത്തം, മലപുലയ ആട്ടം, ഇരുളനൃത്തം, പളിയനൃത്തം എന്നിവയിലാണിത്.

മാന്വൽ പരിഷ്കരണത്തിന് മുൻപു തന്നെ മത്സരങ്ങൾ പൂർത്തിയായ ഉപജില്ലകളിൽ നിന്നാകട്ടെ ഈ ഇനങ്ങളിൽ ജില്ലാതല മത്സരാർത്ഥികൾ ഉണ്ടാവില്ല. ഉപജില്ലയിൽ മത്സരിക്കാത്ത കുട്ടികൾക്ക് ജില്ലയിൽ മത്സരിക്കാനാവില്ല.

പുതുതായി കൂട്ടിച്ചേർത്തത് പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഗോത്രവർഗവിഭാഗങ്ങളുടെ പരമ്പരാഗത നൃത്തരൂപങ്ങളാണ്. ഗോത്രമേഖലകളിലെ നൃത്തരൂപങ്ങളായതിനാൽ പല ജില്ലകളിലും പരിശീലകരെ കിട്ടാനില്ലെന്ന് അദ്ധ്യാപകർ പറയുന്നു. ഈ സാഹചര്യത്തിൽ യൂട്യൂബിലും മറ്റും നോക്കി ‘തട്ടിക്കൂട്ടി” ടീമുകളെ അയയ്ക്കുകയേ നിവൃത്തിയുള്ളൂ.

മാന്വൽ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കൂടിയാലോചന നടന്നിട്ടില്ലെന്ന് അദ്ധ്യാപക സംഘടനകൾ ആക്ഷേപം ഉന്നയിച്ചിരുന്നു. ഈ വർഷം അവതരണം മാത്രമാക്കി അടുത്ത വർഷത്തേക്ക് മത്സര ഇനമാക്കി മാറ്റുകയായിരുന്നു വേണ്ടിയിരുന്നതെന്ന് അദ്ധ്യാപകർ പറയുന്നു. വ്യക്തിഗത ഇനങ്ങളിൽ പങ്കെടുക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തിയതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പുതിയ മാന്വൽ പ്രകാരം ജനറൽ വിഭാഗം, അറബി, സംസ്‌കൃതം എന്നിവ ഉൾപ്പെടെ ഒരു കുട്ടിക്ക് മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പ് ഇനങ്ങളിലുമേ പങ്കെടുക്കാനാവൂ. നേരത്തേ, ജനറൽ ഇനങ്ങളിൽ ഒരു കുട്ടിക്ക് മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പിനങ്ങളിലും മത്സരിക്കാം. രണ്ടാംഭാഷയായി അറബി, സംസ്‌കൃതം എന്നിവ പഠിക്കുന്നവർക്ക് അവയിലെ സാഹിത്യോത്സവങ്ങളിലും പങ്കെടുക്കാമായിരുന്നു.


Source link

Related Articles

Back to top button