ടെൽ അവീവ്: യഹ്യ സിൻവറിന്റെ മരണത്തോടെ ഗാസ യുദ്ധം അവസാനിക്കില്ലെന്ന സൂചനകളാണ് ഇസ്രയേലും ഹമാസും നല്കിയത്. 2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനു പിന്നാലെ ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്നു കരുതപ്പെടുന്ന സിൻവർ ഒരു വർഷമായി ഗാസയിൽ ഒളിവിലായിരുന്നു. വിശ്വസ്തരായ ബോഡിഗാർഡുകളുടെ സുരക്ഷയ്ക്കു പുറമേ ഇസ്രേലി ബന്ദികളെയും ഇയാൾ മനുഷ്യപരിചയായി ഉപയോഗിച്ചിരുന്നു. അതേസമയം വധിക്കപ്പെടുന്ന സമയത്ത് ഇയാൾക്കൊപ്പം രണ്ടു തീവ്രവാദികൾ മാത്രമാണുണ്ടായിരുന്നത്. സൈനികർക്കു മുന്നിൽപ്പെട്ടു ബുധനാഴ്ച തെക്കൻ ഗാസയിൽ റാഫ മേഖലയിലെ തൽ അൽ സുൽത്താൻ മേഖലയിൽ പതിവ് പട്രോളിംഗ് നടത്തുകയായിരുന്ന ഇസ്രേലി സേന മൂന്നു പലസ്തീൻ തീവ്രവാദികളെ കണ്ടെത്തി. കെട്ടിടങ്ങളിൽനിന്ന് കെട്ടിടങ്ങളിലേക്ക് ഓടി രക്ഷപ്പെടാനാണ് തീവ്രവാദികൾ ശ്രമിച്ചത്. ഒരാൾ ഓടിക്കയറിയ സ്ഥലം ഡ്രോൺ ഉപയോഗിച്ച് ഇസ്രേലി സേന കണ്ടെത്തി. തുടർന്ന് ടാങ്കിൽനിന്ന് കെട്ടിടത്തിലേക്ക് ഷെല്ലാക്രമണം നടത്തി. മറ്റു രണ്ടു തീവ്രവാദികളെക്കൂടി വധിച്ച ഇസ്രേലി സേന കൂടുതൽ പരിശോധനകൾക്കു മുതിരാതെ സ്ഥലംവിട്ടു. വ്യാഴാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ടവരിൽ ഒരാൾക്ക് സിൻവറിന്റെ ഛായ ഉണ്ടെന്നു കണ്ടെത്തിയത്. സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചിട്ടുണ്ടാകും എന്ന സംശയത്തിൽ മൃതദേഹം നീക്കംചെയ്യാൻ ഇസ്രേലി സേന മുതിർന്നില്ല. മൃതദേഹത്തിൽനിന്നു വിരൽ നീക്കം ചെയ്ത് ഇസ്രയേലിലെത്തിച്ചു നടത്തിയ പരിശോധനകളിലാണ് മരിച്ചത് സിൻവർ തന്നെ എന്നു സ്ഥിരീകരിച്ചത്. വ്യാഴാഴ്ച തന്നെ സിൻവറിന്റെ മൃതദേഹം ഇസ്രയേലിലെത്തിച്ചു. മൃതദേഹത്തിൽ ജാക്കറ്റും 40,000 ഷെക്കലും (ഇസ്രേലി കറൻസി) കണ്ടെത്തി. ഡ്രോൺ ഉപയോഗിച്ചു പകർത്തിയ സിൻവറിന്റെ അന്ത്യനിമിഷങ്ങളുടെ വീഡിയോ ഇസ്രേലി സേന പുറത്തുവിട്ടു.
അപ്രതീക്ഷിതമായാണ് സിൻവറിനെ വധിച്ചതെങ്കിലും ഇയാളുടെ ഒളിസ്ഥലത്തെക്കുറിച്ച് ഇസ്രേലി സേനയ്ക്ക് സൂചനകൾ ലഭിച്ചിരുന്നുവെന്നാണു റിപ്പോർട്ട്. സിൻവറിന്റെ സാന്നിധ്യമുണ്ടെന്നു സംശയിക്കുന്ന സ്ഥലങ്ങളിൽ ആഴ്ചകളായി തെരച്ചിൽ നടന്നുവരികയായിരുന്നു. അന്തിമമായി റാഫ മേഖല കേന്ദ്രീകരിച്ചായിരുന്നു തെരച്ചിൽ. അടുത്ത ലക്ഷ്യം മുഹമ്മദ് സിൻവർ യഹ്യ സിൻവറിന്റെ സഹോദരനായ മുഹമ്മദ് സിൻവറാണ് അടുത്ത ലക്ഷ്യമെന്ന് ഇസ്രേലി സേനാ വക്താവ് ഡാനിയേൽ ഹാഗാരി അറിയിച്ചു. ഇയാൾ ഹമാസിന്റെ അടുത്ത നേതാവാകാൻ സാധ്യതയുണ്ട്. ഹമാസിന്റെ സൈനികവിഭാഗം കമാൻഡറായ മുഹമ്മദ് സിൻവറും സഹോദരനെപ്പോലെ തീവ്ര നിലപാടുകാരനാണ്. ഹമാസിന്റെ സ്ഥാപക നേതാക്കളിലൊരാളായ മുഹമ്മദ് അൽ സഹർ, ഹമാസ് പോളിറ്റ് ബ്യൂറോ അംഗം മൂസ അബു മർസൂക്ക് തുടങ്ങിയവരും സംഘടനാ തലപ്പത്തെത്താൻ സാധ്യതയുണ്ട്. തീരില്ല യുദ്ധം ഇസ്മയിൽ ഹനിയ, മുഹമ്മദ് ദെയിഫ് എന്നിവർക്കു പിന്നാലെ സിൻവറിനെക്കൂടി വധിച്ചെങ്കിലും യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേൽ തയാറല്ല. ഇസ്രയേൽ കണക്കു തീർത്തെങ്കിലും ഗാസയിലെ ബന്ദികളെ തിരികെ എത്തിക്കുന്നതുവരെ യുദ്ധം തുടരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. അതേസമയം, നേതൃത്വത്തെ വധിച്ചതോടെ ഹമാസ് എന്ന പ്രസ്ഥാനം ഇല്ലാതാവില്ലെന്നും പലസ്തീനുവേണ്ടി പോരാട്ടം തുടരുമെന്നും ഹമാസ് പോളിറ്റ് ബ്യൂറോ അംഗം ബാസെം നയീം പ്രസ്താവനയിൽ അറിയിച്ചു.
Source link