ഒന്നാം പ്രതി കളക്‌ടറോ? ഉച്ചയ‌്ക്ക് വച്ചിരുന്ന യോഗം വൈകിട്ടത്തേക്ക് മാറ്റിയത് ദിവ്യയ്‌ക്ക് വേണ്ടിയെന്ന് വിമർശനം

കണ്ണൂർ: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ കളക്‌ടർ അരുൺ കെ വിജയനെതിരെ ബിജെപി. സംഭവത്തിൽ കളക്‌ടറാണ് ഒന്നാം പ്രതിയെന്നും രണ്ടാം പ്രതി മാത്രമാണ് ദിവ്യയെന്നും ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് ആരോപിച്ചു. ദിവ്യയ‌്ക്ക് അരുണിന്റെ എല്ലാ സഹായവും ലഭിച്ചിട്ടുണ്ട്. ദിവ്യ നടത്തിയ വാർത്താസമ്മേളനത്തിലെ കളക്‌ടറുടെ ശരീരഭാഷയിൽ നിന്ന് തന്നെ അത് വ്യക്തമാണെന്നും ഹരിദാസ് പറഞ്ഞു. കളക്‌ടറെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ബിജെപി ആവശ്യപ്പെട്ടു.
കളക്‌ടറുടെ ഫോൺകോൾ പരിശോധിക്കണം. ആദ്യം ഉച്ചയ‌്ക്ക് വച്ചിരുന്ന യോഗം വൈകിട്ടത്തേക്ക് മാറ്റിയത് ദിവ്യയുടെ സൗകര്യാർത്ഥമാണ്. യാത്രഅയപ്പിന് ശേഷം രാത്രി എട്ട് മണിക്കുള്ള ട്രെയിനിൽ മടങ്ങിപ്പോകേണ്ട നവീൻ ബോബു മുനീശ്വരൻ കോവിലിനടുത്തുവരെ ഡിപ്പാർട്ട്മെന്റ് വാഹനത്തിലാണ് വന്നത്. തുടർന്നുള്ള അദ്ദേഹത്തിന്റെ യാത്ര എങ്ങോട്ടായിരുന്നുവെന്നൊക്കെ അന്വേഷിക്കേണ്ടതാണ്. നവീനിന്റെ മരണത്തിൽ വളരെയധികം ദുരൂഹതയുണ്ട്.
കേരള പൊലീസ് പി.പി ദിവ്യയെ സംരക്ഷിക്കുകയാണ്. അതുകൊണ്ട് തന്നെ അവർ അന്വേഷിച്ചാൽ കേസ് തെളിയില്ല. മുൻകൂർ ജാമ്യം ലഭിക്കാൻ വേണ്ടി അന്വേഷണം നീട്ടികൊണ്ടുപോവുകയാണ്. എന്തുകൊണ്ടാണ് ദിവ്യയെ അറസ്‌റ്റ് ചെയ്യാത്തതെന്നും, വിഷം പുരണ്ട സംസാരം നടത്തിയിട്ടുള്ള ദിവ്യയെ പാർട്ടിയിൽ നിന്ന് സിപിഎം പുറത്താക്കുകയാണ് വേണ്ടതെന്നും ഹരിദാസ് ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റത്തിനു കേസെടുത്തതിനു പിന്നാലെ ദിവ്യയെ അദ്ധ്യക്ഷ പദവിയിൽനിന്നു സിപിഎം പുറത്താക്കി. കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.കെ.രത്നകുമാരിയെ നിയോഗിച്ചിരുന്നു. പിന്നാലെയാണ് കളക്ടർക്കെതിരെയും അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. വിഷയത്തിൽ കളക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടു.
Source link