കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ മുൻകൂർ ജാമ്യാപേക്ഷത്തിന് നീക്കവുമായി ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ. ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയേക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത സാഹചര്യത്തിലാണ് നീക്കം.
നവീൻ ബാബുവിന്റെ സഹോദരൻ നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ദിവ്യയ്‌ക്കെതിരെ കേസെടുത്തത്. പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ദിവ്യയ്‌ക്കും പമ്പിന് അപേക്ഷിച്ച പ്രശാന്തനുമെതിരായ പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് നവീന്റെ കുടുംബം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്നലെ പൊലീസ് പത്തനംതിട്ടയിലെത്തി ഇവരുടെ മൊഴിയെടുത്തിരുന്നു.
കേസിൽ ദിവ്യയെ ഇന്ന് പൊലീസ് ചോദ്യം ചെയ്‌തേക്കും. കൂടാതെ പ്രശാന്തന്റെ മൊഴിയും രേഖപ്പെടുത്തും. പെട്രോൾ പമ്പ് കോഴയാരോപണത്തെ സംബന്ധിച്ചുള്ള അന്വേഷണം വിജിലൻസ് ഇന്ന് ആരംഭിക്കും. മുസ്ലീംലീഗ് നേതാവിന്റെയടക്കം രണ്ട് പരാതികളിലാണ് വിജിലൻസ് അന്വേഷണം.
ദിവ്യയെ ഇന്നലെ രാത്രിയോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സി പി എം നീക്കിയിരുന്നു. തുടർന്ന് അവർ രാജി നൽകി. അഡ്വ. കെ കെ രത്നകുമാരിയാണ് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. എ ഡി എമ്മിന്റെ യാത്രയയപ്പ് യോഗത്തിലെ ദിവ്യയുടെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു എന്ന് സി പി എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയതിന് പിന്നാലെയാണ് സ്ഥാനത്തുനിന്ന് നീക്കിയത്.
Source link