കൃത്രിമ ഗർഭധാരണ തീരുമാനത്തിനുമുൻപ് ഇക്കാര്യങ്ങൾ പ്രത്യേകം അറിഞ്ഞിരിക്കണം

തിരുവനന്തപുരം: പ്രജനന-വന്ധ്യതാ നിവാരണ സേവനങ്ങൾ നൽകുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷൻ നടത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സർക്കാർ, സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന സറോഗസി ക്ലിനിക്കുകൾ, എആർടി (ആർട്ടിഫിഷ്യൽ റീ പ്രൊഡക്ടീവ് ടെക്‌നോളജി) ക്ലിനിക്കുകൾ, എആർടി ബാങ്കുകൾ തുടങ്ങിയവ എആർടി സറോഗസി നിയമപ്രകാരം രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്. അപേക്ഷകൾ സമയബന്ധിതമായി പരിശോധിച്ച് നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതുവരെ ലഭിച്ച അപേക്ഷകളിൽ 111 സ്ഥാപനങ്ങളുടെ പരിശോധന പൂർത്തിയാക്കി രജിസ്‌ട്രേഷൻ നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇതുവരെ 18 എ.ആർ.ടി. ലെവൽ-1 ക്ലിനിക്കുകൾക്കും 78 എ.ആർ.ടി. ലെവൽ-2 ക്ലിനിക്കുകൾക്കും 20 സറോഗസി ക്ലിനിക്കുകൾക്കും 24 എ.ആർ.ടി. ബാങ്കുകൾക്കും രജിസ്‌ട്രേഷൻ നൽകിയിട്ടുണ്ട്. സറോഗസി നിയമം അനുസരിച്ചുള്ള നടപടിക്രമങ്ങൾ സ്ഥാപനങ്ങൾ കൃത്യമായി പാലിക്കുന്നതിലൂടെ ചൂഷണങ്ങൾ തടയുന്നതിനും പ്രവർത്തനം സുതാര്യമാക്കുന്നതിനും ആവശ്യമുള്ളവർക്ക് ഗുണമേന്മയുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിനും കഴിയുന്നു. രജിസ്‌ട്രേഷൻ നടപടികൾ ത്വരിതപ്പെടുത്തുവാനും പരാതികൾ സമയബന്ധിതമായി അന്വേഷിച്ച് നടപടിയെടുക്കുവാനും മന്ത്രി നിർദേശം നൽകി.

പരിശോധന നടത്തി 4 തരത്തിലുള്ള ക്ലിനിക്കുകൾക്കാണ് അംഗീകാരം നൽകി വരുന്നത്. സറോഗസി ക്ലിനിക്, എ ആർ ടി ലെവൽ 1 ക്ലിനിക്, എ ആർ ടി ലെവൽ 2 ക്ലിനിക്, എആർടി ബാങ്ക് എന്നിവയാണുള്ളത്. സംസ്ഥാന തലത്തിൽ സ്റ്റേറ്റ് ബോർഡും അപ്രോപ്രിയേറ്റ് അതോറിറ്റിയുമുണ്ട്. സ്റ്റേറ്റ് ബോർഡിന്റെ മേധാവി ആരോഗ്യ വകുപ്പ് മന്ത്രിയും അപ്രോപ്രിയേറ്റ് അതോറിറ്റിയുടെ മേധാവി ആരോഗ്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയുമാണ്. സ്റ്റേറ്റ് ബോർഡിന്റെ പരിശോധനാ റിപ്പോർട്ട് പ്രകാരം അപ്രോപ്രിയേറ്റ് അതോറിറ്റിയാണ് അംഗീകാരം നൽകുന്നത്. ഏതെങ്കിലും സ്ഥാപനത്തെപ്പറ്റി പരാതിയുണ്ടെങ്കിൽ പരിശോധിച്ച് അതോറിറ്റി നടപടി സ്വീകരിക്കുന്നതാണ്. രജിസ്‌ട്രേഷൻ സംബന്ധിച്ചുള്ള വിവരങ്ങൾ ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റിൽ (https://dhs.kerala.gov.in/en/vigilance/) ലഭ്യമാണ്.


Source link
Exit mobile version