തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പ്. മദ്ധ്യ കിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇത് അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുകയും തുടർന്നുള്ള ദിവസങ്ങളിൽ ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോകാനും സാദ്ധ്യതയുണ്ടെന്നാണ് വിവരം.
വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ഒക്ടോബർ 20 ഓടെ ചക്രവാതചുഴി രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. ഒക്ടോബർ 22 ഓടെ മദ്ധ്യ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദമായും തുടർന്ന് ഒക്ടോബർ 24 ഓടുകൂടി തീവ്രന്യൂനമർദ്ദമായും ശക്തി പ്രാപിക്കാൻ സാദ്ധ്യത. കേരളത്തിൽ അടുത്ത ഒരാഴ്ച നേരിയ-ഇടത്തരം മഴക്കു സാദ്ധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നൽ ജാഗ്രതാ നിർദേശം
2024 ഒക്ടോബർ 18 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുതആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതലുകൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.
– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയലോ തറയലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
Source link