പാലക്കാട്ട് സരിനെ പരീക്ഷിക്കാൻ ഉറച്ച് സിപിഎം; മത്സരിക്കുന്നത് പാർട്ടി ചിഹ്നത്തിൽ അല്ല, പ്രഖ്യാപനം വൈകിട്ട്

പാലക്കാട്: കോൺഗ്രസിനോട് സലാം പറഞ്ഞ പി സരിൻ പാലക്കാട് നിമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയാവും. പാർട്ടി ചിഹ്നത്തിൽ അല്ലാതെ ഇടതുസ്വതന്ത്രനായിട്ടായിരിക്കും മത്സരിക്കുക എന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ ചേർന്ന സിപിഎം പാലക്കാട് ജില്ലാ ജില്ലാ സെക്രട്ടേറിയറ്റ് ഒറ്റക്കെട്ടായി പി സരിന്റെ സ്ഥാനാർത്ഥിത്വത്തിന് അംഗീകാരം നൽകുകയായിരുന്നു. ഇന്നുതന്നെ ജില്ലാ കമ്മിറ്റിയും അംഗീകാരം നൽകും. തുടർന്ന് വൈകുന്നേരത്തോടെ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് കരുതുന്നത്.

ഇന്നുവൈകിട്ടോടെ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാവുമെന്ന് എകെ ബാലൻ നേരത്തേ വ്യക്തമാക്കിയിരുന്നു.സെക്രട്ടേറിയറ്റ് യോഗത്തിൽ സരിന്റെ പേരല്ലാതെ മറ്റൊരു പേരും ഉയർന്നുവന്നില്ലെന്നാണ് റിപ്പോർട്ടുകൾ. യുഡിഎഫ് പക്ഷത്തെ വോട്ടുകൾ കൂടി സമാഹരിക്കാൻ കഴിയും എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. സരിൻ ഉയർത്തുന്ന ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന് സിപിഎം അണികൾക്കിടയിൽ കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നും പാർട്ടി വിലയിരുത്തുന്നുണ്ട്.

ഇന്നലെ വാർത്താസമ്മേളനത്തിൽ താൻ ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് പി. സരിൻ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനും, പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിനുമെതിരെ രൂക്ഷ വിമർശനം ഉയർത്തിയശേഷമാണ് സരിൻ പാർട്ടി മാറ്റം പ്രഖ്യാപിച്ചത്. രാഷ്ട്രീയമായി ബിജെപിയെ എതിർക്കുന്നത് ഇടതുപക്ഷമാണ്. താൻ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുകയാണ്. അതിന് സ്ഥാനാർത്ഥിത്വത്തിന്റെ നിറം നൽകേണ്ടതില്ല. തന്നെ സ്ഥാനാർത്ഥിയാക്കേണ്ട കാര്യത്തിൽ സിപിഎമ്മിനാണ് ബോധ്യം വരേണ്ടത്. അവിടെ മൂവർ സംഘമല്ല കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും സരിൻ പറഞ്ഞിരുന്നു. പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി സുരേഷ് ബാബു തന്നെ ഫോണിൽ ബന്ധപ്പെട്ട് പാലക്കാട് മത്സരിക്കാൻ താത്പര്യമുണ്ടോയെന്ന് ചോദിച്ചതായും സരിൻ വെളിപ്പെടുത്തിയിരുന്നു.സരിനെ ഫോണിൽ ബന്ധപ്പെട്ട കാര്യം സുരേഷ് ബാബുവും സ്ഥിരീകരിച്ചിരുന്നു.

അതേസമയം സരിനെ പാലക്കാട്ട് സ്ഥാനാർത്ഥിയാക്കുന്നതിൽ ഒരു വിഭാഗം സിപിഎം നേതാക്കൾക്കൾക്കിടയിലും പ്രവർത്തകർക്കിടയിലും അമർഷം ഉയരുന്നുണ്ട്. പാർട്ടി നേതാക്കളെ തള്ളി മറ്റു പാർട്ടികളിൽ നിന്നെത്തുന്നവരെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ പിവി അൻവറിന്റെ അനുഭവം ഉണ്ടാകുമെന്നാണ് ഇവരുടെ വാദം.

കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തായ സിപിഎമ്മിനെ സംബന്ധിച്ച് ഉപതിരഞ്ഞെടുപ്പ് അതിനിർണായകമാണ്. രാഷ്ട്രീയമായ മുന്നേറ്റം നടത്താനായില്ലെങ്കിൽ പാലക്കാട് കോട്ടയിൽ ഇനിയൊരു തിരിച്ചുവരവ് അടുത്തകാലത്തൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് നേതൃത്വത്തിനും ബോധ്യമുണ്ട്. അതിനിടെയാണ് കോൺഗ്രസ് വിട്ടുവന്ന സരിനെ സ്ഥാനാർത്ഥിക്കായാനുള്ള നീക്കം. അൻവറിന്റെ അനുഭവം മുന്നിലുള്ളപ്പോൾ നേതൃത്വം ഇക്കാര്യത്തിൽ ജാഗ്രത കാട്ടണമെന്നാണ് പ്രവർത്തകർ പറയുന്നത്. ഡിവൈഎഫ്ഐ നേതാവ് വിവസീഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, ജില്ലാ പഞ്ചായത്തംഗം സഫ്ദർ ഷെറീഫ് എന്നിരെയാണ് സ്ഥാനാർത്ഥിയാക്കാൻ പരിഗണിച്ചിരുന്നത്. വിജയസാദ്ധ്യത കണക്കിലെടുത്ത് ജില്ലാ കമ്മിറ്റിയും സെക്രട്ടേറിയറ്റും ചേർന്ന് കെ.ബിനുമോളെ പരിഗണിക്കണമെന്ന് ഏറ്റവുമൊടുവിൽ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. അതിനിടെയായിരുന്നു സരിന്റെ രംഗപ്രവേശം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ ഡിസിസി പ്രസിഡന്റ് എവി ഗോപിനാഥിനായി കാത്തിരുന്ന സിപിഎം ഒടുവിൽ സിപി പ്രമോദിനെ രംഗത്തിറക്കിയെങ്കിലും മൂന്നാംസ്ഥാനത്തായി. ഉപതിരഞ്ഞെടുപ്പിലും ആ ഗതിവരാതിരിക്കാൻ നേതൃത്വം ജാഗ്രത കാട്ടണമെന്നാണ് പ്രവർത്തകർ ആവശ്യപ്പെടുന്നത്.


Source link
Exit mobile version