നവീൻ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കളക്‌ടർ, കത്ത് കൊടുത്ത് വിട്ടത് സബ് കളക്‌ടറുടെ കൈയിൽ

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ ജില്ലാകളക്‌ടർ അരുൺ കെ. വിജയൻ. സബ് കളക്‌ടർ നേരിട്ടെത്തിയാണ് മാപ്പെഴുതിയ കത്ത് കൈമാറിയത്. ഇന്ന് രാവിലെ മുദ്ര വച്ച കവറിലാണ് സബ്‌ കളക്‌ടറുടെ കൈയിൽ അരുൺ കെ. വിജയൻ കത്ത് കൊടുത്തു വിട്ടത്. നവീൻ ബാബുവിന്റെ സംസ്‌കാരച്ചടങ്ങളിൽ അരുൺ വിജയൻ പങ്കെടുത്തിരുന്നില്ല. സംഭവിച്ച കാര്യങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നതാണ് കത്തിന്റെ ഉള്ളടക്കം എന്നാണ് ലഭിക്കുന്ന വിവരം.

പി.പി ദിവ്യയുടെ അവഹേളനത്തിന് ശേഷം തന്റെ ചേംബറിലേക്ക് നവീൻ ബാബുവിനെ അരുൺ വിജയൻ വിളിച്ച് സംസാരിച്ചിരുന്നതായി കത്തിൽ പരമാർശമുണ്ട്. നവീനെ അധിക്ഷേപിച്ച് ദിവ്യ സംസാരിച്ചപ്പോൾ കളക്‌ടർ തലകുനിച്ച് ഇരിക്കുകയായിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലടക്കം കണ്ണൂർ കളക്‌ടറുടെ സമീപനത്തിൽ വലിയ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് മാപ്പപേക്ഷ.

അതേസമയം, നവീൻ ബാബുവിന്റെ മരണത്തിൽ കളക്‌ടർ അരുൺ കെ വിജയനെതിരെ ബിജെപി രംഗത്തെത്തി. സംഭവത്തിൽ കളക്‌ടറാണ് ഒന്നാം പ്രതിയെന്നും രണ്ടാം പ്രതി മാത്രമാണ് ദിവ്യയെന്നും ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് ആരോപിച്ചു. ദിവ്യയ‌്ക്ക് അരുണിന്റെ എല്ലാ സഹായവും ലഭിച്ചിട്ടുണ്ട്. ദിവ്യ നടത്തിയ വാർത്താസമ്മേളനത്തിലെ കളക്‌ടറുടെ ശരീരഭാഷയിൽ നിന്ന് തന്നെ അത് വ്യക്തമാണെന്നും ഹരിദാസ് പറഞ്ഞു. കളക്‌ടറെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ബിജെപി ആവശ്യപ്പെട്ടു.


Source link
Exit mobile version