തുടക്കത്തിൽ 2000, നിലവിലുള്ളത് 1500ൽ താഴെ! നേരിടുന്ന യഥാർത്ഥ പ്രശ്നമിതാണ്

കോഴിക്കോട്: ഇന്ധനം കിട്ടാക്കനിയായതോടെ പ്രിയം കുറഞ്ഞ് എൽ.പി.ജി ഓട്ടോകൾ. പ്രകൃതി സൗഹൃദമെന്ന് കെട്ടിഘോഷിച്ചാണ് എൽ .പി .ജി ഓട്ടോകൾ നിരത്തിലിറങ്ങിയത്. സിവിൽ സപ്ലൈസ് പമ്പുകളിലും എൽ .പി .ജി സ്‌റ്റേഷൻ ആരംഭിക്കുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തതോടെ പല ഓട്ടോകളും എൽ.പി.ജിയിലേക്ക് കൂടുമാറ്റി. എന്നാൽ വർഷം പലത് കഴിഞ്ഞിട്ടും വാഗ്ദാനം കടലാസിൽ ഒതുങ്ങിയതോടെ പെരുവഴിയിലായിരിക്കുകയാണ് എൽ.പി.ജി ഓട്ടോക്കാർ. ജില്ലയിൽ രണ്ടിടത്തുമാത്രമാണ് ഇപ്പോൾ ഇന്ധനം നിറയ്ക്കാൻ സൗകര്യം. കുണ്ടായിത്തോടും പയ്യോളിയിലും. പലപ്പോഴും കിലോമീറ്ററുകൾ താണ്ടിയെത്തുമ്പോഴേക്കും ഇന്ധനം തീർന്നിരിക്കും. പരാതി പറഞ്ഞു മടുത്ത ഓട്ടോക്കാർ പലരും ഓട്ടോപ്പണി ഉപേക്ഷിച്ച് മറ്റ് ജോലികൾ തേടി പോവുകയാണ്.
തുടക്കത്തിൽ 2000, റോഡിലുള്ളത് 1500ൽ താഴെ!
തുടക്കത്തിൽ രണ്ടായിരത്തിലധികം എൽ.പി.ജി ഓട്ടോകൾ സർവീസ് നടത്തിയിരുന്നു. ഇപ്പോഴത് 1500ൽ താഴെയെത്തി. ഇന്ധന ലഭ്യതക്കുറവ് തന്നെയാണ് പ്രധാന പ്രശ്നം. ആകെയുള്ള ബങ്കിൽ രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ഇന്ധനമെത്തും. അറിഞ്ഞെത്തുമ്പോഴേക്കും തീർന്നിരിക്കും. ഇതോടെ ഇന്ധനം തേടി 50 കിലോമീറ്ററിലധികം ഓടി അയൽ ജില്ലകളിലെത്തണം.
സരോവാരം, പുതിയങ്ങാടി, കുണ്ടായിത്തോട്, മുക്കം, പയ്യോളി എന്നിങ്ങനെ അഞ്ച് എൽ.പി.ജി സ്‌റ്റേഷനുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ധന വരവ് കുറഞ്ഞതോടെ പുതിയങ്ങാടി സ്‌റ്റേഷൻ അടച്ചിട്ട് മൂന്ന് വർഷമായി. അറ്റകുറ്റപണിയുടെ പേരിൽ സരോവരം സ്റ്റേഷൻ നിർത്തലാക്കിയിട്ട് രണ്ട് വർഷം കഴിഞ്ഞു. ഇന്ധനമില്ലാത്തതിനാൽ മുക്കം, പയ്യോളി എന്നിവിടങ്ങളിലും സമാന അവസ്ഥയാണ്. കടം വാങ്ങിയും ലോണെടുത്തുമൊക്കെ ഓട്ടോ വാങ്ങിയവരാണ് പ്രതിസന്ധിയിലായത്. പലരും ഓട്ടോ ഉപേക്ഷിച്ചു. ചിലർ ഓട്ടോറിക്ഷ റോഡിലേക്കിറക്കാറില്ല. ഓടുന്നവരാണെങ്കിൽ ഇന്ധനം തീരുന്നതോടെ പാതി വഴിയിൽ വണ്ടി നിർത്തിയിടുകയുമാണ്.
വലിയ സിലിണ്ടറുള്ള ഓട്ടോറിക്ഷകളിൽ മൂന്നുദിവസത്തിൽ ഒരു തവണയും മറ്റുള്ളവയിൽ രണ്ടുദിവസത്തിൽ ഒരു തവണയുമാണ് ഇന്ധനം നിറയ്ക്കുക. പഴയ ഓട്ടോകളിൽ 13 ലിറ്ററും പുതിയവയിൽ 17 ലിറ്ററുമാണ് സിലിണ്ടറിന്റെ സംഭരണശേഷി.
ഒരു തവണ ഇന്ധനം നിറയ്ക്കാൻ തൊഴിലാളികൾക്ക് 150-200 രൂപ ചെലവാകും. വാഹനത്തിന്റെ വായ്പാ അടവിനൊപ്പം ഇന്ധനം നിറയ്ക്കാനുള്ള അധിക ചെലവും കണ്ടെത്തേണ്ടി വരുമ്പോൾ തൊഴിലാളികൾക്ക് പ്രതിസന്ധി ഏറുകയാണ്.
സി.എൻ.ജിയും പ്രതിസന്ധിയിൽ
ബങ്കുകൾ എണ്ണത്തിൽ കുറവായതും ആവശ്യത്തിന് ഇന്ധനം ലഭിക്കാത്തതും സി.എൻ ജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) ഓട്ടോറിക്ഷകളെയും പെരുവഴിയിലാക്കി. നഗരത്തിൽ മൂന്ന് സി.എൻ.ജി ബങ്കുകളാണുള്ളത്. കോറണേഷന് മുന്നിലും സരോവരത്തും നടക്കാവ് കൊട്ടാരം റോഡിലും. എന്നാൽ പലപ്പോഴും ഇവിടെ ഇന്ധനം കിട്ടാത്ത സ്ഥിതിയാണ്. സി.എൻ. ജി ഓട്ടോകളിൽ മിക്കതിനും എൻജിൻ തകരാറാണ്. മഴ പെയ്ത് വെള്ളം തെറിച്ചുകഴിഞ്ഞാൽ സെൻസറും പ്രവർത്തിക്കാത്ത സ്ഥിതിയാണ്.
”അടച്ചിട്ട എൽ.പി.ജി സ്റ്റേഷനുകൾ എത്രയും പെട്ടെന്ന് തുറക്കണം. പുതിയവ ആരംഭിക്കണം”- സജീവ് കുമാർ, എൽ.പി.ജി ഓട്ടോതൊഴിലാളി
Source link