KERALAMLATEST NEWS

പ്രേംനസീറിന്റെ ആദ്യനായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

പാറശാല: നിത്യഹരിത നായകൻ പ്രേംനസീറിന്റെ ആദ്യനായിക നെയ്യാറ്റിൻകര കോമളം (കോമള മേനോൻ- 96) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പാറശാല സരസ്വതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് 12.32നായിരുന്നു അന്ത്യം.

മൃതദേഹം ഇന്നു രാവിലെ 9 മുതൽ 11 വരെ നെയ്യാറ്റിൻകര ടൗൺ ഹാളിൽ പൊതുദർശനത്തിനുവയ്ക്കും. സംസ്‌കാരം ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. നെയ്യാറ്റിൻകര മരുത്തൂർ കോവിച്ചൻവിള രവി മന്ദിരത്തിൽ പങ്കജാക്ഷ മേനോന്റെയും കുഞ്ഞിയമ്മയുടെയും ഏഴു മക്കളിൽ അഞ്ചാമത്തെയാളാണ് കോമളം. 1950ൽ ഇറങ്ങിയ ‘വനമാല”യായിരുന്നു ആദ്യ സിനിമ. ‘ആത്മശാന്തി”എന്ന ചിത്രത്തിലുടെ ശ്രദ്ധേയയായി. ‘മരുമകൾ” എന്ന മൂന്നാമത്തെ ചിത്രത്തിലൂടെയാണ് പ്രേംനസീറിന്റെ ആദ്യ നായികയായത്. തുടർന്ന് ‘സന്ദേഹം”, ‘ന്യൂസ് പേപ്പർ ബോയ്” എന്നീ സിനികൾക്കുശേഷം കുടുംബത്തിൽ നിന്നുള്ള എതിർപ്പ് കാരണം 21ാം വയസിൽ നാലുവർഷം മാത്രം നീണ്ട അഭിനയജീവിതം അവസാനിപ്പിച്ചു. പിൽക്കാലത്ത് ‘ആരാധന”, ‘ആ പെൺകുട്ടി നീ ആയിരുന്നെങ്കിൽ” എന്നിവയിൽ മുഖം കാണിച്ചു.

ഭർത്താവ് എം. ചന്ദ്രശേഖരമേനോൻ 40വർഷം മുമ്പ് നിര്യാതനായി. മക്കളില്ല.സഹോദരൻ രവീന്ദ്രനാഥിന്റെ കുടുംബത്തോടൊപ്പം നെയ്യാറ്റിൻകര വഴുതൂരിലായിരുന്നു താമസം. നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജ്‌മോഹന്റെ നേതൃത്വത്തിൽ ഉച്ചയ്ക്ക് 2.30ന് ഏറ്റുവാങ്ങിയ മൃതദേഹം വിലാപയാത്രയായാണ് വഴുതൂരിലെ വീട്ടിൽ എത്തിച്ചത്. താരസംഘടനയായ അമ്മയിൽ അംഗമാണ്.


Source link

Related Articles

Back to top button