കാണുന്നത്‌ സിപിഎമ്മിന്റെ രാഷ്ട്രീയ വിജയത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ; സഖാവ് സരിൻ എന്ന വിളി കേൾക്കുമ്പോൾ സന്തോഷം

പാലക്കാട്: മൂന്നാം പിണറായി സർക്കാരിന് സാദ്ധ്യതയുണ്ടെന്ന് ഡോ. പി സരിൻ. രാഷ്ട്രീയ കാഴ്ചപ്പാടിലാണ് മുമ്പ് സി പി എമ്മിനെ വിമർശിച്ചതെന്നും താൻ പാർട്ടി മാറിയത് ശരിയായ തീരുമാനമാണെന്ന് ജനങ്ങൾ മനസിലാക്കുമെന്നും അദ്ദേഹം ഒരു ചാനലിനോട് പറഞ്ഞു.
‘ആർക്ക് ആരോടാണ് ഡീലെന്ന് ജനങ്ങൾ തീരുമാനിക്കും. എന്റെ പ്രതികരണം ചില ഇരിപ്പിടങ്ങളെ ഇളക്കിയിട്ടുണ്ട്. എന്റെ രാഷ്ട്രീയ ദൗത്യം അന്തസോടെ നിർവഹിക്കാൻ കിട്ടുന്ന ഒരവസരമായിട്ടാണ് ഇതിനെ കാണുന്നത്. ഇടതുപക്ഷത്തോട് ചേർന്ന് നിന്ന് എങ്ങനെയാണ് മൂന്നാം എൽ ഡി എഫ് സർക്കാർ അവതരിപ്പിക്കേണ്ടതെന്ന വലിയ രാഷ്ട്രീയ ദൗത്യത്തിന്റെ ഭാഗമാകാനാണ് ഞാൻ പോകുന്നത്. അതൊരു ചലഞ്ചിംഗ് റോളായിട്ടാണ് കാണുന്നത്. കോൺഗ്രസ് എന്ത് പറഞ്ഞ് വോട്ട് ചോദിക്കും. സി പി എം മോശമാണെന്ന് മാത്രമല്ലേ അവർക്ക് പറയാനുള്ളൂ. ഈ പറച്ചിലിന് എന്താണ് മാനദണ്ഡമായി നൽകാനുള്ളത്.’- സരിൻ ചോദിച്ചു.

സഖാവ് എന്ന വിളി കേട്ടുതുടങ്ങിയെന്നും അതിൽ സന്തോഷമുണ്ടെന്നും സരിൻ പറയുന്നു. സി പി എമ്മിന്റെ രാഷ്ട്രീയ വിജയത്തെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് കാണുന്നതെന്നും സരിൻ വ്യക്തമാക്കി. ഭാര്യ സൗമ്യയ്‌ക്കെതിരായ സൈബർ ആക്രമണം ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കോൺഗ്രസ് വിട്ടത് തുടർച്ചയായ അവഗണനയിൽ മനംമടുത്താണെന്ന് ചേലക്കര മണ്ഡലത്തിലെ ഡെമോക്രോറ്റിക് മൂവ്‌മെന്റ് ഒഫ് കേരള (ഡിഎംകെ) സ്ഥാനാർത്ഥി എൻ പി സുധീർ പ്രതികരിച്ചു. പരിഗണിക്കേണ്ട സമയത്തൊന്നും തന്നെ പരിഗണിച്ചില്ലെന്നും ഇനിയും അവഗണന സഹിക്കാൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.


Source link
Exit mobile version