HEALTH

സമോസ, ഉപ്പേരി, ഫ്രൈഡ് ചിക്കൻ: ഇവയെല്ലാം പ്രമേഹസാധ്യത കൂട്ടുമെന്ന് പഠനം, മറ്റു ഭക്ഷണങ്ങൾ ഏതെല്ലാം?

ലോകത്തിന്റെ പ്രമേഹ തലസ്ഥാനം എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. 101 ദശലക്ഷം പേരാണ് ഇന്ത്യയിൽ ഈ ജീവിതശൈലീരോഗം ഉള്ളവർ.പ്രമേഹസാധ്യത കുറയ്ക്കാൻ ലോ ഏജ് ഡയറ്റിന് (AGE – അഡ്‌വാൻസ്ഡ് ഗ്ലൈക്കേഷൻ എൻഡ് പ്രോഡക്റ്റ്സ്) കഴിയും എന്ന് ഒരു പഠനത്തിൽ തെളിഞ്ഞു. ഇന്ത്യന്‍ മെഡിക്കൽ കൗൺസിൽ ഓഫ് റിസർച്ചും ചെന്നൈയിലെ മദ്രാസ് ഡയബറ്റിസ് റിസർച്ച് ഫൗണ്ടേഷനും ചേർന്ന് അമിതഭാരവും പൊണ്ണത്തടിയുമുള്ള 38 പേരിലാണ് പഠനം നടത്തിയത്. ഇവർ 25 നും 45 നും ഇടയിൽ പ്രായമുള്ളവരും ബോഡിമാസ് ഇൻഡക്സ് ഇരുപത്തിമൂന്നോ അതിലധികമോ ഉള്ളവരും ആയിരുന്നു. 

12 ആഴ്ചക്കാലം രണ്ടു ഭക്ഷണരീതികളെയും താരതമ്യം ചെയ്തു. ചില ഭക്ഷണങ്ങൾ വളരെ ഉയർന്ന താപനിലയിൽ വേവിക്കുമ്പോൾ ഉണ്ടാകുന്ന അപകടകാരികളായ സംയുക്തങ്ങളാണ് ഏജ് (AGE). പ്രത്യേകിച്ചും വറുത്തതും സംസ്കരിച്ചതുമായ (Processed) ഭക്ഷണങ്ങളിലാണ് ഇതുണ്ടാകുന്നത്. ഈ സംയുക്തങ്ങൾ നീർക്കെട്ടിനും ഇൻസുലിൻ പ്രതിരോധത്തിനും കാരണമാകും. മാത്രമല്ല മറ്റ് ആരോഗ്യപ്രശ്നങ്ങളും ഇതുമൂലമുണ്ടാകും. പഠനത്തിൽ പങ്കെടുത്തവർ 12 ആഴ്ചക്കാലം രണ്ടു ഭക്ഷണരീതികളും പിന്തുടർന്നു. ഓരോരുത്തരുടെയും ഫലങ്ങൾ താരതമ്യം ചെയ്തു. 

Representative image. Photo Credit:Josep Suria/Shutterstock.com

ലോ ഏജ് ഡയറ്റ് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തിയതായി കണ്ടു. ഓറൽ ഡിസ്പൊസിഷൻ ഇൻഡക്സ് എന്ന പരിശോധനയിലൂടെയാണ് ഇത് അളന്നത്. ശരീരം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇൻസുലിനെ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് ഇൻസുലിൻ സെൻസിറ്റിവിറ്റി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്‍സുലിൻ സെൻസിറ്റിവിറ്റി ടൈപ്പ് 2 പ്രമേഹസാധ്യത കൂട്ടുന്ന ഒരു ഘടകമാണ്. 

ലോഏജ് ഡയറ്റ് പിന്തുടരുന്നവരിൽ ഭക്ഷണം കഴിച്ച് അരമണിക്കൂറിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതായി കണ്ടു. ഏജിന്റെ (AGE) അളവും കുറഞ്ഞതായും കണ്ടു. ഹൈ ഏജ് ഡയറ്റിന് ആകട്ടെ, ഈ ആരോഗ്യഗുണങ്ങളൊന്നും കണ്ടില്ല. ഇൻഫ്ലമേഷൻ കൂടുന്നതായും ഹൃദ്രോഗത്തിനും പ്രമേഹത്തിനുമുള്ള സാധ്യത ഇത് കൂട്ടുന്നതായും കണ്ടു. ഇന്റർനാഷണൽ ജേണൽ ഓഫ് ഫുഡ് സയൻസസ് ആൻഡ് ന്യൂട്രീഷനിൽ ഈ പഠനം പ്രസിദ്ധീകരിച്ചു. 

പ്രമേഹസാധ്യത കൂട്ടുന്ന, ഏജ് (AGE) കൂടിയ ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം. ∙വറുത്ത ഭക്ഷണങ്ങൾ : ഉപ്പേരി, ഫ്രൈഡ് ചിക്കൻ, സമോസ, പക്കോട∙ബേക്ക് ചെയ്ത ഭക്ഷണങ്ങൾ : കുക്കീസ്, കേക്ക്, ക്രാക്കേഴ്സ്∙പ്രോസസ് ചെയ്ത ഭക്ഷണം : റെഡിമെയ്ഡ് ഭക്ഷണങ്ങൾ, മാർഗരിൻ, മയൊണൈസ്∙ഉയർന്ന താപനിലയില്‍ വേവിച്ച മൃഗാധിഷ്ഠിത ഭക്ഷണങ്ങൾ, ഗ്രിൽ ചെയ്ത ഇറച്ചികളായ ബേക്കൺ, ബീഫ്, പൗൾട്രി.∙വറുത്ത അണ്ടിപ്പരിപ്പുകൾ : ഉണക്ക അണ്ടിപ്പരിപ്പ്, വറുത്ത വാൾനട്ട്, സൂര്യകാന്തി വിത്ത്.

Image Credits: MilaMas/Shutterstockphoto.com

ഇന്ത്യൻ ഭക്ഷണരീതിയിൽ ഇവയെല്ലാം വളരെ സാധാരണയാണ്. വറുക്കുക, പൊരിക്കുക, ഗ്രിൽ ചെയ്യുക, ബേക്ക് ചെയ്യുക തുടങ്ങിയ ഭക്ഷണരീതികൾ ഏജ് ലെവൽ കൂട്ടും. ഇവ കഴിക്കുന്നത് പ്രമേഹ സാധ്യത വർധിപ്പിക്കും. പ്രമേഹസാധ്യത കുറയ്ക്കാൻ ലോ ഏജ് ഡയറ്റ് ആണ് മികച്ചത്. പ്രോസസ് ചെയ്തതും വറുത്തതുമായ ഭക്ഷണം കുറച്ച് പകരം ഫ്രഷ് ആയ ഭക്ഷണം കഴിക്കുന്നത് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുകയും പൊണ്ണത്തടിയും അമിതവണ്ണവും ഉള്ളവരുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

English Summary:
Fried Food & Diabetes: New Study Reveals Shocking Connection


Source link

Related Articles

Back to top button