ബാറിലെ കൊലപാതകം: ആറു പേർ അറസ്റ്റിൽ
അങ്കമാലി: ബാറിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ആറ് പേർ അറസ്റ്റിലായി. കിടങ്ങൂർ കിഴങ്ങൻ പള്ളി ബിജേഷ് (ബിജു, 37), കിടങ്ങൂർ മണാട്ട് വളപ്പിൽ വിഷ്ണു (33), കിടങ്ങൂർ തേറാട്ട് സന്ദീപ് (41), പവിഴപ്പൊങ്ങ് പാലമറ്റം ഷിജോ ജോസ് (38), പവിഴപ്പൊങ്ങ് കിങ്ങിണിമറ്റം സുരേഷ് (തമ്പുരാട്ടി സുരേഷ്, 43), മറ്റൂർ പൊതിയക്കര വല്ലൂരാൻ ആഷിഖ് പൗലോസ് (25) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
കിടങ്ങൂർ വലിയോല പറമ്പിൽ ആഷിക്ക് മനോഹര (32) നാണ് ചൊവ്വാഴ്ച രാത്രി കൊല്ലപ്പെട്ടത്. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ആഷിക്ക് മനോഹരനെ സുഹൃത്ത് ആഷിഖ് പൗലോസ് ബാറിലെത്തിക്കുകയായിരുന്നു. പ്രതികളിൽ ചിലരെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് ആഷിക്ക് മനോഹരനെതിരെ കേസുകളുണ്ട്. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഒളിവിലായിരുന്ന പ്രതികളെ അങ്കമാലിയിലെ വിവിധ ഇടങ്ങളിൽ നിന്ന് പിടികൂടുകയായിരുന്നു.
അറസ്റ്റിലായ ഷിജോ ജോസ്, സന്ദീപ് എന്നിവരൊഴികെയുള്ളവർ നിരവധി കേസുകളിൽ ഉൾപ്പെട്ടവരാണ്.
ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ ആർ.വി. അരുൺകുമാർ, എസ്.ഐ കെ. പ്രദീപ് കുമാർ, സി.പി.ഒമാരായ അജിത തിലകൻ, മുഹമ്മദ് ഷരീഫ്, കെ.എം. മനോജ്, എൻ.എസ്. അഭിലാഷ്, മുഹമ്മദ് അമീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Source link