സിൽവർ ലൈൻ അപേക്ഷ പുതുക്കിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് സിൽവർലൈനിനായി കേന്ദ്രത്തിൽ കടുത്ത സമ്മർദ്ദം ചെലുത്തുന്ന സർക്കാർ, പദ്ധതിരേഖ പുതുക്കി സമർപ്പിക്കാൻ സാദ്ധ്യത. ഭാവിവികസനത്തിന് തടസമാവുമെന്നും നിലവിലെ ലൈനുകളെയും സർവീസിനെയും ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി പദ്ധതിയെ ദക്ഷിണറെയിൽവേ എതിർക്കുകയാണ്.
സിൽവർലൈനിന്റെ കോഴിക്കോട്, കണ്ണൂർ, തൃശൂർ നിർദ്ദിഷ്ട സ്റ്റേഷനുകൾ പൂർണമായി റെയിൽവേ ഭൂമിയിലാണ്. നിലവിലെ ലൈനുകളുമായി നിർബന്ധമായി പാലിക്കേണ്ട 8 മീറ്റർ അകലം സിൽവർലൈനിനില്ല. അതിനാൽ ട്രാക്ക് അറ്റകുറ്റപ്പണി അസാദ്ധ്യമാണെന്നും റെയിൽവേ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം, അങ്കമാലി, ആലുവ എന്നിവിടങ്ങളിലാണ് നിലവിലെ ട്രാക്കുകളുടെ തൊട്ടടുത്തു കൂടി സിൽവർലൈനിന്റെ നിർദ്ദിഷ്ട പാത. 17ഇടത്ത് റെയിൽവേയുടെ സുരക്ഷാസോണുകളിലൂടെയാണ് പാത. തൃശൂർ സ്റ്റേഷനിൽ സിൽവർലൈൻ സ്റ്റേഷന് ഭൂമി നൽകിയാൽ സ്റ്റേഷൻ രണ്ടായി വിഭജിക്കപ്പെടും. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകൾ പദ്ധതിക്ക് റെയിൽവേ ഭൂമി വിട്ടുനൽകാനാവില്ലെന്ന നിലപാടിലാണ്. ഈ സാഹചര്യത്തിലാണ് പദ്ധതിരേഖ പുതുക്കാൻ ആലോചന. ഭൂമിയേറ്റെടുക്കലിന് 11ജില്ലകളിലും നിയോഗിച്ചിരുന്ന 205ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചും ഓഫീസുകൾ പൂട്ടിയും പദ്ധതി സർക്കാർ താത്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.
Source link