പാലക്കാട്: കോൺഗ്രസിന്റെ അധഃപതനത്തിന് ഉത്തരവാദി പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്ന് പാർട്ടിയിൽ നിന്ന് ഇന്നലെ പുറത്താക്കപ്പെട്ട മുൻ ഡിജിറ്റൽ മീഡിയ കൺവീനർ പി.സരിൻ
വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
താനാണ് പാർട്ടിയെന്ന നിലയിലേക്ക് കോൺഗ്രസിനെ മാറ്റാൻ ശ്രമിക്കുന്ന സതീശനാണ് സംഘടനാ സംവിധാനം ദുർബലപ്പെടുത്തിയത്. ഇങ്ങനെ പോയാൽ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പച്ച തൊടില്ല. ഉടമ -അടിമ ബന്ധത്തിലേക്കും കീഴാള സംസ്‌കാരത്തിലേക്കും പാർട്ടിയെ കൊണ്ടു വന്നത് സതീശനാണ്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സതീശൻ എങ്ങനെ പ്രതിപക്ഷ നേതാവായെന്നത് പരിശോധിക്കണം. ഏകീകൃത സിവിൽകോഡ് വിഷയത്തിൽ ഭരണ – പ്രതിപക്ഷ ഐക്യം തകർത്തത് സതീശനാണ്. സി.പി.എമ്മാണ് ബി.ജെ.പിയേക്കാൾ വലിയ ശത്രുവെന്ന ബോധം അദ്ദേഹം പാർട്ടിയിൽ അടിച്ചേൽപ്പിച്ചു. സി.പി.എം വിരുദ്ധതയുടെ മേലങ്കിയണിഞ്ഞ് മൃദു ബി.ജെ.പി സമീപനത്തിലേക്ക് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തെ ഗതി തിരിച്ചുവിട്ടു. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വടകരയിലെ സി.പി.എം സ്ഥാനാർത്ഥിയെയാണ് തോൽപ്പിക്കേണ്ടതെന്ന് കോൺഗ്രസ് തീരുമാനിച്ചതിന്റെ അടിസ്ഥാനം പരിശോധിക്കണം. ബി.ജെ.പി പിടിച്ചെടുക്കാവുന്ന പാലക്കാട് നിയമസഭ മണ്ഡലത്തിലെ കോൺഗ്രസ് എം.എൽ.എയെ വടകരയിൽ മത്സരിപ്പിച്ചത് അതിന്റെ ഗുണഭോക്താവ് ബി.ജെ.പിയാണെന്ന് അറിഞ്ഞു കൊണ്ടാണ് രാഹുൽ വളർന്നു വരുന്ന കുട്ടി സതീശനാണ്. രാഹുലിന്റെ സ്ഥാനാർത്ഥിത്വം അടുത്ത പാലക്കാട് നഗരസഭാ ഭരണം ബി.ജെ.പിക്ക് നൽകാനുള്ള ഡീലിന്റെ ഭാഗമാണ്. ലീഡറെ രാഹുൽ മാങ്കൂട്ടത്തിൽ അപമാനിച്ചു. അതിനുള്ള മറുപടി 13നു ജനം നൽകും. രാഹുലിന് മംഗളം നേരാൻ ഉമ്മൻചാണ്ടിയുടെ മനസ് അനുവദിക്കില്ല.
സി.പി.എം ആവശ്യപ്പെട്ടാൽ പാലക്കാട് ഇടത് സ്ഥാനാർത്ഥിയായി താൻ മത്സരിക്കുമെന്നും. ഇടതുപക്ഷത്തോടൊപ്പം ചേർന്ന് നിൽക്കണമെന്നാണ് തീരുമാനമെന്നും സരിൻ വ്യക്തമാക്കി.
Source link