നിയന്ത്രണം ഒഴിവാക്കി ബദൽ സംവിധാനങ്ങൾ നോക്കണം

ദർശനത്തിനെത്തുന്ന ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തി നിരാശരാക്കുന്നതിനേക്കാൾ,പുതിയ ബദൽ സംവിധാനങ്ങൾ ആലോചിക്കുകയാണ് വേണ്ടത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നതിന് തുല്യമോ,അതിലും കൂടുതലോ ആയ ഭക്തർ തമിഴ്നാട്,ആന്ധ്ര,കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് ശബരിമലയിലെത്തുന്നുണ്ട്. സംസ്ഥാനത്തെ ഭക്തർ ശബരിമലയിൽ പോകുന്നതിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് അവരുടെ വരവ്.

ഉദ്യോഗസ്ഥരാണെങ്കിൽ കൂട്ടമായെത്തും. ബിസിനസുകാരാണെങ്കിൽ അവരുടെ വരുമാനത്തിന്റെ നിശ്ചിത പങ്ക് ഓരോ ദിവസവും നീക്കിവച്ചാണ് ദർശനത്തത്തിന് എത്താറുള്ളത്. അതുകൊണ്ട് തന്നെ പാതി വഴിയിൽ ദർശനം മുടക്കി മടങ്ങി പോകേണ്ടി വന്നാൽ അത് വലിയ സങ്കടമാണ്. ഇതിൽ നല്ലൊരു പങ്ക് ഭക്തരും രാമേശ്വരം,തിരുപ്പതി അടക്കമുള്ള പുണ്യ കേന്ദ്രങ്ങളും സന്ദർശിക്കുന്നവരാണ്. അവിടങ്ങളിൽ വർഷത്തിന്റെ എല്ലാ ദിവസങ്ങളിലും ദർശന സൗകര്യമുണ്ട്. ഇതിൽ നിന്ന് വിഭിന്നമാണ് ശബരിമല. മണ്ഡലകാലത്തും മലയാളമാസങ്ങളുടെ തുടക്കത്തിൽ ഏതാനും ദിവസങ്ങളിലുമാണ് ഇവിടെ ദർശനസൗകര്യമുള്ളത്. ഇത്രദൂരം യാത്ര ചെയ്തു വരുന്നവരിൽ പലരും ഓൺലൈൻ ബുക്കിംഗിനെക്കുറിച്ചോ സ്പോട്ട് ബുക്കിംഗിനെക്കുറിച്ചോ വേണ്ടത്ര അവബോധമുള്ളവരായിരിക്കണമെന്നില്ല. പലരും ഇവിടെയെത്തുമ്പോഴാവും ഇതേക്കുറിച്ച് അറിയുക. മറ്റു സംസ്ഥാനങ്ങളിലെ ഭക്തർ വഴിമദ്ധ്യേ വിവിധ ആരാധനാലയങ്ങളിലും ദർശനം നടത്തിവരുന്നവരാണ്. ഇങ്ങനെയുള്ള തീർത്ഥാടകർക്കായി ചെയ്യാവുന്ന ഒരു സൗകര്യമുണ്ട്. പ്രധാന ദർശന കേന്ദ്രങ്ങളായ വൈക്കം,ഏറ്റുമാനൂർ,ചെങ്ങന്നൂർ തുടങ്ങിയ ഇടങ്ങളിൽ ക്യാമ്പ് ചെയ്യാനുള്ള കൂടുതൽ സൗകര്യം നൽകണം. വാഹന പാർക്കിംഗിനും ഭക്ഷണത്തിനുമെല്ലാം ക്രമീകരണം വേണം. സന്നിധാനത്തെ തിരക്കിന് അനുസരണമായി ഇവർക്കും അവിടേക്ക് പോകാനുള്ള അനുമതി നൽകണം.

പമ്പാ പരിസരത്തു നിന്ന് സന്നിധാനത്തിലേക്ക് പരമ്പരാഗത പാതവിട്ട് എത്താൻ റോപ് വേ നിർമ്മിക്കാൻ നേരത്തെ ആലോചനയുണ്ടായിരുന്നു. നല്ലൊരു ശതമാനം ഭക്തരെ ഈ മാർഗത്തിലൂടെ കടത്തിവിടാനാവും. വളരെ ഉയരത്തിലൂടെ പോകുന്നതിനാൽ വനമേഖലയ്ക്കോ പരിസ്ഥിതിക്കോ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുമില്ല. ബംഗളൂരു ആസ്ഥാനമായുള്ള ഒരു കമ്പനി ഇതേക്കുറിച്ച് വിശദമായ പഠനം നടത്തി. പമ്പയിലെ ഹിൽടോപ്പിൽ നിന്ന് സന്നിധാനത്തിന് സമീപം മണിമണ്ഡപത്തിലേക്ക് നാല് കിലോമീറ്റർ ദുരത്തിൽ റോപ് വേ നിർമ്മിക്കാനായിരുന്നു പദ്ധതി. ഹിൽടോപ്പിൽ 69 സെന്റ് സ്ഥലവും കണ്ടെത്തി. റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയ്ക്ക് നൽകിയതുമാണ്. എന്നാൽ വനം വകുപ്പിന്റെ അനുമതി കിട്ടിയില്ല.

( ദേവസ്വം ബോർഡ് മുൻ അംഗമാണ് ലേഖകൻ)


Source link
Exit mobile version